Begin typing your search above and press return to search.
54% ജോലികളും നിര്‍മിത ബുദ്ധി ഏറ്റെടുക്കും, ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടാകുന്നത് ഈ സെക്ടറില്‍
നിര്‍മിത ബുദ്ധി വ്യാപകമാകുന്നതോടെ തൊഴില്‍ നഷ്ടപ്പെടുന്നവരില്‍ കൂടുതല്‍ പേരും ബാങ്കിംഗ് സെക്ടറില്‍ നിന്നാകുമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ സിറ്റി ഗ്രൂപ്പ്. മറ്റേത് തൊഴില്‍ മേഖലയിലുള്ളവരേക്കാളും ബാങ്കിംഗ് രംഗത്ത് തൊഴില്‍ നഷ്ടം രേഖപ്പെടുത്തും. നിലവിലുള്ള 54 ശതമാനം ജോലികളും സ്വയം ചെയ്യാവുന്ന രീതിയില്‍ നിര്‍മിത ബുദ്ധി വികസിക്കും. ബാക്കിയുള്ള 12 ശതമാനം ജോലികളില്‍ കൂടുതല്‍ സാങ്കേതിക വിദ്യയുടെ സഹായം തേടുന്നതോടെ പണി പോകുന്നവരുടെ എണ്ണം കൂടുമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ സിറ്റി ബാങ്ക്, കഴിഞ്ഞ വര്‍ഷം മുതല്‍ നിര്‍മിത ബുദ്ധി പരീക്ഷിക്കുന്നുണ്ട്. തൊഴിലാളികളുടെ ഉത്പാദനക്ഷമത കൂട്ടുമെന്നും ബാങ്കിന്റെ ചെലവ് കുറയുമെന്നുമായിരുന്നു വാദം. ബാങ്കിലെ കോഡിംഗ് ജീവനക്കാര്‍ക്ക് നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ വിവിധ സങ്കേതങ്ങളില്‍ ഇതിനോടകം പരിശീലനം നല്‍കി കഴിഞ്ഞു. ചാറ്റ് ജി.പി.ടി പോലുള്ളവ പ്രവര്‍ത്തിക്കുന്ന ജെനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചത്.
ബാങ്കിംഗ് മേഖലയില്‍ വിപ്ലകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനും ലാഭം വര്‍ധിപ്പിക്കാനും നിര്‍മിത ബുദ്ധിക്കാകുമെന്ന് സിറ്റിഗ്രൂപ്പ് ചീഫ് ടെക്‌നോളജി ഓഫീസര്‍ ഡേവിഡ് ഗ്രിഫിത്ത്‌സ് പറഞ്ഞു. ജീവനക്കാരെയും ബാങ്കിനെയും ശാക്തീകരിക്കുന്നതിന് സുരക്ഷിതവും ഉത്തരവാദിത്തപരവുമായ രീതിയിലാണ് നിര്‍മിത ബുദ്ധി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഴയത് പോകും, പുതിയത് വരും
നിര്‍മിത ബുദ്ധി പണി കളയുമെന്ന് പറയുന്നുണ്ടെങ്കിലും ഈ സാങ്കേതിക വിദ്യ സ്വായത്തമാക്കിയാല്‍ പുതിയ തൊഴില്‍ സാഹചര്യങ്ങള്‍ തെളിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എ.ഐ മാനേജര്‍മാരെയും എ.ഐ പരിശീലനം നേടിയ ജീവനക്കാരെയും കൂടുതലായി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായി വരും. കൂടാതെ പുതിയ സാങ്കേതിക വിദ്യ നടപ്പില്‍ വരുത്തുമ്പോള്‍ വ്യാപക തൊഴില്‍ നഷ്ടമുണ്ടാകില്ലെന്നും പരമ്പരാഗത ജോലികള്‍ ഇല്ലാതായി പുതിയവ ഉദയം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍മിത ബുദ്ധി ഇന്ത്യയിലെ ബാങ്കുകിലും
വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ ബാങ്കിംഗ് ഉപയോക്താക്കളുള്ള രാജ്യമായ ഇന്ത്യയില്‍ ബാങ്കിംഗ് സെക്ടറിലെ നിര്‍മിത ബുദ്ധിയുടെ ഉപയോഗം വ്യാപകമാവുകയാണ്. ഉപയോക്താക്കള്‍ക്ക് സംശയ നിവാരണത്തിനും മറ്റുമായുള്ള ചാറ്റ് ബോട്ടുകള്‍ മുതല്‍ തട്ടിപ്പുകാരെ തടയാനും വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കാനും വരെ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു.
Next Story
Videos