ONDC ഇ-കൊമേഴ്‌സ് രംഗത്തെ ജനാധിപത്യവത്കരിക്കുമ്പോള്‍ ബാങ്കുകള്‍ക്ക് എന്താണ് നേട്ടം ?

പണം കൈമാറ്റത്തിന് യുപിഐ പോലെ ഇ-കൊമേഴ്സ് രംഗത്തെ കേന്ദ്രസര്‍ക്കാരിന്റെ ശ്രമമാണ് ഒന്‍ഡിസി നെറ്റ്വര്‍ക്ക് (open network for digital commerce-ONDC). നിലവില്‍ കേരളത്തില്‍ ഉള്‍പ്പടെ രാജ്യത്തെ മുപ്പത്തിനാലോളം നഗരങ്ങളില്‍ പരീക്ഷണാര്‍ത്ഥം ഒഎന്‍ഡിസി സേവനങ്ങള്‍ നല്‍കുന്നുണ്ട്. യുപിഐ പോലെ ഏതൊരു പ്ലാറ്റ്‌ഫോമില്‍ നിന്നും ഉപയോഗിക്കാവുന്ന ഒരു ഇ-കൊമേഴ്‌സ് നെറ്റ്‌വര്‍ക്കാണ് ഒഎന്‍ഡിസി.

വമ്പന്‍ കമ്പനികളുടെ മേധാവിത്വം മറികടന്ന് രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ക്കും നേട്ടങ്ങള്‍ സാധ്യമാക്കുകയാണ് ഒഎന്‍ഡിലിയുടെ ലക്ഷ്യം. നിലവില്‍ രാജ്യത്തെ ഇ-കൊമേഴ്‌സ് വിപണിയുടെ 60 ശതമാനവും ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ വമ്പന്മാര്‍ കൈകളിലാണ്. അതേ സമയം പ്രമുഖ ഈ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ പേയ്ടിഎം, സ്‌നാപ്ഡീല്‍ തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഒഎന്‍ഡിസി നെറ്റ്‌വര്‍ക്കുമായി സഹകരിക്കുന്നുണ്ട്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഒഎന്‍ഡിസിയുടെ ഭാഗമായത് കഴിഞ്ഞ സെപ്റ്റംബറിലാണ്. ഭാവിയില്‍ രാജ്യത്തെ എല്ലാ ബാങ്കിംഗ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഒഎന്‍ഡിസിയുടെ ഭാഗമാവും എന്നാണ് വിലയിരുത്തല്‍.

ഒഎന്‍ഡിസിയുടെ ഭാഗമാവുന്നത് ബാങ്കുകള്‍ക്ക് നേട്ടമാണോ ?

രാജ്യത്തെ എല്ലാ പ്രമുഖ ബാങ്കുകള്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും മൊബൈല്‍ ആപ്പുകളും ഉണ്ട്. ഒഎന്‍ഡിസി നെറ്റ്‌വര്‍ക്കിന്റെ ഭാഗമാവുന്നതോട് കൂടി തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും എന്നതില്‍ തര്‍ക്കമില്ല. രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ പകുതിയും നടക്കുന്നത് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെയാണ്.

ഇ-കൊമേഴ്‌സ് വമ്പന്മാര്‍ക്കൊപ്പം ഒഎന്‍ഡിസിയും എത്തുന്നതോടെ ഡിജിറ്റല്‍ ഇടപാടുകളുടെ സാധ്യതയും വര്‍ധിക്കും. രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ ഒഎന്‍ഡിസിയിലൂടെ ഇ-കൊമേഴ്‌സ് രംഗത്തേക്ക് എത്തുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 15 ശതമാനത്തിനും താഴെയാണ് ഇ-കൊമേഴ്‌സ് സേവനങ്ങള്‍ ഉപയോഗിക്കുന്നത്. ഒഎന്‍ഡിസിയിലൂടെ ഇ-കൊമേഴ്‌സ് മേഖലയിലേക്ക് എത്തുന്ന ഉപഭോക്താക്കളുടെ എണ്ണം ഉയരുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഇഎംഐ സ്‌കീമുകള്‍, ചെറുകിട വായ്പകള്‍ തുടങ്ങിയവയിലൂടെ ശാഖകള്‍ ഇല്ലാതെ തന്നെ ചെറുനഗരങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും ബാങ്കുകള്‍ക്ക് കടന്നു ചെല്ലാം.

ഒഎന്‍ഡിസിയില്‍ നിക്ഷേപമുള്ള ബാങ്കുകള്‍

എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കോട്ടക്ക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എന്നിവയ്ക്ക് 6.35 ശതമാനം ഓഹരികള്‍ വീതമാണ് ഒഎന്‍ഡിസിയില്‍ ഉള്ളത്. യുസിഒ ബാങ്കിന് 3.17 ശതമാനം നിക്ഷേപവും ഉണ്ട്. ഐഡിഎഫ്‌സിയുടേത് കൂടാതെ ഭാവിയില്‍ ഈ ബാങ്കുകളുടെ പ്ലാ്റ്റ്‌ഫോമുകളും ഒഎന്‍ഡിസിയുടെ ഭാഗമായേക്കും. ഒഎന്‍ഡിസിയില്‍ നിക്ഷേപമുള്ള മറ്റ് രണ്ട് ബാങ്കുകളാണ് എസ്‌ഐഡിബി, നബാര്‍ഡ് എന്നിവ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it