ചെറിയൊരു വണ്ടാണോ വില്ലന്‍? ഓടുന്ന വാഹനങ്ങള്‍ കത്തുന്നതിന് കാരണമിതൊക്കെ, ഒരല്‍പ്പം ശ്രദ്ധിച്ചാല്‍ തടയാം

ഓടിക്കൊണ്ടിരുന്ന കാറില്‍ തീപിടിച്ച് ഇടുക്കി കുമളിയില്‍ ഒരാള്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. കോഴിക്കോട് തീപിടിച്ച കാറിനുള്ളില്‍ ഡ്രൈവര്‍ വെന്തുമരിച്ചതും കേരളം ഞെട്ടലോടെയാണ് കേട്ടത്. ഇത്തരത്തിലുള്ള അപകടങ്ങള്‍ കേരളത്തില്‍ അടുത്ത കാലത്തായി വര്‍ധിക്കുന്നത് ഡ്രൈവര്‍മാരെയും സഹയാത്രികരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ പെട്ടെന്ന് കത്തിനശിക്കാനുള്ള കാരണമെന്താണ്? ദൗര്‍ഭാഗ്യവശാല്‍ കാറിന് തീപിടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്? ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണ്? പരിശോധിക്കാം
ഷോര്‍ട്ട് സര്‍ക്യൂട്ട്, സാങ്കേതിക തകരാര്‍, അപകടം, എഞ്ചിന്‍ തകരാര്‍, യാത്രക്കാരുടെ അശ്രദ്ധ, വാഹനത്തിന്റെ കാലപ്പഴക്കം തുടങ്ങിയ കാര്യങ്ങള്‍ വാഹനം തീപിടിക്കുന്നതിലേക്ക് നയിച്ചേക്കാം .
പ്രധാന വില്ലന്‍ ആള്‍ട്രേഷന്‍
നിരവധി സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് ഒരു വാഹനം നിരത്തിലെത്തുന്നത്. ഇതില്‍ വരുത്തുന്ന ചെറിയ മാറ്റം പോലും വാഹനത്തിന്റെ സുരക്ഷയെ സാരമായി ബാധിക്കും. രൂപമാറ്റം കാരണമാണ് വാഹനം അപകടത്തില്‍ പെട്ടതെന്ന് തെളിഞ്ഞാല്‍ ഇന്‍ഷുറന്‍സ് പോലും നിഷേധിക്കപ്പെട്ടേക്കാം.
വയറിംഗ് സംവിധാനത്തില്‍ കളി വേണ്ട

വാഹനത്തിന്റെ വയറിംഗ് സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തി സ്പീക്കര്‍, ലൈറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നത് വലിയ വിപത്ത് ക്ഷണിച്ചുവരുത്തുമെന്നാണ് വാഹന രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മിക്ക അപകടങ്ങളിലെയും വില്ലന്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വലിയ തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ആഫ്റ്റര്‍ മാര്‍ക്കറ്റ് മ്യൂസിക്ക് സിസ്റ്റം വാഹനത്തില്‍ ഘടിപ്പിക്കാനായി വയറിംഗ് കിറ്റില്‍ വരുത്തിയ ചെറിയ മാറ്റങ്ങളാണ് സംസ്ഥാനത്ത് നടന്ന ഒരു ദുരന്തത്തിലേക്ക് നയിച്ചത്. ചെലവ് ലാഭിക്കാനായി വയറിംഗ് കിറ്റില്‍ വില കുറഞ്ഞ വയറുകള്‍ ചേര്‍ത്തതാണ് വിനയായത്.
ബാറ്ററിയുടെ കാലപ്പഴക്കം
കാലപ്പഴക്കം ചെന്ന ബാറ്ററികള്‍ ഉപയോഗിക്കുന്നതും വാഹനങ്ങള്‍ തീപിടിക്കാനുള്ള കാരണങ്ങളിലൊന്നാണ്. കാലാവധി കഴിഞ്ഞ ബാറ്ററികള്‍ക്ക് വാഹനത്തില്‍ നിന്നുണ്ടാകുന്ന ചൂട് താങ്ങാനുള്ള ശേഷി കാലക്രമേണ നഷ്ടപ്പെടും. ഇത് വയറിംഗ് സംവിധാനത്തിലെ തകരാറിലേക്കും തീപിടുത്തത്തിലേക്കും നയിക്കും. ഓവര്‍ ചാര്‍ജാകുന്നത് മൂലമുണ്ടാകുന്ന ഹൈഡ്രജന്‍ വാതകത്തിന്റെ സ്വാധീനവും അപകടത്തിലേക്ക് നയിക്കുന്നു. ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികളും അപകട സാധ്യതയുള്ളതാണ്.
എഞ്ചിന്‍ തകരാര്‍

വാഹനങ്ങള്‍ കത്തുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് എഞ്ചിന്‍ തകരാര്‍. ശരിയായ സമയത്ത് സര്‍വീസ് ചെയ്യാത്തത് മൂലം ഇങ്ങനെയുള്ള വാഹനങ്ങളില്‍ എഞ്ചിന്‍ ഓയില്‍, ഇന്ധനം എന്നിവ ചോരുന്നത് സാധാരണമാണ്. നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ എഞ്ചിന്‍ ഭാഗത്ത് എലി, പൂച്ച തുടങ്ങിയവ കയറി വയറുകളും ട്യൂബുകളും കടിച്ചു മുറിക്കാനുള്ള സാധ്യതയുണ്ട്. എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഒരു തരം വണ്ടിനെ ആകര്‍ഷിക്കുമെന്നും ഇവ പെട്രോള്‍ ടാങ്കില്‍ നിന്നും എഞ്ചിനിലേക്കുള്ള ട്യൂബ് നശിപ്പിക്കുമെന്നും ചില വാഹന മെക്കാനിക്കുകളും പറയുന്നു. വണ്ട് തുരക്കുന്ന ട്യൂബില്‍ നിന്നും സ്പ്രേ പോലെ ചീറ്റുന്ന പെട്രോള്‍ പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ളതാണ്. ഫ്യൂവല്‍ ട്യൂബ് തകരാറിനെ തുടര്‍ന്ന് നിരവധി പേര്‍ അറ്റകുറ്റപ്പണിക്ക് വരാറുണ്ടെന്നും മെക്കാനിക്കുകള്‍ പറയുന്നു. വാഹനത്തിലെ ഡിസൈനിലുണ്ടാകുന്ന പാകപ്പിഴകളും അപകടത്തിന് കാരണമാകാറുണ്ട്.
കാറ്റലിറ്റിക് കണ്‍വെര്‍ട്ടറുകള്‍

അമിതമായി ചൂടാകുന്ന കാറ്റലിറ്റിക് കണ്‍വെര്‍ട്ടറുകളും തീപിടുത്തത്തിന് കാരണമാകാറുണ്ട്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ മലിനീകരണം കുറയ്ക്കാനായി എക്‌സ്‌ഹോസ്റ്റിനും മഫ്‌ളറിനും ഇടയിലാണ് ഇത്തരം കണ്‍വെര്‍ട്ടറുകള്‍ സ്ഥാപിക്കുന്നത്. ഇവ പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങളില്‍ തട്ടിയാല്‍ അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഓയില്‍ ലീക്ക്
ഓരോ വാഹനത്തിലും പെട്ടെന്ന് തീപിടിക്കാവുന്ന ഇന്ധനങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. പെട്രോള്‍, ഡീസല്‍, എഞ്ചിന്‍ ഓയില്‍, ട്രാന്‍സ്മിഷന്‍ ഫ്‌ളൂയിഡ്, പവര്‍ സ്റ്റിയറിംഗ് ഫ്‌ളൂയിഡ്, ബ്രേക്ക് ഫ്‌ളൂയിഡ് തുടങ്ങി നിരവധി സാധനങ്ങള്‍ ഇതിലുണ്ട്. ഇവ വാഹനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനായി നിരവധി ട്യൂബുകളും ഘടിപ്പിച്ചിട്ടുണ്ട്. നിരവധി സുരക്ഷാ മാനദണ്ഡങ്ങള്‍ സൂക്ഷിക്കുന്ന ഇവയിലുണ്ടാകുന്ന ചോര്‍ച്ച അപകടം ക്ഷണിച്ചുവരുത്തും. കൂട്ടിയിടിയെ തുടര്‍ന്ന് ഉണ്ടാകുന്ന ചോര്‍ച്ചയും വലിയ വിപത്തിലേക്ക് നയിക്കും.
എങ്ങനെ തടയാം
ജാഗ്രതയാണ് ഇത്തരം അപകടങ്ങള്‍ തടയാന്‍ ആവശ്യം. വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യമായി പൂര്‍ത്തിയാക്കണം. ഷോര്‍ട്ട് സര്‍ക്യൂട്ട് തടയാന്‍ വാഹനത്തിന്റെ ഇലക്ട്രിക് യൂണിറ്റുകള്‍ കൃത്യമായി പരിശോധിക്കണം. എഞ്ചിന്‍, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ ശരിയായ രീതിയില്‍ പരിപാലിക്കുക. ഗ്യാസ് സിലിണ്ടര്‍, സ്‌പ്രേക്കുപ്പി, ആല്‍ക്കഹോള്‍ തുടങ്ങിയ എളുപ്പം തീപിടിക്കുന്ന വസ്തുക്കള്‍ പരമാവധി വാഹനത്തില്‍ സൂക്ഷിക്കരുത്. വാഹനത്തിലിരുന്ന് പുകവലി, മദ്യപാനം ഒഴിവാക്കാം. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുമ്പോഴും ശ്രദ്ധ വേണം.
തീപിടുത്തമുണ്ടായെന്ന് എങ്ങനെ മനസിലാക്കാം
വാഹനം ഓടിക്കുമ്പോള്‍ ഇന്ധനത്തിന്റെയോ റബ്ബര്‍, പ്ലാസ്റ്റിക് എന്നിവ കത്തിയതിന്റെയോ മണം ലഭിച്ചാല്‍ ഉടനടി വാഹനം നിറുത്തി പരിശോധിക്കണം. ബോണറ്റില്‍ നിന്ന് പുക വരുന്നത് കണ്ടാലും പരിശോധന വേണം. ഓട്ടത്തിനിടയില്‍ ഇന്ധനത്തിന്റെ മണമുണ്ടെങ്കില്‍ മെക്കാനിക്കിന്റെ സഹായത്തോടെ അത് പരിശോധിച്ച് ശരിയാക്കണം.
പരിഭ്രാന്തിയും അശ്രദ്ധയും വേണ്ട

എല്ലാ ദിവസവും വാഹനമെടുക്കുന്നതിന് മുമ്പ് സുരക്ഷാ പരിശോധന നടത്തുന്നത് നല്ലതാണെന്ന് കഴക്കൂട്ടം അഗ്നിരക്ഷാനിലയം സ്‌റ്റേഷന്‍ ഓഫീസര്‍ ജിഷാദ്.ജെ പറഞ്ഞു. വാഹനത്തിന്റെ എഞ്ചിന്‍ ഓയില്‍, ബാറ്ററി കണക്ഷന്‍ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. വാഹനം നല്‍കുന്ന മുന്നറിയിപ്പുകള്‍ ഒരിക്കലും അവഗണിക്കരുത്. വാണിംഗ് ലൈറ്റുകള്‍ കത്തിയാല്‍ വാഹനം നിറുത്തി എന്താണെന്ന് പരിശോധിക്കുകയാണ് വേണ്ടത്. ഒരുപക്ഷേ വാഹനത്തിന് തീ പിടിച്ചാല്‍ പരിഭ്രാന്തരാവാതെ എത്രയും പെട്ടെന്ന് വാഹനത്തിന് പുറത്തിറങ്ങണം. ചെറിയ തീപിടുത്തങ്ങള്‍ തടയാന്‍ ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ വാഹനത്തില്‍ സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ വലിയ തീയാണെങ്കില്‍ സ്വയം അണയ്ക്കാന്‍ ശ്രമിക്കാതെ സുരക്ഷാ ഉദ്യോഗസ്ഥരെ ബന്ധപ്പെടുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
Related Articles
Next Story
Videos
Share it