അഞ്ച് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം

ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐ.ഒ.ബി, യുകോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ്‌ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകളുടെ (പി.എസ്.ബി) ഓഹരി പങ്കാളിത്തം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍. സെബിയുടെ മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് (എം.പി.എസ്) മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഓഹരി 75 ശതമാനത്തില്‍ താഴെയായി കുറയ്ക്കാന്‍ പദ്ധതിയിടുന്നത്.

2023 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം മൊത്തം 12 പൊതുമേഖലാ ബാങ്കുകളിൽ നാലെണ്ണം എം.പി.എസ് മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നത്. നിലവിൽ തീരുമാനിച്ച അഞ്ച് പൊതുമേഖലാ ബാങ്കുകൾക്ക് പിന്നാലെ ശേഷിക്കുന്ന പൊതുമേഖലാ ബാങ്കുകളിലെയും ഓഹരി പങ്കാളിത്തം സർക്കാർ വെട്ടിക്കുറയ്ക്കും.

നിലവില്‍ ഡല്‍ഹി ആസ്ഥാനമായ പഞ്ചാബ് ആന്‍ഡ് സിന്ധ്‌ ബാങ്കില്‍ സർക്കാരിന് 98.25 ശതമാനം ഓഹരികളാണുള്ളത്. ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 96.38 ശതമാനവും യുകോ ബാങ്കില്‍ 95.39 ശതമാനവും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 93.08 ശതമാനവും ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 86.46 ശതമാനവുമാണ് സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം.

സെബിയുടെ മിനിമം പബ്ലിക് ഷെയര്‍ഹോള്‍ഡിംഗ് മാനദണ്ഡങ്ങള്‍ പ്രകാരം എല്ലാ കമ്പനികളുടെയും 25 ശതമാനം ഓഹരികള്‍ പൊതു ഓഹരിയുടമകൾക്കായിരിക്കും. ഈ മാനദണ്ഡം പാലിക്കാന്‍ 2024 ഓഗസ്റ്റ് വരെ സമയമുണ്ട്.


Related Articles
Next Story
Videos
Share it