Begin typing your search above and press return to search.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 1.5 ലക്ഷം രൂപ വരെ സബ്‌സിഡി: വമ്പന്‍ പ്രഖ്യാപനം നടത്തിയ സംസ്ഥാനമിതാണ്
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുമ്പോള്‍ 1.5 ലക്ഷം രൂപ സബ്‌സിഡിയോ ? സംശയിക്കേണ്ട പാസഞ്ചര്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 1.5 ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കുമെന്ന വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഗുജറാത്ത്. ചൊവ്വാഴ്ച പ്രഖ്യാപിച്ച ഇലക്ട്രിക് നയമനുസരിച്ച് സംസ്ഥാനത്തുനിന്ന് പാസഞ്ചര്‍ ഇലക്ട്രിക് വാഹനം വാങ്ങുന്നവര്‍ക്ക് 1.5 ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കും. ഇതുവഴി അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 870 കോടി രൂപയുടെ സബ്‌സിഡി സഹായം നല്‍കാനാണ് സംസ്ഥാനം പദ്ധതിയിടുന്നത്.
ഒരു കിലോവാട്ട് അടിസ്ഥാനത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി നല്‍കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പ്രഖ്യാപിച്ചു. പുതിയ ഇലക്ട്രിക് വാഹന നയത്തിലൂടെ ഇവയുടെ വില്‍പ്പന വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പര്‍മാര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കും. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് 20,000 രൂപ വരെയും ഇലക്ട്രിക് കാറുകള്‍ക്ക് 1.5 ലക്ഷം രൂപ വരെയും സബ്‌സിഡിയും ലഭിക്കും. ഈ സബ്‌സിഡികള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന FAME-II സബ്‌സിഡികളേക്കാള്‍ കൂടുതലാണ്. സംസ്ഥാനത്തൊട്ടാകെ 250 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം വരെ 25 ശതമാനം മൂലധന സബ്‌സിഡിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ ഇലക്ട്രിക് വാഹന നയം 1.25 ലക്ഷം ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍, 75,000 ഇ-റിക്ഷകള്‍, 25,000 ഇലക്ട്രിക് കാറുകള്‍ എന്നിവയുടെ വില്‍പ്പനയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story
Videos