Begin typing your search above and press return to search.
വില്‍പ്പനയില്‍ പത്ത് മടങ്ങോളം വര്‍ധന, ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രിയമേറുന്നു
ഇന്ധനവില കുതിച്ചുയര്‍ന്നതോടെ രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രിയമേറുന്നു. ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പനയും ഉയര്‍ന്നിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക് സ്‌കൂട്ടറുകളോടുള്ള താല്‍പ്പര്യം വര്‍ധിച്ചതോടെ ഹീറോ ഇലക്ട്രിക്, ഒകിനാവ, ആമ്പിയര്‍, ഏഥര്‍, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് എന്നിവയ്ക്ക് പുറമെ അടുത്തിടെ ആരംഭിച്ച ഓലയും സിമ്പിള്‍ വണ്ണും കടന്നുവന്നത് ഈ രംഗത്ത് മത്സരം കടുക്കാന്‍ കാരണമായി.
അതേസമയം, ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ കടുത്ത മത്സരത്തിനിടയിലും മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബജാജ് ചേതക്കും ടിവിഎസ് ഐക്യൂബും. കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ബജാജ് ചേതക് വില്‍പ്പന, കഴിഞ്ഞവര്‍ഷത്തെ 332 യൂണിറ്റില്‍നിന്ന് 1,991 ആയി ഉയര്‍ന്നു. ആറ് മടങ്ങോളം വര്‍ധനവാണ് കമ്പനി നേടിയത്. അതേസമയം കഴിഞ്ഞ കാലയളവിനേക്കാള്‍ ടിവിഎസ് ഐക്യൂബിന്റെ വില്‍പ്പന 71 യൂണിറ്റുകളില്‍ നിന്ന് 2,255 യൂണിറ്റായി ഉയര്‍ന്നു. 31 മടങ്ങോളം വര്‍ധനവാണ് ടിവിഎസ് ഐക്യൂബ് നേടിയത്. ഇവ രണ്ടിന്റെയും മൊത്തം വില്‍പ്പന, ജനുവരി-ജൂലൈ കാലയളവില്‍ 2020 ലെ 400 ല്‍നിന്ന് 4000 യൂണിറ്റായാണ് വര്‍ധിച്ചത്. പത്ത് മടങ്ങോളം വര്‍ധന.
ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ബജാജ് ചേതക്കിനും ടിവിഎസ് ഐക്യൂബിനുള്ള സ്വീകാര്യത വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഈ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളുടെയും വില്‍പ്പന ഉയര്‍ന്നത്. ആയിരത്തോളം യൂണിറ്റുകളാണ് ഈ മാസങ്ങളില്‍ വിറ്റഴിഞ്ഞതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ പൂനെ, ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ടിവിഎസ് ഐക്യൂബ് ലഭ്യമായിട്ടുള്ളത്. അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഉടന്‍ വില്‍പ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബജാജ് ചേതക്കിനും ടിവിഎസ് ഐക്യൂബിനും പുറമെ മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും ആവശ്യക്കാരേറെയാണ്. ഫെയിം II പദ്ധതിയിലൂടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള സബ്‌സിഡി കേന്ദ്രം വര്‍ധിപ്പിച്ചതും ഇന്ധനവില കുതിച്ചുയര്‍ന്നതുമാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഡിമാന്റ് ഉയരാനിടയാക്കിയത്. നേരത്തെ കിലോവാട്ടിന് 10,000 രൂപയുണ്ടായിരുന്ന സബ്‌സിഡി ഫെയിം II പദ്ധതിയിലൂടെ 15,000 രൂപ ആയാണ് ഉയര്‍ത്തിയത്. ഇതുവഴി 3 കിലോവാട്ട് ബാറ്ററയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് 45,000 രൂപയോളം കുറയും.
Next Story
Videos