ഒല സ്‌കൂട്ടറിനൊപ്പം ചാര്‍ജര്‍ വാങ്ങിയവര്‍ക്ക് 9,000-19,000 രൂപ തിരികെ നല്‍കുമെന്ന് കമ്പനി

ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം ചാര്‍ജര്‍ വാങ്ങാന്‍ 9,000 മുതല്‍ 19,000 രൂപ വരെ മുടക്കിയ ഉപയോക്താക്കള്‍ക്ക് ഒല ഇലക്ട്രിക് പണം തിരികെ നല്‍കുമെന്ന സൂചന നല്‍കിയതായി ഓട്ടോമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) പറഞ്ഞു. ഇത് 130 കോടി രൂപ വരും. ചാര്‍ജറിന്റെ വില തിരികെ നല്‍കിയാല്‍ മാത്രമേ ഒല ഇലക്ട്രിക്കിന് ബാക്കി സബ്സിഡി ലഭിക്കൂ എന്ന് ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം അറിയിച്ചതിനെ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം.

ആഡ്-ഓണ്‍ സേവനമായി നല്‍കി

നേരത്തെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയില്‍ ചാര്‍ജറിന്റെ വില ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ചാര്‍ജര്‍ ഒരു ആഡ്-ഓണ്‍ സേവനമായി അവതരിപ്പിച്ച് കമ്പനി വിറ്റഴിച്ചു. ഇതോടെ സ്മാര്‍ട്ട് ഫാസ്റ്റ് ചാര്‍ജറിന് 9,000 രൂപ മുതല്‍ 19,000 രൂപ വരെ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കി. ചാര്‍ജറിന്റെ വില ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ കമ്പനി ഏകദേശം 50 കോടി മുതല്‍ 100 കോടി രൂപ വരെ അധികമായി ചിലവഴിക്കേണ്ടി വരുമായിരുന്നു എന്ന് ചില കണക്കുകള്‍ സൂചിപ്പിക്കുന്നു.

നഷ്ടപരിഹാരം നല്‍കണം

മൊത്തം 10,000 കോടി രൂപ അടങ്കല്‍ ഉള്ള FAME-II (അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ) സ്‌കീം പ്രകാരം യൂണിറ്റിന് 1.50 ലക്ഷം രൂപയില്‍ താഴെ വിറ്റഴിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നുണ്ട്. എന്നാല്‍ കമ്പനിക്കെതിരായ ആരോപണങ്ങള്‍ അനുസരിച്ച് സബ്സിഡികള്‍ ലഭിക്കുന്നതിന് കമ്പനി ചാര്‍ജറുകള്‍ക്കും പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകള്‍ക്കുമെല്ലാം പ്രത്യേകം പണം വാങ്ങികൊണ്ട് അവര്‍ ഉപഭോക്താക്കളില്‍ നിന്ന് 1.5 ലക്ഷം രൂപയ്ക്ക് മുകളില്‍ പണം ഈടാക്കുകയായിരുന്നു. നിലവില്‍ ചാര്‍ജറുകള്‍ വെവ്വേറെ വാങ്ങിയ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാര്‍ ഒല ഇലക്ട്രിക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും ഇത്തരത്തില്‍ ചാര്‍ജറുകള്‍ വിറ്റഴിച്ചാല്‍ കമ്പനിക്ക് നല്‍കുന്ന സബ്സിഡി വെട്ടിക്കുറയ്ക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. ചാര്‍ജര്‍ ഒരു ഓപ്ഷണല്‍ ഉത്പ്പന്നമാണെന്ന് ഒല വാദിച്ചെങ്കിലും പണം തിരികെ നല്‍കാന്‍ കമ്പനി സമ്മതിച്ചു.

Related Articles
Next Story
Videos
Share it