ബാങ്കുകൾ എട്ട് കൊല്ലംകൊണ്ട് എഴുതിത്തള്ളിയത് ₹14 ലക്ഷം കോടി

ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ (എസ്.സി.ബി) 2014-15 മുതല്‍ 2022-23 വരെ 14.56 ലക്ഷം കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളിയതായി ധനമന്ത്രാലയം ലോക്‌സഭയെ അറിയിച്ചു. ഇതില്‍ 7.40 ലക്ഷം കോടി രൂപയും വന്‍കിട വ്യവസായങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ടവയാണ്. എഴുതിത്തള്ളിയ വായ്പകളില്‍ മൊത്തം വീണ്ടെടുക്കല്‍ വെറും 2 ലക്ഷം കോടി രൂപ മാത്രമാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാദ് അറിയിച്ചു.

കിട്ടാക്കടം എഴുതി തള്ളുന്നത്

റിസര്‍വ് ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ബാങ്കിന്റെ ബോര്‍ഡ് അംഗീകരിച്ച നയവും അനുസരിച്ച് നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കിട്ടാക്കടങ്ങള്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റില്‍ നിന്ന് നീക്കം ചെയ്യുന്നു.ബാലന്‍സ് ഷീറ്റ് ക്ലിയര്‍ ചെയ്യുന്നതിനും നികുതി ആനുകൂല്യങ്ങള്‍ നേടുന്നതിനുമാണ് ബാങ്കുകള്‍ ഇങ്ങനെ ചെയ്യുന്നത്. ഇത്തരമൊരു എഴുതിത്തള്ളല്‍ അല്ലെങ്കില്‍ ബാലന്‍സ് ഷീറ്റില്‍ നിന്നുള്ള ഒഴിവാക്കല്‍ കടം വാങ്ങുന്നയാളെ തിരിച്ചടവ് ബാധ്യതയില്‍ നിന്ന് ഒഴിവാക്കുന്നില്ല. അവര്‍ തിരിച്ചടവിന് ബാധ്യസ്ഥരായിരിക്കും.

കിട്ടാക്കടങ്ങള്‍ കുറയ്ക്കാന്‍ നടപടി

സര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് കിട്ടാക്കടങ്ങള്‍ വീണ്ടെടുക്കുന്നതിനും കുറയ്ക്കുന്നതിനും സമഗ്രമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ മൊത്ത കിട്ടാക്കടം 2018 മാര്‍ച്ച് 31ലെ 8.96 ലക്ഷം രൂപയില്‍ നിന്ന് 2023 മാര്‍ച്ച് 31 വരെ 4.28 ലക്ഷം കോടി രൂപയായി കുറയാന്‍ സഹായിച്ചുവെന്നും ഡോ. ഭഗവത് കരാഡ് പറഞ്ഞു. ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ പട്ടികയില്‍ 12 പൊതുമേഖലാ ബാങ്കുകള്‍ (പി.എസ്.ബികള്‍), 22 സ്വകാര്യ ബാങ്കുകള്‍, 12 ചെറുകിട ധനകാര്യ ബാങ്കുകള്‍, നാല് പേയ്‌മെന്റ് ബാങ്കുകള്‍, 43 പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, 45 വിദേശ ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it