ഇനി വണ്ടിവില കുറക്കാതെ രക്ഷയില്ല, കമ്പനികളോട് കണ്ണുരുട്ടി മന്ത്രി; വാഹനലോകത്ത് വരുമോ വലിയ മാറ്റം ?

വാഹനങ്ങളുടെ വില കുറക്കാന്‍ കമ്പനികളോട് ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. വില്‍പ്പന കുറയാതിരിക്കാന്‍ വിലയുടെ കാര്യത്തില്‍ മത്സര ബുദ്ധിയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് വാഹന വിപണിയില്‍ ഡിമാന്‍ഡ് കുറയുന്നതായ ആശങ്കകള്‍ക്കിടെയാണ് മന്ത്രിയുടെ പ്രസ്താവന. വാഹന നിര്‍മാതാക്കള്‍ വലിയ ലാഭത്തിലാണ് മോഡലുകള്‍ വില്‍ക്കുന്നതെന്നും പ്രാദേശിക വാഹന വിപണിയെ പ്രോത്സാഹിപ്പിക്കാന്‍ വില കുറക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദേശീയ വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ വാഹന വിപണിയില്‍ കുറച്ചുകാലമായി യാത്രാ വാഹനങ്ങളുടെ വില്‍പ്പന താഴോട്ടാണ്. വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതാണ് തിരിച്ചടിയായത്. മിക്ക മോഡലുകള്‍ക്കും കമ്പനികള്‍ അമിത വിലയാണ് ഈടാക്കുന്നതെന്നും ഇത്ര പണം കൊടുത്ത് പുതിയ വാഹനം വാങ്ങേണ്ട ആവശ്യമില്ലെന്നുമാണ് ഭൂരിഭാഗം ഉപയോക്താക്കളും പറയുന്നത്. ഇത് ശരിവക്കുന്ന തരത്തിലാണ് മന്ത്രിയുടെയും പ്രസ്താവന. അടുത്തിടെ പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ)ക്ക് ഇറങ്ങിയ ഹ്യൂണ്ടായ് മോട്ടോര്‍സിന്റെ കാര്യവും മന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് 200 മില്യന്‍ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി ഇന്ത്യയില്‍ നടത്തിയത്. ഇന്ന് ഹ്യൂണ്ടായ് മോട്ടോര്‍സിന്റെ വിപണിമൂല്യം 15 ബില്യന്‍ ഡോളറോളമാണ്. 9-10 ശതമാനം വരെ ലാഭത്തിലാണ് ഹ്യൂണ്ടായ് വാഹനങ്ങള്‍ വില്‍ക്കുന്നത്. എന്നാല്‍ ലാഭം കുറച്ച് കൂടുതല്‍ വാഹനങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ കമ്പനിയുടെ നേട്ടം ഇതിലും വലുതായേനെ എന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ വാഹന ലോകമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സെഗ്‌മെന്റ് നോക്കാതെ രക്ഷയില്ല

ഒരുകാലത്ത് ചൂടപ്പം പോലെ വിറ്റിരുന്ന, 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള, എന്‍ട്രി ലെവല്‍ വാഹനങ്ങള്‍ക്ക് ആവശ്യക്കാരില്ലാത്തതും വാഹന വിപണിയെ ബാധിച്ച പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. വിപണിയിലെ എന്‍ട്രി സെഗ്‌മെന്റ് വളരാതെ മറ്റ് മേഖലയില്‍ മാറ്റമുണ്ടാകില്ലെന്ന് മാരുതി-സുസുക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ തന്നെ സമ്മതിക്കുന്നുണ്ട്. 2018-19 കാലഘട്ടത്തില്‍ രാജ്യത്ത് വിറ്റിരുന്ന വാഹനങ്ങളുടെ 80 ശതമാനവും 10 ലക്ഷം രൂപയ്ക്ക് താഴെയുള്ള വിഭാഗത്തിലായിരുന്നു. എന്നാലിപ്പോള്‍ ഈ ശ്രേണിയില്‍ വാഹനങ്ങള്‍ വാങ്ങാന്‍ ആളില്ല. ബജറ്റിനൊപ്പം സുരക്ഷക്കും പ്രായോഗികതക്കും ആളുകള്‍ പ്രാമുഖ്യം നല്‍കിയതോടെയാണ് കാര്യങ്ങള്‍ മാറിയത്. എന്‍ട്രി സെഗ്‌മെന്റിലെ വാഹനങ്ങളുടെ അതേ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള കിടിലന്‍ എസ്.യു.വി മോഡലുകള്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ലഭ്യമാണ്. യൂസ്ഡ് കാര്‍ വിപണിയിലേക്ക് കോര്‍പറേറ്റ് മോഡലില്‍ കമ്പനികള്‍ വന്നതും വാഹന വില്‍പ്പനയില്‍ പ്രതിഫലിക്കുന്നുണ്ട്.
Related Articles
Next Story
Videos
Share it