വിപണി മാന്ദ്യത്തിന് പിന്നില്‍ ഓണ്‍ലൈന്‍ ടാക്‌സികളല്ല: മാരുതി സുസുകി ഇന്ത്യ

ഓണ്‍ലൈന്‍ ടാക്‌സികള്‍ സജീവമായതിന് ശേഷവും വാഹന വിപണിയില്‍ ഉയര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് മാരുതി സുസുകി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ. ഊബര്‍, ഒല ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസാണ് വാഹന വിപണിയിലെ മാന്ദ്യത്തിന് കാരണമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ വിപണി മാന്ദ്യത്തിന് ഓണ്‍ലൈന്‍ ടാക്‌സികള്‍ ശക്തമായ കാരണമായിട്ടുണ്ടെന്ന നിഗമനത്തിന് അടിസ്ഥാനമില്ലെന്ന് ശ്രീവാസ്തവ പറഞ്ഞു. വ്യാപാര മാന്ദ്യത്തെക്കുറിച്ച് മാരുതി സുസുകി ഇന്ത്യ പഠിച്ചുവരുകയാണ്. കൃത്യമായ കാരണം ഇപ്പോള്‍ പറയാനാകില്ല. കഴിഞ്ഞ 6-7 വര്‍ഷമായി ഓണ്‍ലൈന്‍ ടാക്‌സി സജീവമാണ്. എന്നാല്‍, കഴിഞ്ഞ കുറച്ച് മാസങ്ങളേ വാഹന വിപണിയില്‍ ഇടിവ് സംഭവിച്ചുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കയില്‍ ഓണ്‍ലൈന്‍ ടാക്‌സി വളരെ സജീവമാണ്. പക്ഷേ വാഹന വിപണിക്ക് തിരിച്ചടിയേറ്റിട്ടില്ല. ഇന്ത്യയില്‍ കാര്‍ വാങ്ങുന്നവരില്‍ 46 ശതമാനവും ആദ്യമായി ഉപയോഗിക്കുന്നവരാണ്. ഓഫീസില്‍ പോകാനായാണ് മിക്കവരും ഓണ്‍ലൈന്‍ ടാക്‌സികളെ ആശ്രയിക്കുന്നത്. വാരാന്ത്യങ്ങളിലും അവധിയിലും കുടുംബവുമൊത്ത് സ്വന്തം കാറിലാണ് മിക്കവരും യാത്ര ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. പണലഭ്യതയിലെ കുറവും വിലക്കയറ്റം, ഉയര്‍ന്ന നികുതി എന്നിവയുമായിരിക്കാം ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണം.