ടാറ്റാ മോട്ടോഴ്‌സിന്റെ നാലിനം ഇ-കാറുകള്‍ റെഡിയാകുന്നു

നാലു മോഡലുകളിലായി ടാറ്റായുടെ പുതിയ ഇ-കാറുകള്‍ വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നു. അടുത്ത 12 - 18 മാസത്തിനുള്ളില്‍ ഈ വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കാനകുമെന്ന് ടാറ്റാ മോട്ടോഴ്‌സിന്റെ 74-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ഓഹരി ഉടമകളെ അറിയിച്ചു. ആള്‍ട്രോസ് ഇവി, നെക്‌സണ്‍ ഇവി, ടൈഗോറിന്റെ പുതിയ പതിപ്പ്, പേരിടാനുള്ള മറ്റൊരു മോഡല്‍ എന്നിവയാണിവ.
2019 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയിലെ വൈദ്യുത വാഹന മേഖലയ്ക്ക് ഏറെ ഗുണകരമായതിന്റെ ചുവടു പടിച്ചാണ് ചന്ദ്രശേഖരന്റെ പ്രഖ്യാപനം. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനായി എടുത്ത വായ്പയിന്മേലുള്ള പലിശയ്ക്ക് 1.5 ലക്ഷം രൂപ അധിക നികുതി ആനുകൂല്യം ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇ.വികളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. കൂടാതെ, ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നികുതി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കുകയും ചെയ്തു.