ടാറ്റ നെക്സോണ്‍ ഇവി വാങ്ങാതെ സ്വന്തമാക്കാം; മാസ വാടക 41,900 രൂപ
ഇലക്ട്രിക് കാര്‍ പ്രേമികളെ ലക്ഷ്യമിട്ട് പുതു പദ്ധതിയുമായി ടാറ്റ മോട്ടോര്‍സ്.ഉപഭോക്താക്കള്‍ക്ക് ടാറ്റ നെക്സോണ്‍ ഇവി ഇനി വാങ്ങാതെ തന്നെ പ്രതിമാസ വാടക നല്‍കി വര്‍ഷങ്ങളോളം സ്വന്തമായി കൈവശം വയ്ക്കാം.
ഇലക്ട്രിക് കാറുകളുടെ പ്രചാരം വര്‍ധിപ്പിക്കുകയും അവ എല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യാനാണ് നെക്സോണ്‍ ഇലക്ട്രിക് കാറുകള്‍ വിവിധ നിരക്കുകളില്‍ ഇപ്രകാരം വാടകയ്ക്ക് നല്‍കുന്നത്.രാജ്യത്തെ മുന്‍നിര ലീസിങ് കമ്പനിയായ ഒറിക്സ് ഓട്ടോ ഇന്‍ഫ്രാ സ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ടാറ്റ പുതിയ പദ്ധതി നടപ്പിലാക്കുക. ഡല്‍ഹി, മുംബൈ, പുണെ, ഹൈദരബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് ആദ്യമായി വാഹനം ലഭ്യമാക്കുന്നത്. കേരളത്തിലും ടാറ്റ മോട്ടോഴ്‌സിന്റെ ഈ പുതിയ സേവനം വൈകാതെ ലഭ്യമാകും.
ടാറ്റ നെക്സോണ്‍ ഇവി 36 മാസത്തേക്ക് ലീസിന് എടുക്കുന്നവര്‍ക്ക് നികുതികള്‍ ഉള്‍പ്പെടെയുള്ള മാസവാടക നിരക്ക് 41,900 രൂപ, 24 മാസത്തേക്ക് 44,900 രൂപ, 18 മാസത്തേക്ക് 47,900 രൂപ.വാങ്ങുന്ന പക്ഷം വാഹനത്തിന്റെ എക്‌സ് ഷോറും വില 14-16 ലക്ഷം രൂപ വരും.അതേസമയം, വാഹന രജിസ്‌ട്രേഷന്‍, റോഡ് ടാക്‌സ് തുടങ്ങിയ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ പുതിയ പദ്ധതിയിലൂടെ ടാറ്റ നെക്‌സണ്‍ ഇവി സബ്‌സ്‌ക്രൈബ് ചെയ്യുവാന്‍ സാധിക്കും. അതിനായുള്ള മുഴുവന്‍ പ്രക്രിയയും എന്‍ഡ്-ടു-എന്‍ഡ് ഡിജിറ്റല്‍ സംവിധാനം വഴി എളുപ്പത്തിലാക്കിയിട്ടുണ്ട്. സമഗ്രമായ ഇന്‍ഷുറന്‍സ് പരിരക്ഷ, റോഡ് സൈഡ് അസ്സിസ്റ്റന്‍സ്സ്, കൃത്യമായ സമയങ്ങളിലുള്ള സൗജന്യ സര്‍വീസ് /മെയ്ന്റനന്‍സ്, ആനുകാലിക സേവനങ്ങള്‍, ഡോര്‍ ഡെലിവറി എന്നിവയും ലഭ്യമാകും. കൂടാതെ, ഉപയോക്താക്കള്‍ക്ക് അവരുടെ വീട്ടിലോ ഓഫീസിലോ സ്വന്തമായി ഇവി ചാര്‍ജര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയും.
വാഹനങ്ങള്‍ പാട്ടത്തിനെടുക്കാന്‍ താല്‍പ്പര്യപ്പെടുന്ന കോര്‍പ്പറേറ്റുകള്‍ക്കും, നഗരങ്ങളില്‍ ഇടയ്ക്കിടെ തൊഴില്‍ മാറ്റമുള്ള വ്യക്തികള്‍ക്കും, ഒരു നിശ്ചിത കാലയളവില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും ഇഷ്ടാനുസൃതമായ സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ തികച്ചും അനുയോജ്യമാണ്. സബ്സ്‌ക്രിപ്ഷന്റെ കാലാവധി തീരുന്നതനുസരിച്ച് ഉപയോക്താക്കള്‍ക്ക് ഇത് ദീര്‍ഘിപ്പിക്കുകയോ അല്ലെങ്കില്‍ വാഹനം തിരികെ നല്‍കുകയോ ചെയ്യാം.
'ഇലക്ട്രിക് വാഹനങ്ങളാണ് ഭാവി. അതിവേഗം വളരുന്ന ഈ വിഭാഗത്തിന്റെ നേതാവെന്ന നിലയില്‍ ഇന്ത്യയില്‍ വാഹനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തി ജനപ്രിയമാക്കാന്‍ ടാറ്റ മോട്ടോഴ്സ് പ്രതിജ്ഞാബദ്ധമാണ്. ഈ സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ ഉപയോഗിച്ച്, ഇവികളില്‍ താല്‍പ്പര്യമുള്ള ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ ഇതിലൂടെയുണ്ടാകാന്‍ ഞങ്ങള്‍ സൗകര്യമൊരുക്കുന്നു. പങ്കാളിത്ത സമ്പദ്വ്യവസ്ഥയിലൂടെ അതിവേഗം വളരുന്ന ഈ കാലഘട്ടത്തില്‍ ഉടമസ്ഥാവകാശത്തെക്കാള്‍ ഉപയോക്തൃത്വം ഇഷ്ടപ്പെടുന്ന ഉപയോക്താക്കള്‍ക്ക് ഇത് വളരെ അനുയോജ്യമാണ്.' പുതിയ സംരംഭത്തെപ്പറ്റി ടാറ്റാ മോട്ടോഴ്സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline