രാജ്യത്ത്‌ 2,000 രൂപ നോട്ടുകൾ പിൻവലിച്ചു

രാജ്യത്ത്‌ 2,000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചു. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാമെന്ന് ആർ. ബി. ഐ വ്യക്തമാക്കിയിട്ടുണ്ട്. സെപ്തംബർ 30 ന് ശേഷം റിസർവ് ബാങ്ക് ഇക്കാര്യത്തിൽ പുതിയ മാർഗനിർദേശം പുറപ്പെടുവിക്കും

ബാങ്കുകൾ രണ്ടായിരത്തിന്റെ നോട്ടുകൾ നൽകരുതെന്ന് ആർ. ബി. ഐ നിർദേശം നൽകിയിട്ടുണ്ട്.

20,000 രൂപ വരെയുള്ള 2,000 ത്തിന്റെ നോട്ടുകൾ ഒറ്റത്തവണ ആയി മാറ്റിയെടുക്കാം. മേയ് 23 മുതൽ ഇതിനു സൗകര്യമൊരുക്കും. നിലവിൽ ജനങ്ങൾക്ക് 2,000 രൂപ കൈമാറ്റം ചെയ്യുന്നതിൽ തടസങ്ങളില്ല. കച്ചവടക്കാർക്ക് ഇവ സ്വീകരിക്കാം. എന്നാൽ സെപ്റ്റംബർ 30നകം മാറ്റിയെടുക്കണം എന്ന് മാത്രം.

അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിൽ എത്തിയും ആർക്കും 2,000 നോട്ടുകൾ മാറാം. എന്നാൽ ഒരു സമയം 20,000 രൂപ വരെ മാത്രമേ മാറാൻ കഴിയൂ.

അതിൽ കൂടുതൽ നോട്ടുകൾ മാറ്റിയെടുക്കേണ്ടവർക്ക് അക്കൗണ്ടുകളിൽ ഈ പണം നിക്ഷേപിച്ച് പിൻവലിക്കാം. ഇതിനൊക്കെ ഉപയോക്താവിന്റെ കെ. വൈ. സി (Know Your Customer) രേഖകൾ കൃത്യമായിരിക്കണം.

2018 നു ശേഷം 2000 ത്തിന്റെ നോട്ടുകൾ ആർ. ബി. ഐ അച്ചടിച്ചിട്ടില്ല.

2016 നവംബർ എട്ടിന് പ്രധാന മന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതിനെ തുടർന്നാണ് ആർ. ബി. ഐ 2,000 രൂപ നോട്ടുകൾ പുറത്തിറക്കിയത്. അന്ന് 500, 1,000 രൂപ നോട്ടുകളായിരുന്നു അപ്രതീക്ഷിതമായി പിൻവലിച്ചത്.

ലക്ഷ്യം കൈവരിച്ചെന്ന് ആർ. ബി. ഐ

2,000 രൂപ നോട്ടുകൾ അച്ചടിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്ന് ആർ. ബി. ഐ അറിയിച്ചു.

കള്ളപ്പണം തടയുകയായിരുന്നു പിൻവലിക്കലിന്റെ ലക്ഷ്യമെന്നാണ് അന്ന് പറഞ്ഞിരുന്നത്.

‘ക്ലീൻ നോട്ട്‌’ നയത്തിന്റെ ഭാഗമായി കൂടിയാണ്‌ പിൻവലിക്കൽ. 2018 മാർച്ചിൽ 6.73 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു. നിലവിലിത്‌ 3.62 ലക്ഷം കോടി മാത്രമാണ്‌.

നിലവിൽ ലഭ്യമായിട്ടുള്ള 2000 രൂപ നോട്ടുകളിൽ 89 ശതമാനവും 2017 മാർച്ചിന്‌ മുമ്പായി അച്ചടിച്ചതാണ്. നോട്ടുകളുടെ കാലപരിധിയായ 4-5 വർഷം പൂർത്തിയായെന്നും ആർബിഐ അറിയിച്ചു.

ഓരോ കറൻസി നോട്ടിനും 4-5 വർഷം ആയുസ്സാണ് ആർ. ബി. ഐ പറയുന്നത്. സാധാരണ പഴകിയ നോട്ടുകൾ ബാങ്കിൽ എത്തുമ്പോൾ തിരിക ഉപയോക്താക്കളിൽ എത്താതെ തിരിച്ചെടുക്കും; പകരം തത്തുല്യ മൂല്യമുള്ള പുതിയ നോട്ടിറക്കും. ഇവിടെ 2000 രൂപാ നോട്ടുകളുടെ ആയുസ് തീർന്നു. അച്ചടിയും ഇല്ലാത്ത പശ്ചാത്തലത്തിലാണ് പകരം നോട്ടിറക്കാതെ പൂർണ്ണമായി പിൻവലിച്ച് ഒഴിവാക്കുന്നത്.

Related Articles
Next Story
Videos
Share it