വില്‍പ്പനയില്‍ മുകളിലായിട്ടും മൂല്യത്തില്‍ ടൊയോട്ടയെ പിന്നിലാക്കി ടെസ്‌ല; ആ ബാറ്ററി മാജിക് ഇങ്ങനെ

ഇലക്ട്രിക് കാറുകളുടെ തലവര മാറ്റിയെഴുതിയ ടെസ്‌ല ലോകത്തെ ഓട്ടോമൊബൈല്‍ മേഖലയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി. ജൂലൈ ഒന്നിലെ സ്റ്റോക്ക് മാര്‍ക്കറ്റ് നിലവാരമനുസരിച്ചാണ് 209.47 ബില്യണ്‍ യുഎസ് ഡോളര്‍ വിപണി മൂല്യവുമായി ജപ്പാന്‍ കാര്‍ഭീമന്മാരായ ടോയോട്ടയെയും പിന്നിലാക്കി ടെസ്ല ഒന്നാമതെത്തിയത്. എന്നാല്‍ വില്‍പ്പനയില്‍ ഇപ്പോഴും ടൊയോട്ട തന്നെയാണ് ഒന്നാമന്‍. ഇലക്ട്രിക് കാര്‍ മാര്‍ക്കറ്റിലെ 1,134 ഡോളര്‍ ഷെയറുകളാണ് ടെസ്‌ലയെ കാര്‍ നിര്‍മാതാക്കളില്‍ ഏറ്റവും മൂല്യമേറിയ കമ്പനിയാക്കിയത്.

ടൊയോട്ടയുടെ നിലവിലെ ഓഹരി മൂല്യത്തെക്കാള്‍ നാല് ബില്യണ്‍ ഡോളര്‍ അധികമാണത്. കൊറോണ പ്രതിസന്ധിയെ അതിജീവിച്ച് ഏറ്റവും ലാഭമുണ്ടാക്കിയ കമ്പനികളിലൊന്നായ ടെസ്‌ല 160 ശതമാനം വളര്‍ച്ചയാണ് ഓഹരികളില്‍ സ്വന്തമാക്കിയത്. നഷ്ടങ്ങളുടെ മുന്‍വര്‍ഷത്തെയെല്ലാം ചരിത്രമായി രേഖപ്പെടുത്തിയാണ് ടെസ്ല ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാകുന്നത്. ആ ഇലക്ട്രിക് കാര്‍ റെവല്യൂഷന് എണ്ണ പകര്‍ന്നതാകട്ടെ, ടെസ്ല പങ്കാളികളിലൊരാളായ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റും. 'ടെസ്ല ഓഹരികള്‍ക്ക് വില വളരെ കൂടുതലാണെ'ന്നായിരുന്നു അന്ന് മസ്‌ക് കുറിച്ചത്. ഇതോടെ 2020 മെയില്‍ 14 ബില്യണ്‍ ഡോളര്‍ മൂല്യമാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. ലോകത്തെ തന്നെ ബുദ്ധി രാക്ഷസരിലൊരാളാണെന്നാണ് ഇലോണ്‍ മസ്‌കിനെ ചില മാര്‍ക്കറ്റ് വാച്ചേഴ്‌സ് അന്ന് വിശേഷിപ്പിച്ചത്.

ഗെയിം ചെയ്ഞ്ചര്‍

ഇലക്ട്രിക് കാറുകളുടെ ചരിത്രം ആകെ പൊളിച്ചെഴുതിയതാണ് ടെസ്ലയുടെ വിജയം. അതുവരെ വൈദ്യുതകാര്‍ എന്നത് മലിനീകരണം ഒഴിവാക്കുന്ന ഒരു കാര്‍ എന്നാണ് പല വാഹനനിര്‍മാതാക്കളും കരുതി പോന്നിരുന്നത്. ടെസ്ലയാകട്ടെ കാര്‍ ഉല്‍പാദനത്തിലെ മികവിന് പ്രാധാന്യം കൊടുത്തു. ഇലക്ട്രിക് കാര്‍ വൈദ്യുതി ഉപയോഗിച്ചു മാത്രം ഓടുന്നു എന്നതു ശരിതന്നെ. പക്ഷേ പ്രകടനത്തില്‍ ദ്രവ ഇന്ധനം ഉപയോഗിക്കുന്ന എന്‍ജിനുള്ള കാറുകളുടെ ഒട്ടും പിന്നിലല്ലാത്ത ഒന്നായിരുന്നു ടെസ്ലയുടെ കാര്‍.

2003ല്‍ മാര്‍ട്ടിന്‍ എബര്‍ഹാഡും മാര്‍ക്ക് ടര്‍പെനിംഗും ടെസ്ല കമ്പനി തുടങ്ങിയത് ഇലക്ട്രിക് കാര്‍ ലോകത്ത് ട്രെന്‍ഡ് ആകുമെന്നും കാലത്തിന്റെ ആവശ്യമാകുമെന്നും മുന്നില്‍ കണ്ടാണ്. യുവാക്കളെ ഏറ്റവും നല്ല മാര്‍ഗം ഉയര്‍ന്ന ശ്രേണിയിലുള്ള ഒരു ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ വിപണിയിലെത്തിക്കുകയാണ് എന്ന് അവര്‍ കരുതി. അങ്ങനെ ദക്ഷിണാഫ്രിക്കക്കാരനായ ഇലോണ്‍ മസ്‌ക് കൂടി കമ്പനിയില്‍ പങ്കാളിയായി ഉല്‍പ്പാദനം ആരംഭിച്ചു.

മസ്‌കിന്റെ തലച്ചോറ് കൂടെ ചേര്‍ത്താകണം ആദ്യ കാറായ റോഡ്‌സ്റ്റര്‍ പുറത്തിറങ്ങിയത്. ഉയര്‍ന്ന ഉപയോഗക്ഷമതയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും നല്‍കുന്ന ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറിന് ഭാവിയില്‍ കമ്പനിയുടെ മുഖ്യധാരാ ഉല്‍പന്നങ്ങളിലേക്കു ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന അവരുടെ ധാരണ തെറ്റിയില്ല. രൂപ കല്‍പനയ്ക്കും പരിസ്ഥിതി സൗഹൃദസാങ്കേതിക വിദ്യയ്ക്കും റോഡ്‌സറ്റര്‍ സ്റ്റാര്‍ ആയി, നിരവധി പുരസ്‌കാരങ്ങള്‍ നേടി. അതോടെ ഗവേഷണത്തിനും സാങ്കേതിക വിദ്യ പരിഷ്‌കരണത്തിനും അത്യാവശ്യമായിരുന്നു സാമ്പത്തിക സഹായം കമ്പനിക്കു പല ഭാഗത്തു നിന്നും ലഭിച്ചു.

എന്നാല്‍ ഉയര്‍ന്ന വിലയ്ക്ക് ചുരുങ്ങിയ എണ്ണം കാറുകള്‍ വിറ്റ് കമ്പനിക്കു പിടിച്ചു നില്‍ക്കാനാകുമോ എന്നു സംശയിച്ചവരും ഏറെയുണ്ടായിരുന്നു. പക്ഷേ 2009 പകുതിയോടെ കമ്പനി ലാഭമുണ്ടാക്കുന്ന സ്ഥിതിയിലേക്കെത്തി. ബാറ്ററി സാങ്കേതികവിദ്യയിലും ഇലക്ട്രിക് കാര്‍കംപോണന്റ്‌സ് നിര്‍മാണത്തിലും കമ്പനി ഏറെ വൈദഗ്ധ്യം നേടിയിരുന്നു. റോഡ്സ്റ്ററിന് പിന്നാലെ മോഡല്‍ എസ് എന്ന സെഡാനും മോഡല്‍ എക്‌സ് എന്ന ക്രോസ് ഓവറും മോഡല്‍ എന്ന ചെറു സെഡാനും ഇവര്‍ നിര്‍മിച്ചു. ഇത് വാര്‍ത്തകളില്‍ സ്ഥിരമായി വന്നുപോയി, സോഷ്യല്‍മീഡിയയിലും ചര്‍ച്ചകളായി.

വലിയ ബാറ്ററികള്‍ക്കു പകരം ലാപ്‌ടോപ്പിലൊക്കെയുള്ള തരം ലിഥിയം-അയണ്‍ ബാറ്ററികള്‍ ചേര്‍ക്കുന്നതായിരുന്നു നിര്‍മാണത്തിലെ മാന്ത്രികത. വില്‍പ്പനയ്ക്ക് ഉപ്പും മുളകും തേയ്ക്കുന്നതും ഓഹരികള്‍ ഇട്ട് അമ്മാനമാടിയതും ഇലോണ്‍ മസ്‌കാണ്. അത് കൊണ്ട് തന്നെ ഇപ്പോള്‍ മൂല്യവര്‍ധനവിലും ഇലോണ്‍ മസ്‌കാണ് ഓട്ടോ ലോകത്തെ സംസാരവിഷയം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it