2025ല്‍ ത്രില്ലടിപ്പിക്കാന്‍ വാഹന വിപണി! 70 സര്‍പ്രൈസ് കാറുകള്‍; 30ഉം ഇ.വി

വില്‍പ്പനയിലെ ചില കല്ലുകടികള്‍ ഒഴിച്ചാല്‍ 2024ല്‍ വാഹന ലോകം സംഭവ ബഹുലമായിരുന്നു. മഹീന്ദ്രയുടെ 5 ഡോര്‍ ഥാറും പുതിയ സ്വിഫ്റ്റ് ഡിസയറുമടക്കം ഇന്ത്യന്‍ നിരത്തുകളില്‍ നിരവധി പുതിയ മോഡലുകളെത്തി. വരാനിരിക്കുന്നത് വാഹന പ്രേമികള്‍ക്ക് നിരവധി സര്‍പ്രൈസുകള്‍ ഒളിപ്പിച്ച വര്‍ഷമാകുമെന്നാണ് പ്രതീക്ഷ. പെട്രോള്‍/ഡീസല്‍ വാഹനങ്ങളില്‍ നിന്ന് ഇ.വിയിലേക്കുള്ള ഇന്ത്യന്‍ വാഹന വിപണിയുടെ മാറ്റത്തില്‍ നിര്‍ണായകമായ വര്‍ഷത്തില്‍ പുറത്തിറങ്ങുന്നത് 70ലധികം പുതിയ വാഹനങ്ങളാണ്. ഇതില്‍ മുപ്പതെണ്ണവും ഇ.വികളാണെന്നത് ശ്രദ്ധേയം. അടുത്ത കൊല്ലം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന വാഹനങ്ങളെ പരിചയപ്പെടാം.

ഹ്യൂണ്ടായ്

പ്രധാനമായും രണ്ട് മോഡലുകളാണ് ഹ്യൂണ്ടായ് ഇക്കൊല്ലം ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പും പുതിയ തലമുറ വെന്യൂവും.

ക്രെറ്റ ഇ.വി

പുതുവര്‍ഷത്തില്‍ ഹ്യൂണ്ടായ് ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന പ്രധാന ഐറ്റം ക്രെറ്റ ഇ.വിയാണെന്ന് നിസംശയം പറയാം. കമ്പനി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്ന ആദ്യ മാസ് പ്രൊഡക്ഷന്‍ ഇ.വി മോഡല്‍ കൂടിയാണിത്. 138 എച്ച്.പി കരുത്തും 255 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ വാഹനത്തിനാകും.

45 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററിയാണ്. ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ഓടാന്‍ കഴിയും. ഇപ്പോള്‍ വിപണിയിലുള്ള ക്രെറ്റയുമായി സാദൃശ്യം തോന്നുന്ന ഡിസൈനായിരിക്കും ക്രെറ്റ ഇ.വിക്കും ഉണ്ടാകുക. ജനുവരിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് ക്രെറ്റ ഇ.വിയുടെ ഗ്ലോബല്‍ ലോഞ്ച്. മാരുതി സുസുക്കിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഇ-വിറ്റാര, ടാറ്റ കര്‍വ്, മഹീന്ദ്ര ബി.ഇ 6ഇ എന്നിവരാകും ഗോദയില്‍ ഇവന് എതിരാളികള്‍. 25 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ വില.

വെന്യൂ 2025 എഡിഷന്‍

നിലവില്‍ വിപണിയിലുള്ള ഹ്യൂണ്ടായ് വെന്യൂവില്‍ അടിമുടി മാറ്റങ്ങളോടെയാണ് പുതുതലമുറക്കാരന്റെ വരവ്.

ലെവല്‍ 2 അഡാസ് സ്യൂട്ട് ഉള്‍പ്പെടെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും വമ്പന്‍ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇക്കൊല്ലം അവസാനത്തോടെയാകും വാഹനം ഇന്ത്യന്‍ നിരത്തുകളിലെത്തുന്നത്. 8.5 ലക്ഷം രൂപ മുതല്‍ 14.5 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില പ്രതീക്ഷിക്കുന്നത്.

കിയ

സിറോസ്, സിറോസ് ഇ.വി, കാരന്‍സ് ഫേസ്‌ലിഫ്റ്റ്, കാരന്‍സ് ഇ.വി എന്നീ നാല് മോഡലുകളാണ് കൊറിയന്‍ കമ്പനിയായ കിയ 2025ല്‍ വിപണിയിലെത്തിക്കുന്നത്.

കാരന്‍സ് ഫേസ്‌ലിഫ്റ്റ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ടോപ് സെല്ലിംഗ് എം.പി.വികളുടെ കൂട്ടത്തില്‍ മുന്നിലുണ്ടായിരുന്ന കാരന്‍സിന് ഇപ്പോള്‍ നല്ലകാലമല്ല.

മാരുതി സുസുക്കി എര്‍ടിഗക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സര്‍വശക്തിയുമെടുക്കാന്‍ തന്നെയാണ് കിയയുടെ തീരുമാനം. ഇതിനായി വമ്പന്‍ മാറ്റങ്ങളുമായാണ് കാരന്‍സിന്റെ ലോഞ്ചിംഗ്. മുന്‍ഭാഗത്ത് പ്രകടമായ ഡിസൈന്‍ മാറ്റമുണ്ടാകും. മുന്‍ഗാമിയുടേതിന് സമാനമായ എഞ്ചിന്‍, ഗിയര്‍ ബോക്‌സ് ഓപ്ഷനുകളാകും പുതിയ മോഡലിനും. ഇന്റീരിയറയിലും വലിയ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചന. 2025 പകുതിയോടെയാകും വരവ്. 11 ലക്ഷം രൂപ മുതല്‍ 22 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

കാരന്‍സ് ഇവി

കിയയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് എം.പിവിയാണ് ഇലക്ട്രിക് പതിപ്പ്. 45 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി പാക്കാണ് വാഹനത്തിലുണ്ടാവുക. ഒറ്റച്ചാര്‍ജില്‍ പരമാവധി 500 കിലോമീറ്റര്‍ വാഹനത്തിന് സഞ്ചരിക്കാനാകും. അടുത്ത കൊല്ലം പുറത്തിറങ്ങുന്ന ക്രെറ്റ ഇ.വിയുടെ അതേ പവര്‍ ഫിഗറുകളാകും കാരന്‍സ് ഇവിക്കുമുണ്ടാവുക. രണ്ട് വാഹനങ്ങളും ഒരേ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കുന്നതെന്നതും ഓര്‍ക്കണം. 2025 അവസാനത്തോടെയാകും വാഹനം ഇന്ത്യയിലെത്തുക. 25 ലക്ഷം രൂപ മുതല്‍ 30 ലക്ഷം വരെയാകും വാഹനത്തിന്റെ വില.

സിറസ്

സബ് 4 മീറ്റര്‍ - കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ കിയ പുറത്തിറക്കിയ മോഡലാണ് സിറസ്.

പിന്‍നിരയില്‍ വെന്റിലേഷന്‍ സൗകര്യമുള്ള റിക്ലൈനിംഗ് സീറ്റുകള്‍ അനായാസമായ യാത്രാ അനുഭവം നല്‍കുമെന്നാണ് കിയ പറയുന്നത്. ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ വാഹനത്തിന്റെ വിലയുള്‍പ്പെടെ പ്രഖ്യാപിക്കും. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും. കിയയുടെ രണ്ടാം തലമുറ ഡിസൈനില്‍ നിര്‍മിച്ച ഇന്ത്യയിലെ ആദ്യ വാഹനം കൂടിയാണിത്. സുരക്ഷക്കായി 20 ഹൈ സ്റ്റാന്‍ഡേര്‍സ് സേഫ്റ്റി ഫീച്ചറുകളുമുണ്ട്. ഹ്യൂണ്ടായ് വെന്യൂ, മാരുതി സുസുക്കി ബ്രെസ, മഹീന്ദ്ര എക്‌സ്.യു.വി 300, ടാറ്റ നെക്‌സോണ്‍, സ്‌കോഡ കൈലാഖ് എന്നിവരാകും വിപണിയിലെ എതിരാളികള്‍. 10 ലക്ഷം രൂപ മുതല്‍ 16 ലക്ഷം രൂപയാകും വാഹനത്തിന്റെ വില.
ഇതിന് പുറമെ സിറസിന്റെ ഇലക്ട്രിക് പതിപ്പും 2025ല്‍ തന്നെയെത്തും. സിറസിന്റെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാകും ഇലക്ട്രിക് പതിപ്പിന്റെയും വരവ്. 50,000-60,000 വരെ ഇവികള്‍ 2025ല്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ ലക്ഷ്യമിട്ടുകൂടിയാണ് സിറസ് ഇവിയെ രംഗത്തിറക്കുന്നത്.

ടാറ്റ

ഹാരിയര്‍ ഇ.വി, സിയറ ഇ.വി എന്നിവയാണ് 2025ല്‍ ടാറ്റ ആരാധകരെ കാത്തിരിക്കുന്നത്. ഇതിന് പുറമെ ചില മോഡലുകളുടെ ഫേസ്‌ലിഫ്റ്റ് വേര്‍ഷനുകളും വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്

ഹാരിയര്‍ ഇ.വി

ഇക്കൊല്ലം മാര്‍ച്ചിലാകും ഹാരിയറിന്റെ ഇലക്ട്രിക് പതിപ്പ് ഇന്ത്യന്‍ നിരത്തുകളിലെത്തുക.

60 കിലോവാട്ട് അവര്‍ ബാറ്ററിയില്‍ 500 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. ഓള്‍വീല്‍ ഡ്രൈവ് (AWD) സംവിധാനമുള്ള ടാറ്റയുടെ ആദ്യ ഇലക്ട്രിക് വാഹനമാണിത്. ഓഫ്‌റോഡ് യാത്രകള്‍ക്ക് കൂടി ഉപയോഗപ്രദമാകുമെന്ന് സാരം. നിലവില്‍ വിപണിയിലുള്ള ഹാരിയറില്‍ നിന്നും വ്യത്യസ്തമായി മുന്നിലും പിന്നിലും പുതിയ ബംപറുകളും, പുതിയ അലോയ് വീലുകളും ഇ.വിയിലുണ്ടാകും. ഇന്റീരിയര്‍ ഭാഗത്തെക്കുറിച്ചുള്ള സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഡീസല്‍ ഹാരിയറിലും ടാറ്റ കര്‍വിലുമുള്ള ചില ഇന്റീരിയര്‍ ഘടകങ്ങള്‍ ഹാരിയര്‍ ഇ.വിയിലും കാണുമെന്നാണ് പ്രതീക്ഷ. 2025ന്റെ തുടക്കത്തിലെത്തുന്ന ഹാരിയര്‍ ഇവിക്ക് 30 ലക്ഷം രൂപയാണ് പ്രതീക്ഷിത വില.

ടാറ്റ സിയറ ഇ.വി

തൊണ്ണൂറുകളില്‍ ഇന്ത്യന്‍ നിരത്തുവാണ സിയറ എന്ന ഫയര്‍ ബ്രാന്‍ഡിന് ഇലക്ട്രിക് രൂപത്തില്‍ പുനര്‍ജന്മം കൊടുക്കാനാണ് ടാറ്റയുടെ തീരുമാനം.

തൊട്ടുപിന്നാലെ പെട്രോള്‍, ഡീസല്‍ പതിപ്പുകളും പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍വ് ഇ.വിയിലുള്ള ആക്ടീവ് (Acti.EV) പ്ലാറ്റ്‌ഫോമിലാണ് സിയറയുടെയും നിര്‍മാണം. ബാറ്ററി, റേഞ്ച് തുടങ്ങിയ കാര്യങ്ങള്‍ ഇതുവരെയും വ്യക്തമല്ല. ആവശ്യമുള്ളവര്‍ക്ക് സിയറയുടെ ഓള്‍വീല്‍ ഡ്രൈവ് വേര്‍ഷനും വാങ്ങാവുന്നതാണ്. ടാറ്റ സിയറയുടെ മുഖമുദ്രയായിരുന്ന പിന്‍വശത്തെ ഗ്ലാസുകള്‍ പുതിയ വാഹനത്തിലും നിലനിറുത്തുമെന്നാണ് പ്രതീക്ഷ. 2025 അവസാനത്തോടെ വിപണിയിലെത്തുന്ന വാഹനത്തിന് 25 ലക്ഷം രൂപക്ക് മുകളില്‍ വിലയുണ്ടാകും.

ടൊയോട്ട

ജാപ്പനീസ് ഭീമന്റെ വക ഒരുപിടി നല്ല വാഹനങ്ങള്‍ ഇക്കൊല്ലം ഇന്ത്യന്‍ നിരത്തുകളിലെത്തും. പരിഷ്‌കരിച്ച കാംറി, പുതിയ ലാന്‍ഡ് ക്രൂസര്‍ പ്രാഡോ, മാരുതി ഇ.വിറ്റാരയില്‍ അധിഷ്ഠിതമായ അര്‍ബന്‍ എസ്.യു.വി എന്നിവയാണ് 2025ല്‍ ലോഞ്ച് ചെയ്യുമെന്ന് ഉറപ്പായ വാഹനങ്ങള്‍. പുതുതലമുറ സിഫ്റ്റ് ഡിസയറിനെ ടൊയോട്ട എത്തിയോസ് എന്ന പേരില്‍ നിരത്തിലെത്തിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

കാംറി ഹൈബ്രിഡ്

അടുത്തിടെയാണ് ടൊയോട്ട തങ്ങളുടെ ജനപ്രിയ മോഡലായ കാംറിയുടെ പരിഷ്‌ക്കരിച്ച പതിപ്പ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പരിചയപ്പെടുത്തിയത്.

ജനുവരിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്ന വാഹനത്തിന്റെ വില 48 ലക്ഷം രൂപയാണ്. പ്രീമിയം സെഡാന്‍ സെഗ്‌മെന്റില്‍ ഹൈബ്രിഡ് സാങ്കേതിക വിദ്യയുമായി എത്തുന്ന വാഹനത്തിന് മികച്ച ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 2.5 ലിറ്റര്‍ പെട്രോള്‍ 4 സിലിണ്ടര്‍ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് 227 ബി.എച്ച്.പി കരുത്തും 221 എന്‍.എം ടോര്‍ക്കുമാണ് വാഹനത്തിന് നല്‍കുന്നത്. പ്രീമിയം രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ഇന്റീരിയറും ആകര്‍ഷകമാണ്. കംഫര്‍ട്ടിനൊപ്പം ആധുനിക സാങ്കേതിക വിദ്യകളും ചേരുന്ന ഫ്യൂവല്‍ എഫിഷ്യന്റായ എന്‍ട്രി ലെവല്‍ ലക്ഷ്വറി കാറാണിതെന്ന് സാരം.

ലാന്‍ഡ് ക്രൂസര്‍ പ്രാഡോ

ഏത് ദുര്‍ഘട പാതയും കടക്കാനുള്ള കരുത്താണ് ലാന്‍ഡ് ക്രൂസറുകളുടെ മുഖമുദ്ര.

ലാന്‍ഡ് ക്രൂസര്‍ വണ്ടികളുടെ റോഡ് പ്രസന്‍സും എടുത്തുപറയേണ്ടതില്ല. ഇന്ത്യന്‍ വിപണിയിലുള്ള എല്‍.സി 300ന് താഴെയാണ് എല്‍സി 250 എന്നറിയപ്പെടുന്ന ലാന്‍ഡ് ക്രൂസര്‍ പ്രാഡോ ഇന്ത്യന്‍ നിരത്തിലെത്തുക. വിദേശത്ത് നിന്നും ഘടകങ്ങളായി ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ കൂട്ടിയോജിപ്പിച്ചാണ് വില്‍പ്പന. 2.8 ലിറ്റര്‍ 48വാട്ട് മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനായിരിക്കും വാഹനത്തിലുണ്ടാവുക. 1.5 കോടി രൂപയോളമാകും വാഹനത്തിന്റെ വില.

അര്‍ബന്‍ ക്രൂസര്‍ എസ്.യു.വി

മാരുതി-സുസുക്കി ഇ-വിറ്റാരയുടെ ടൊയോട്ട പതിപ്പാണ് അര്‍ബന്‍ ക്രൂസര്‍ എസ്.യു.വി.

അര്‍ബന്‍ എസ്.യു.വി സെഗ്‌മെന്റില്‍ ഈ വര്‍ഷം അവസാനത്തോടെയാകും ലോഞ്ചിംഗ്. ഇ-വിറ്റാരയുടേതിന് സമാനമായ എക്‌സ്റ്റീരിയര്‍-ഇന്റീരിയര്‍ ഫീച്ചറുകളാകും അര്‍ബന്‍ എസ്.യു.വിക്കുമുണ്ടാവുക. വിലയിലും കാര്യമായ മാറ്റമുണ്ടാകില്ല.

മാരുതി - സുസുക്കി

ഇലക്ടിക് വാഹന വിപണിയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ പോകുന്ന കിടിലന്‍ കാറുമായാണ് 2025ല്‍ മാരുതി-സുസുക്കി കളത്തിലിറങ്ങുന്നത്. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ ഇ.വി , ഇ-വിറ്റാര, ജനുവരിയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ഇതിനൊപ്പം 7 സീറ്റര്‍ ഗ്രാന്റ് വിറ്റാരയും ചില മോഡലുകളുടെ ഫേസ്‌ലിഫ്റ്റുകളുമെത്തും.

ഇ-വിറ്റാര

ഇറ്റലിയിലെ മിലാന്‍ ഓട്ടോ ഷോയില്‍ ആരാധകരുടെ മുന്നിലെത്തിച്ച് സൂചന നല്‍കിയ ശേഷമാണ് മാരുതി ഇ-വിറ്റാര ജനുവരിയില്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുന്നത്.

കമ്പനിയുടെ ഗുജറാത്ത് പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനത്തിന് മികച്ച ഓഫ്‌റോഡ് ശേഷിയുമുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യകള്‍ അടങ്ങിയ ഇക്കോ ഫ്രണ്ട്‌ലി എസ്.യു.വി എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. 49 കിലോവാട്ട് അവറിന്റെയും 61 കിലോവാട്ട് അവറിന്റെയും രണ്ട് ബാറ്ററി പാക്കുകളില്‍ വാഹനം ലഭ്യമാകും. 142 ബി.എച്ച്.പി കരുത്തും 189 എന്‍.എം ടോര്‍ക്കും വാഹനത്തിനുണ്ടാകും. 174 ബി.എച്ച്.പി കരുത്തുള്ള മറ്റൊരു വേര്‍ഷനും വിപണിയിലുണ്ടാകും. പ്രധാന എതിരാളിയായ ക്രെറ്റ ഇ.വിയെ മറിക്കാന്‍ 500 കിലോമീറ്ററിന് മുകളില്‍ റേഞ്ച് നല്‍കാനാണ് മാരുതിയുടെ തീരുമാനം. 20 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെയാകും വാഹനത്തിന്റെ വില. ആദ്യം യൂറോപ്യന്‍ വിപണിയില്‍ വില്‍ക്കുന്ന വാഹനം പതുക്കെയേ ഇന്ത്യക്കാരുടെ കൈകളിലെത്തൂ. ഇവി ലോകത്തെ ഏറ്റവും വലിയ ആശങ്കയായ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ അഭാവം പരിഹരിക്കാന്‍ രാജ്യത്ത് അരലക്ഷം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

7 സീറ്റര്‍ ഗ്രാന്‍ഡ് വിറ്റാര

മൂന്ന് നിരകളുള്ള ഗ്രാന്‍ഡ് വിറ്റാരയാണ് മാരുതിയില്‍ നിന്നും ഇന്ത്യന്‍ നിരത്തുകളിലെത്തുന്ന മറ്റൊരു വാഹനം.

വൈ17 എന്ന കോഡ് നാമമുള്ള വാഹനം നിലവിലെ 5 സീറ്റര്‍ വിറ്റാരയുടെ ലോംഗര്‍ വീല്‍ബേസ് വേര്‍ഷനാണ്. എഞ്ചിന്‍, ഇന്റീരിയര്‍ തുടങ്ങിയ കാര്യങ്ങള്‍ നിലനിറുത്തും. 1.5 പെട്രോള്‍, 1.5 ഹൈബ്രിഡ് പതിപ്പുകളില്‍ വാഹനം ലഭ്യമാകും. 2025 അവസാനത്തോടെ എത്തുന്ന വാഹനത്തിന് 12 ലക്ഷം രൂപ മുതല്‍ 22 ലക്ഷം രൂപ വരെയാകും വില.

ഫോക്‌സ് വാഗണ്‍

നിലവില്‍ വിപണിയിലുള്ള ചില മോഡലുകളുടെ ഫേസ്‌ലിഫ്റ്റും പോളോയുടെ അഭാവം നികത്താന്‍ ഗോള്‍ഫ് ജി.ടി.ഐയുമടക്കം ആറോളം മോഡലുകളാണ് 2025ല്‍ ജര്‍മന്‍ കമ്പനിയായ ഫോക്‌സ് വാഗണ്‍ ഇന്ത്യയിലെത്തിക്കുന്നത്. ടൈറോണ്‍, ടൈഗോണിന്റെയും വിര്‍ടോസിന്റെയും ഫേസ്‌ലിഫ്റ്റ്, ടിഗ്വാന്‍ ആര്‍, ഗോള്‍ഫ് ജി.ടി.ഐ എന്നിവയാണ് പ്രധാനപ്പെട്ടവ.

ടൈറോണ്‍

ടിഗ്വാന് പകരക്കാരനായും സ്‌കോഡ കോഡിയാക്ക്, ജീപ്പ് മെറിഡിയന്‍ എന്നിവക്ക് ഒത്ത എതിരാളിയായും ഫോക്‌സ് വാഗണ്‍ 2025ല്‍ നിരത്തിലെത്തിക്കുന്ന മോഡലാണ് ടൈറോണ്‍.

2.0 ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ടൈറോണിന്റെ ഡീസല്‍, ഹൈബ്രിഡ് പതിപ്പുകളും വില്‍ക്കുന്നുണ്ട്. ഇന്ത്യയിലേക്ക് ഇവ കൊണ്ടുവരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മൂന്ന് നിരകളിലായി 7 സീറ്റര്‍ പതിപ്പാണ് രാജ്യത്തെത്തുന്നത്. അഡാസ് സ്യൂട്ട്, ലെയിന്‍ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുള്ള വാഹനം 2025ന്റെ അവസാനത്തിലായിരിക്കും ഇന്ത്യയിലെത്തുക. 40 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ പ്രതീക്ഷിത വില.

ടൈഗൂണ്‍/ വിര്‍ട്ടോസ് ഫേസ്‌ലിഫ്റ്റ്

മികച്ച പ്രകടനം കാഴ്ച വക്കുന്ന രണ്ട് മോഡലുകള്‍ക്കും പുതുവര്‍ഷത്തില്‍ പുത്തന്‍ ലുക്ക് നല്‍കാനാണ് കമ്പനിയുടെ തീരുമാനം.

ഫേസ്‌ലിഫ്റ്റിന്റെ പേരിലുള്ള പതിവ് രീതികള്‍ക്ക് പകരം കാര്യമായ മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തുമെന്നാണ് വിവരം. പുതിയ അലോയ് വീലുകള്‍, കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തും. എഞ്ചിന്‍, ഗിയര്‍ബോക്‌സ് എന്നിവയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല. വര്‍ഷാവസാനത്തോടെ വിപണിയിലെത്തുന്ന വാഹനത്തിന് 12 ലക്ഷം രൂപ മുതല്‍ 40 ലക്ഷം രൂപ വരെ വിലയുണ്ടാകും.

ടിഗ്വാന്‍ ആര്‍

കൂട്ടത്തിലെ മസിലളിയനായ ടിഗ്വാന്റെ അതിവേഗ പതിപ്പ് 2025ല്‍ ഫോക്‌സ് വാഗണ്‍ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിക്കും. അധികം വൈകാതെ ഇന്ത്യയിലേക്കുമെത്തും.

2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ 250 ബി.എച്ച്.പി കരുത്തുമായാണ് ആശാന്റെ വരവ്. അകത്തും പുറത്തും അഗ്രസീവായ പല ഡിസൈന്‍ എലമെന്റുകളും ഉള്‍പ്പെടുത്തിയേക്കും. 60 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

ഗോള്‍ഫ് ജി.ടി.ഐ

ഇന്ത്യന്‍ ഹാച്ച് ബാക്ക് വിപണിയില്‍ വിപ്ലവമുണ്ടാക്കിയ വാഹനമാണ് ഫോക്‌സ് വാഗണ്‍ പോളോ.

പലരുടെയും ഫേവറിറ്റ് വണ്ടികളിലൊന്ന്. 2022ല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച പോളോക്ക് പകരമാണ് അതിനേക്കാള്‍ കരുത്തനായ ഗോള്‍ഫ് ജി.ടി.ഐയെ രംഗത്തിറക്കുന്നത്. വിദേശത്ത് നിന്നും ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ കൂട്ടിയോജിപ്പിക്കുന്ന സി.ബി.യു മാതൃകയിലാണ് വാഹനത്തിന്റെ ഇന്ത്യന്‍ വരവ്. 2.0 ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 245 ബി.എച്ച്.പി കരുത്ത് ഉത്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 6.4 സെക്കന്‍ഡ് മതിയെന്നാണ് കമ്പനി പറയുന്നത്. 2025ന്റെ പകുതിയോടെ ഇന്ത്യയിലെത്തുന്ന വാഹനത്തിന് 40 ലക്ഷത്തിന് മുകളില്‍ വിലയുണ്ടാകുമെന്നാണ് സൂചന.

വോള്‍വോ

സുരക്ഷക്ക് പേരുകേട്ട വാഹനങ്ങളാണ് വോള്‍വോയുടെ ഫാക്ടറികളില്‍ നിന്നും പുറത്തിറങ്ങുന്നത്. ഇക്കൊല്ലം ഇ.എക്‌സ് 30, എ.എക്‌സ് 90 എന്നീ ഇ.വികളാണ് വോള്‍വോ ഇന്ത്യയിലെത്തിക്കുന്നത്.

ഇ.എക്‌സ് 30

വോള്‍വോയുടെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് എസ്.യു.വി ശ്രേണിയിലാണ് ഇ.എക്‌സ് 30യുടെ സ്ഥാനം.

വോള്‍വോയുടെ പാരന്റ് കമ്പനിയായ ഗീലിയുടെ (Geely) സീ (SEA) പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. ഒറ്റനോട്ടത്തില്‍ വോള്‍വോയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ഇ.എക്‌സ് 90യുമായി സാദൃശ്യം തോന്നുന്ന ലുക്കാണ് വാഹനത്തിന്. രണ്ട് മോട്ടോറുകള്‍ ഉപയോഗിച്ച് 427 എച്ച്.പി കരുത്ത് ഉത്പാദിപ്പിക്കാന്‍ ഇവനാകും. 69 കിലോവാട്ട് അവര്‍ ബാറ്ററി ഒരു തവണ ചാര്‍ജ് ചെയ്താല്‍ 474 കിലോമീറ്റര്‍ സഞ്ചരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2025ന്റെ തുടക്കത്തിലെത്തുന്ന വാഹനത്തിന് 55 ലക്ഷം രൂപക്ക് മുകളിലായിരിക്കും വില.

ഇ.എക്‌സ് 90

വോള്‍വോയുടെ എസ്.പി.എ2 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ഫ്‌ളാഗ്ഷിപ്പ് മോഡലാണിത്.

ത്രീ റോ 7 സീറ്റര്‍ രൂപത്തിലായിരിക്കും വാഹനം ലഭ്യമാവുക. 111 കിലോവാട്ട് അവര്‍ ബാറ്ററിയില്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 600 കിലോമീറ്റര്‍ സഞ്ചരിക്കാം. വോള്‍വോയുടെ ഏറ്റവും സുരക്ഷിതമെന്ന് വിശേഷിപ്പിക്കുന്ന എക്‌സ്.സി 90യുടെ ഡിസൈന്‍ എലമെന്റുകളോട് സാദൃശ്യമുള്ള ഡിസൈനായിരിക്കും ഈ വാഹനത്തിനും. 2025ന്റെ പകുതിയിലെത്തുന്ന വാഹനത്തിന് 1.3 കോടി രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

സ്‌കോഡ

പുതുതലമുറ ഒക്ടാവിയയും സൂപ്പര്‍ബും, കുശാഖിന്റെ ഫേസ് ലിഫ്റ്റ്, പുതിയ കോഡിയാക്ക്, എന്‍യാക്ക്, എല്‍റോക്ക് ...പേരുകള്‍ പോലെ 2025ല്‍ വാഹനലോകത്തെ ഞെട്ടിക്കാനൊരുങ്ങിയാണ് സ്‌കോഡയുടെ വരവ്.

കോഡിയാക്ക്

ഓള്‍വീല്‍ ഡ്രൈവോടു കൂടിയ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ തന്നെയാണ് പുതിയ കോഡിയാക്കും നിരത്തിലെത്തുന്നത്.

ഇന്ത്യയില്‍ നിര്‍മിച്ച് വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. സ്‌പോര്‍ട്ടി ലുക്കിലുള്ള ഒരു എസ്.യു.വിയാണ് കോഡിയാക്ക്. ഏഴ് പേര്‍ക്കുള്ള സീറ്റുകള്‍ വാഹനത്തിലുണ്ട്. നിരവധി സുരക്ഷാ ഫീച്ചറുകളുള്ള വാഹനത്തില്‍ റോള്‍സ് റോയ്‌സ് മാതൃകയില്‍ കുട സൂക്ഷിക്കാനുള്ള കംപാര്‍ട്ട്‌മെന്റുകളുമുണ്ട്. 2025 പകുതിയോടെ ഇന്ത്യയിലെത്തുന്ന വാഹനത്തിന് 40 ലക്ഷം രൂപയിലധികം വിലയുണ്ടാകും.

കുശാഖ് ഫേസ് ലിഫ്റ്റ്

അടുത്തിടെ വിപണിയിലെത്തിച്ച കൈലാഖിന് കൂട്ടായാണ് കുശാഖിന്റെ ഫേസ് ലിഫ്റ്റ് പതിപ്പെത്തുന്നത്.

പരിഷ്‌ക്കരിച്ച ഹെഡ്-ടെയില്‍ ലാംപുകള്‍ വാഹനത്തിന് പുത്തന്‍ ലുക്ക് നല്‍കും. പുതിയ അലോയ് വീലുകളും ബംപറുകളും ഭംഗി കൂട്ടുന്നവയാണ്. അഡാസ് സ്യൂട്ട് അടക്കമുള്ള സുരക്ഷാ ഫീച്ചറുകളുമുണ്ടാകും. മികച്ച രീതിയില്‍ ക്രമീകരിച്ച ഇന്റീരിയറാകും വാഹനത്തിന്റെ പ്രധാന ആകര്‍ഷണം.നിലവില്‍ കുശാഖിലുള്ള എഞ്ചിന്‍ ഓപ്ഷനുകള്‍ തുടരും. 2025 അവസാനത്തോടെ അവതരിപ്പിക്കുന്ന വാഹനത്തിന് 11 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെയാകും വില.

ഒക്ടാവിയ

ഇന്ത്യന്‍ നിരത്തുകളില്‍ ഇരമ്പം തീര്‍ത്ത മറ്റൊരു മോഡല്‍ കൂടി മുഖം മിനുക്കിയെത്തുന്നു. ഇന്ത്യയില്‍ തന്നെ നിര്‍മിച്ച് വില്‍ക്കാനാണ് പ്ലാന്‍.

അങ്ങനെയെങ്കില്‍ കോഡിയാക്കിന് പിന്നാലെ നാലാം തലമുറ ഒക്ടാവിയയും റോഡിലിറങ്ങും. സ്‌കോഡ സ്ലാവിയയില്‍ ഉപയോഗിച്ചിരിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനോ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനോ ആകും വാഹനത്തിന് കരുത്ത് പകരുന്നത്. വാഹനത്തിന് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുമുണ്ടാകുമെന്നതാണ് വാഹന പ്രേമികളെ ആവേശത്തിലാക്കുന്നത്. ചാറ്റ് ജി.പി.ടി ഇന്റഗ്രേറ്റഡായ 13 ഇഞ്ച് ടച്ച് സ്‌ക്രീനാണ് വാഹനത്തിലുള്ളത്. 2025ന്റെ അവസാനത്തോടെ ലഭ്യമാകുന്ന വാഹനത്തിന് 30 ലക്ഷത്തിന് മുകളിലായിരിക്കും വില.

സൂപ്പര്‍ബ്

നാലാം തലമുറ സൂപ്പര്‍ബും 2025ല്‍ ഇന്ത്യയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

സ്ലോവാക്യയിലെ പ്ലാന്റില്‍ നിര്‍മിച്ച് ഇന്ത്യയിലെത്തിച്ച് കൂട്ടിയോജിപ്പിക്കാനാണ് സാധ്യത. ഒക്ടാവിയയിലും കുശാഖിലുമുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാകും സൂപ്പര്‍ബിനുമുണ്ടാവുക. വര്‍ഷാവസാനത്തോടെ വിപണിയിലെത്തുന്ന വാഹനത്തിന് 55 ലക്ഷം രൂപയായിരിക്കും വില.

എല്‍റോഖ് ഇ.വി

സ്‌കോഡയുടെ ഇലക്ട്രിക് എസ്.യു.വിയായ എല്‍റോഖിനെ ജനുവരിയിലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും.

55 കിലോവാട്ട് അവര്‍, 63 കിലോവാട്ട് അവര്‍, 82 കിലോ വാട്ട് അവര്‍ എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകളിലാണ് വാഹനമെത്തുന്നത്. ഒറ്റച്ചാര്‍ജില്‍ 560 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന വാഹനമാണിതെന്നാണ് കമ്പനി പറയുന്നത്. 35 മുതല്‍ 40 ലക്ഷം രൂപ വരെയാകും വാഹനത്തിന്റെ വില.

എന്‍യാഖ് ഐ.വി

കഴിഞ്ഞ വര്‍ഷത്തെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ സ്‌കോഡ അവതരിപ്പിച്ച വാഹനമാണിത്.

ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇത്തവണത്തെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ വാഹനം ലോഞ്ച് ചെയ്യുമെന്നാണ് സൂചനകള്‍. 77 കിലോവാട്ട് അവര്‍ ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 513 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നാണ് കമ്പനി പറയുന്നത്. ഫോക്‌സ് വാഗണിന്റെ എം.ഇ.ബി ആര്‍ക്കിടെക്ചര്‍ അനുസരിച്ച് നിര്‍മിച്ച വാഹനത്തിന് 55 ലക്ഷം രൂപയോളം വിലയുണ്ടാകുമെന്നാണ് വിവരം.

മഹീന്ദ്ര

ലോകോത്തര ഡിസൈനില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കി വാഹനലോകത്തെയാകെ 2024ല്‍ മഹീന്ദ്ര ഞെട്ടിച്ചിരുന്നു. അതിന്റെ ബാക്കി 2025ലുമുണ്ടാകുമെന്നാണ് പ്രതീക്ഷ. ബി.ഇ 6ഇ, എക്‌സ്.ഇ.വി 7ഇ, എക്‌സ്.ഇ.വി 9ഇ, എക്‌സ്.യു.വി 3എക്‌സ്ഓ ഇ.വി തുടങ്ങിയ മോഡലുകളാണ് പ്രധാനമാകും 2025ലേക്ക് കരുതി വച്ചിരിക്കുന്നത്.

ബി.ഇ 6ഇ

മഹീന്ദ്രയുടെ ഇംഗ്ലോ (INGLO) പ്ലാറ്റ് ഫോമില്‍ പുറത്തിറങ്ങുന്ന ആദ്യ ബോണ്‍ ഇലക്ട്രിക് വാഹനമാണ് ബി.ഇ 6ഇ.

2024ല്‍ അവതരിപ്പിച്ചെങ്കിലും വാഹനത്തിന്റെ വില അടക്കമുള്ള വിവരങ്ങള്‍ ജനുവരിയിലേ കമ്പനി പുറത്തുവിടൂ. ബുക്ക് ചെയ്തവര്‍ക്ക് ഫെബ്രുവരി അവസാനത്തോടെ വാഹനം ലഭിക്കും. 281 ബി.എച്ച്.പി കരുത്തും 380 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന വാഹനത്തിന്റെ ട്രാക്കിലെ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 6.7 സെക്കന്‍ഡ് മതിയാകും. ഒറ്റച്ചാര്‍ജില്‍ 682 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. 18 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ വിലയാകുമെന്നാണ് കരുതുന്നത്.

എക്‌സ്.ഇ.വി 9ഇ

വാഹനലോകത്ത് ട്രെന്‍ഡിംഗായ കൂപ്പെ ഡിസൈനില്‍ മഹീന്ദ്ര പുറത്തിറക്കിയ വജ്രായുധമാണ് എക്‌സ്.ഇ.വി 9ഇ.

പ്ലാറ്റ്‌ഫോമും പവര്‍ ഫിഗറുമെല്ലാം ബി.ഇ 6ഇയുടേത് തന്നെങ്കിലും ഇന്റീരിയറില്‍ കാര്യമായ മാറ്റമുണ്ട്. ഡാഷ് ബോര്‍ഡില്‍ നല്‍കിയിരിക്കുന്ന മൂന്ന് സ്‌ക്രീനുകള്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കൂടിയാണ്. ആഡംബര കാറുകളോട് സാദൃശ്യം തോന്നുന്ന രീതിയിലാണ് മറ്റ് എലമെന്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ബാറ്ററിക്ക് ആജീവനാന്ത വാറന്റി നല്‍കുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. വാഹനത്തിന്റെ വില സംബന്ധിച്ച കൃത്യമായ വിവരമില്ലെങ്കിലും 22 ലക്ഷം രൂപക്കും 30 ലക്ഷം രൂപക്കും ഇടയിലാകുമെന്നാണ് പ്രതീക്ഷ.

എക്‌സ്.ഇ.വി 7ഇ

കൂപ്പെ ഡിസൈനിലെത്തിയ എക്‌സ്.ഇ.വി 9ഇയുടെ എസ്.യു.വി പതിപ്പാണ് എക്‌സ്.ഇ.വി 7ഇ. മൂന്നാം നിരയില്‍ അധിക സീറ്റുകളും ഇതിലുണ്ടാകും. എക്‌സ്.ഇ.വി 9ഇയുടെ ഏതാണ്ടെല്ലാ ഫീച്ചറുകളും ഇതിലും മഹീന്ദ്ര ഉള്‍ക്കൊള്ളിക്കും. വിപണിയിലെത്തിയാല്‍ ടാറ്റയുടെ ഹാരിയര്‍ ഇവിക്ക് കടുത്ത മത്സരമാകും ഇവന്‍ നല്‍കുക. 20 മുതല്‍ 30 ലക്ഷം രൂപ വരെയായിരിക്കും വില.

എക്‌സ്.യു.വി 3എക്‌സ്.ഒ ഇവി

മഹീന്ദ്രയുടെ എക്.യു.വി 3എക്‌സ്.ഒ ഇലക്ട്രിക് പതിപ്പും 2025ലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

വിപണിയില്‍ ടാറ്റ നെക്‌സോണിന് ചെക്ക് വക്കാന്‍ ബാറ്ററി പാക്കില്‍ ചില പൊടിക്കൈകള്‍ മഹീന്ദ്ര വരുത്തുമെന്നാണ് വിവരം. 2025 പകുതിയോടെ എത്തുന്ന വാഹനത്തിന് 15 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെഴ്‌സിഡസ് ബെന്‍സ്

50 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആറ് കാറുകള്‍ വീതം ഓരോ മണിക്കൂറിലും ഇന്ത്യയില്‍ വില്‍ക്കുന്നുണ്ടെന്ന കണക്കുകള്‍ രാജ്യത്ത് ആഡംബര ശ്രേണിയിലെ ഡിമാന്‍ഡ് തെളിയിക്കുന്നതാണ്. ഈ സാധ്യതയിലേക്കാണ് മൂന്ന് മോഡലുകളുമായി ജര്‍മന്‍ കമ്പനിയായ മെഴ്‌സിഡസ് ബെന്‍സ് എത്തുന്നത്.

മേയ്ബാക്ക് ജി.എല്‍.എസ് നൈറ്റ് സീരീസ്

ആഡംബരത്തിനും യാത്രാ സുഖത്തിനും അത്യാധുനിക സാങ്കേതിക വിദ്യക്കും പേരുകേട്ട വാഹനമാണ് മെഴ്‌സിഡസ് ബെന്‍സിന്റെ മേയ്ബാക്ക് സീരീസ്.

പല രാഷ്ട്രത്തലവന്‍മാരും ഉപയോഗിക്കുന്ന വാഹനങ്ങളിലൊന്ന്. നൈറ്റ് സീരീസ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ കറുത്ത നിറത്തില്‍ ആറാടിയാണ് പുതിയ മേയ്ബാക്ക് ജി.എല്‍.എസ് നൈറ്റ് സീരീസ് ഇന്ത്യയിലെത്തുന്നത്. സില്‍വര്‍ നിറവും വാഹനത്തില് അതിസുന്ദരമായാണ് ക്രമീകരിച്ചിരിക്കുന്നത്. 4.0 ലിറ്റര്‍ വി8 എഞ്ചിന്‍ തന്നെയാകും വാഹനത്തിലുണ്ടാകുക. 2025ന്റെ തുടക്കത്തില്‍ എത്തുന്ന വാഹനത്തിന് 3.5 കോടി രൂപ വരെയാകും വില.

എ.എം.ജി സി.എല്‍.ഇ 53

3.0 ലിറ്റര്‍ ഇന്‍ലൈന്‍-6 എഞ്ചിന്‍ ഉള്ള മൈല്‍ഡ് ഹൈബ്രിഡ് കാറാണിത്.

449 ബി.എച്ച്.പി കരുത്തും 600 എന്‍.എം ടോര്‍ക്കമുള്ള മാരക പെര്‍ഫോമര്‍. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്ററിലെത്താന്‍ 4.4 സെക്കന്‍ഡ് മതിയെന്നാണ് കമ്പനി പറയുന്നത്. ഇതുതന്നെ എ.എം.ജിയുടെ പെര്‍ഫോമന്‍സ് കിറ്റുണ്ടെങ്കില്‍ 4.2 സെക്കന്‍ഡിലെത്തിക്കാം. ഓള്‍ വീല്‍ ഡ്രൈവ് അടക്കമുള്ള കിടിലന്‍ ഫീച്ചറുകളുള്ള കാര്‍ 2025ന്റെ അവസാനത്തോടെയാകും ഇന്ത്യയിലെത്തുക. രണ്ട് കോടി രൂപയിലധികം വിലയുണ്ടാകുമെന്നാണ് പ്രതീക്ഷ.

ജി 580 വിത്ത് ഇ.ക്യൂ ടെക്‌നോളജി

ഇലക്ട്രിക് ഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന ജി.വാഗണ്‍ 2025ന്റെ പകുതിയോടെ രാജ്യത്തെത്തുമെന്നാണ് കരുതുന്നത്.

116 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി പാക്ക് ഒറ്റച്ചാര്‍ജില്‍ 473 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നാണ് കമ്പനി പറയുന്നത്. നാല് മോട്ടോറുകളുള്ള വാഹനം 587 ബി.എച്ച്.പി കരുത്തും 1,164 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. നിലവിലെ ജി-വാഗണിന്റെ ഡിസൈനില്‍ ചില മാറ്റങ്ങള്‍ വരുത്തിയാകും ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തിക്കുക. എന്നാല്‍ ജി-വാഗണിലുള്ള ഓഫ്‌റോഡ് ഫീച്ചറുകളെല്ലാം നിലനിറുത്തും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം 5.5 സെക്കന്‍ഡ് മതിയാകും. 2025 പകുതിയോടെ ലോഞ്ച് ചെയ്യുന്ന വാഹനത്തിന് നാല് കോടി രൂപയോളം വിലയുണ്ടാകും.

Muhammed Aslam
Muhammed Aslam - Sub-Editor @ DhanamOnline  
Related Articles
Next Story
Videos
Share it