ജൂണ്‍ പാദത്തില്‍ മുന്നേറ്റവുമായി ബജാജ് ഫിനാന്‍സ്, അറ്റാദായം 159 ശതമാനം ഉയര്‍ന്നു

നടപ്പുസാമ്പത്തിക വര്‍ഷം ആദ്യം പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലവുമായി ബജാജ് ഫിനാന്‍സ്. ജൂണ്‍ പാദത്തിലെ അറ്റാദായം മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 159 ശതമാനം വര്‍ധിച്ച് 2,596 കോടി രൂപയിലെത്തി. ജൂണ്‍ പാദത്തിലെ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 1,002 കോടി രൂപയായിരുന്നു ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ അറ്റാദായം. കൂടാതെ, വിശകലന വിദഗ്ധര്‍ പ്രവചിച്ച 2,327 കോടി രൂപയേക്കാള്‍ കൂടുതലാണിതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അറ്റ പലിശ വരുമാനം, കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 4,489 കോടി രൂപയില്‍ നിന്ന് 48 ശതമാനം ഉയര്‍ന്ന് 6,638 കോടി രൂപയായി. ഈ പാദത്തിലെ പുതിയ വായ്പകള്‍ മുന്‍ വര്‍ഷം ഇതേ പാദത്തിലെ 4.63 ദശലക്ഷത്തില്‍ നിന്ന് 60 ശതമാനം ഉയര്‍ന്ന് 7.42 ദശലക്ഷത്തിലെത്തി.

മൊത്ത നിഷ്‌ക്രിയ ആസ്തി 1.25 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.51 ശതമാനവുമാണ്. കഴിഞ്ഞവര്‍ഷത്തെ കാലയളവില്‍ ഇവ യഥാക്രമം 2.96 ശതമാനവും 1.46 ശതമാനവുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മൊത്തത്തില്‍, മാനേജ്മെന്റിന് കീഴിലുള്ള ഏകീകൃത ആസ്തി കഴിഞ്ഞ കാലയളവിലെ 1,59,057 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 28 ശതമാനം വര്‍ധിച്ച് 2,04,018 കോടി രൂപയായി.

ബജാജ് ഫിനാന്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളായ ബജാജ് ഹൗസിംഗ് ഫിനാന്‍സ്, ബജാജ് ഫിനാന്‍ഷ്യല്‍ സെക്യൂരിറ്റീസ് എന്നിവയുടെ ഉള്‍പ്പെടെയാണ് ഈ ഫലം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it