ഉയര്‍ന്ന വാഹന വില്‍പ്പന: പിന്നിലെ രഹസ്യം ഇതാണ്

ഇന്ത്യന്‍ വാഹന വിപണി തിരിച്ചു കയറുന്നതായാണ് കണക്കുകളടക്കം നിരത്തി വാഹന നിര്‍മാതാക്കളുടെ അവകാശവാദം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഈ ഓഗസ്റ്റില്‍ വില്‍പ്പന 20 ശതമാനം വരെ കൂടിയെന്ന് വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള കണക്കുകള്‍ കാട്ടുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വാഹന വില്‍പ്പന കൂടിയിട്ടില്ലെന്നാണ് രാജ്യത്തെ ഡീലര്‍മാര്‍ പറയുന്നത്.

വാഹന നിര്‍മാതാക്കള്‍ ഡീലര്‍മാര്‍ക്ക് നല്‍കുന്ന വാഹനങ്ങളുടെ എണ്ണം എടുത്താണ് വിപണിയുടെ ഉണര്‍വായി ചൂണ്ടിക്കാട്ടുന്നത്. യഥാര്‍ത്ഥത്തില്‍ റീറ്റെയ്ല്‍ വിപണിയില്‍ വിറ്റു പോയതല്ല. നിര്‍മാണ ഫാക്റ്ററിയില്‍ നിന്ന് പുറത്തു പോയ കാറുകള്‍ വിറ്റുപോയതായി കണക്കാക്കിയാണ് ഇത്.

ലോക്ക് ഡൗണ്‍ വരുന്നതിനു മുമ്പു തന്നെ ബിഎസ് 4 വാഹനങ്ങളുടെ സ്റ്റോക്ക് വിറ്റഴിക്കാന്‍ ഡീലര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു. പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ ബി എസ് 6 വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നതിനാലാണിത്. അതുകൊണ്ടു തന്നെ കാറുകളുടെ സ്‌റ്റോക്ക് കുറഞ്ഞിരിക്കുകയായിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ ഡീലര്‍മാര്‍ക്കുള്ള ബിഎസ് 6 വാഹനങ്ങള്‍ രാജ്യത്തുടനീളം എത്തിച്ചതോടെയാണ് വാഹന വിപണി തിരിച്ചു കയറുന്നതായി കണ്ടത്.

രാജ്യത്ത് ഏറ്റവുമധികം കാറുകള്‍ വില്‍ക്കുന്ന മാരുതി സുസുകി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിറ്റ 97601 യൂണിറ്റുകളേക്കാള്‍ 20.2 ശതമാനം കൂടുതല്‍ (116704) കാറുകള്‍ കഴിഞ്ഞ മാസം വിറ്റതായാണ് കണക്ക്. ഹ്യുണ്ടായ് ആകട്ടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 38205 കാറുകള്‍ വിറ്റിടത്ത് ഈ വര്‍ഷം ഓഗസ്റ്റില്‍ 45809 കാറുകള്‍ വിറ്റഴിച്ചു. 20 ശതമാനം വളര്‍ച്ച. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വില്‍പ്പനയില്‍ ഒരു ശതമാനം വര്‍ധനയുണ്ടായെന്നാണ് കണക്ക്. 13,507 യൂണിറ്റില്‍ നിന്ന് 13651 യൂണിറ്റായി. ഇരുചക്ര വാഹന വിപണിയില്‍ ഹീറോ മോട്ടോകോര്‍പ് കഴിഞ്ഞ വര്‍ഷം ഓഗസറ്റില്‍ 5.24 ലക്ഷം യൂണിറ്റുകളാണ് വിറ്റിരുന്നത്. ഈ വര്‍ഷം അത് 5.68 ലക്ഷം യൂണിറ്റായി ഉയര്‍ന്നു. 8.5 ശതമാനം വര്‍ധന.

ഒരു സമ്പദ് വ്യവസ്ഥയുടെ ഉണര്‍വിന്റെ അളവുകോലായി വാഹന വിപണിയെ എടുത്തുകാട്ടാറുണ്ട്. ഡീലര്‍മാരിലേക്ക് നല്‍കിയ കാറുകളുടെ എണ്ണമെടുത്തുള്ള ഹോള്‍സെയ്ല്‍ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ വാഹന വിപണിയുടെ ചലനം കണക്കാക്കുന്നത്. പകരം ഉപഭോക്താവിന് വില്‍ക്കുന്ന കാറുകളുടെ എണ്ണമെടുത്തുള്ള റീറ്റെയ്ല്‍ ഡാറ്റ എടുത്താല്‍ വാഹന വിപണിയില്‍ ഉണര്‍വ് ഉണ്ടായതായി കരുതാനാവില്ലെന്നും ഡീലര്‍മാര്‍ പറയുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാമത്തെ ത്രൈമാസത്തില്‍ വിപണി സജീവമാകുമെന്ന കണക്കുകൂട്ടലിലാണ് അവര്‍. അതേസമയം ജോലി നഷ്ടപ്പെടല്‍, ശമ്പളം വെട്ടിക്കുറയ്ക്കല്‍ നടപടികള്‍ വ്യാപകമായ സാഹചര്യത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കുന്നതില്‍ മടി കാട്ടിയാല്‍ വിപണിയെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it