Begin typing your search above and press return to search.
ബാങ്ക് തട്ടിപ്പുകളില്‍ വന്‍ കുതിപ്പ്; കള്ളനോട്ടും കൂടുന്നു, 'അനാഥപ്പണവും' മേലോട്ട്
കഴിഞ്ഞ സാമ്പത്തികവര്‍ഷം (2023-24) ഇന്ത്യയിലെ ബാങ്കുകളില്‍ നടന്നത് 36,075 തട്ടിപ്പുകള്‍. 2022-23ലെ 13,564 തട്ടിപ്പുകളെ അപേക്ഷിച്ച് 166 ശതമാനമാണ് വര്‍ധനയെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കി. അതായത്, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കിംഗ് തട്ടിപ്പുകളുടെ എണ്ണം രണ്ടിരട്ടിയോളം വര്‍ധിച്ചു.
അതേസമയം, തട്ടിപ്പിലുള്‍പ്പെട്ട തുകയുടെ മൂല്യം കുറയുന്നു എന്നത് ആശ്വാസമാണ്. 2022-23ല്‍ 26,127 കോടി രൂപയുടെ തട്ടിപ്പ് നടന്നിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 46.7 ശതമാനം താഴ്ന്ന് 13,930 കോടി രൂപയായി.
തട്ടിപ്പ് കൂടുതല്‍ സ്വകാര്യബാങ്കുകളില്‍
ഏറ്റവുമധികം തട്ടിപ്പ് നടക്കുന്നത് സ്വകാര്യബാങ്കുകളിലാണെങ്കിലും തട്ടിപ്പുമൂല്യത്തില്‍ മുന്നില്‍ പൊതുമേഖലാ ബാങ്കുകളാണ്. ഡിജിറ്റല്‍ പേയ്‌മെന്റുകളിലാണ് (കാര്‍ഡ്/ഇന്റര്‍നെറ്റ്) തട്ടിപ്പുകളുടെ എണ്ണം കൂടുതല്‍. എന്നാല്‍, കൂടുതല്‍ തുകയുടെ തട്ടിപ്പ് നടക്കുന്നത് വായ്പാരംഗത്താണ്.
സ്വകാര്യബാങ്കുകളിലാണ് ഡിജിറ്റല്‍ പേയ്‌മെന്റിലെ തട്ടിപ്പ് കൂടുതല്‍. പൊതുമേഖലാ ബാങ്കുകളില്‍ വായ്പകളിലാണ് തട്ടിപ്പ് കൂടുതലും നടക്കുന്നത്.
അനാഥപ്പണം 78,213 കോടി
ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 78,213 കോടി രൂപയാണെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കി. 2022-23ലെ 62,225 കോടി രൂപയെ അപേക്ഷിച്ച് 26 ശതമാനം വര്‍ധന.
സഹകരണ ബാങ്കുകള്‍ അടക്കമുള്ളവയില്‍ നിന്നുള്ള കണക്കാണിത്. പത്തോ അതിലധികമോ വര്‍ഷം നിര്‍ജീവമായി ബാങ്ക് അക്കൗണ്ടില്‍ കിടക്കുന്ന പണത്തെയാണ് അണ്‍ക്ലെയ്മ്ഡ് ഡെപ്പോസിറ്റ്‌സ് അഥവാ അവകാശികളില്ലാത്ത പണമായി കണക്കാക്കുന്നത്.
ഇത്തരം പണത്തിന്മേല്‍ അവകാശമുന്നയിക്കാന്‍ ഉപയോക്താക്കള്‍ക്കായി ഉദ്ഗം (UDGAM) പോര്‍ട്ടല്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചിരുന്നു.
കറന്‍സിക്ക് പ്രിയം തന്നെ
യു.പി.ഐ അടക്കമുള്ള ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് അനുദിനം സ്വീകാര്യത ഏറുന്നുണ്ടെങ്കിലും ഇന്ത്യയില്‍ കറന്‍സിക്ക് പ്രിയം കുറയുന്നില്ലെന്ന് റിസര്‍വ് ബാങ്ക് പറയുന്നു.
വിനിമയത്തിലുള്ള കറന്‍സികളുടെ എണ്ണം കഴിഞ്ഞവര്‍ഷം 7.8 ശതമാനവും മൂല്യം 3.9 ശതമാനവും ഉയര്‍ന്നു. 14,687 കറന്‍സി നോട്ടുകളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 6,017 കോടിയും 500 രൂപാ നോട്ടുകളാണ്. 10 രൂപയുടെ നോട്ടുകളാണ് 2,495 കോടി എണ്ണവുമായി തൊട്ടുപിന്നിലുള്ളത്.
2,000 രൂപ നോട്ട് വിപണിയില്‍ നിന്ന് പിന്‍വലിച്ചതോടെ നിലവില്‍ ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഏറ്റവും മൂല്യമേറിയ നോട്ട് 500 രൂപയുടേതാണ്. ഇതാണ് 500ന്റെ നോട്ടുകള്‍ക്ക് പ്രിയമേറാന്‍ കാരണം.
കള്ളനോട്ടുകള്‍ കൂടുന്നു
ബാങ്കിംഗ് മേഖലയിലേക്ക് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ എത്തിയ വ്യാജ 2,000 രൂപാ നോട്ടുകളുടെ എണ്ണം മുന്‍വര്‍ഷത്തെ 9,806ല്‍ നിന്ന് 26,000 ആയി ഉയര്‍ന്നു.
കഴിഞ്ഞവര്‍ഷമെത്തിയ മൊത്തം 2.22 ലക്ഷം കള്ളനോട്ടുകളില്‍ 85,711 എണ്ണവും 500 രൂപയുടേതാണ്.
ഇ-റുപ്പിയില്‍ 70 ശതമാനവും 500ന്റേത്
റിസര്‍വ് ബാങ്ക് അടുത്തിടെ അവതരിപ്പിച്ച സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (CBDC) അഥവാ ഇ-റുപ്പിയുടെ പ്രചാരത്തിലുള്ള മൂല്യം മുന്‍വര്‍ഷത്തെ 16.39 കോടി രൂപയില്‍ നിന്ന് കഴിഞ്ഞവര്‍ഷം 234.12 കോടി രൂപയായി വര്‍ധിച്ചു. ഇതില്‍ 70 ശതമാനവും 500 രൂപയുടെ ഇ-റുപ്പികളാണ്.
അച്ചടിച്ചെലവ് മേലോട്ട്
കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞവര്‍ഷം ചെലവിട്ട തുക 5,101 കോടി രൂപയാണ്. 2022-23ല്‍ ചെലവ് 4,682 കോടി രൂപയായിരുന്നു.
Next Story
Videos