കാര്‍ഡ് ടോക്കണൈസേഷന്‍ അടുത്തവര്‍ഷം പകുതിയോടെ; അറിയേണ്ട 5 കാര്യങ്ങള്‍

കാര്‍ഡ്-ഓണ്‍-ഫയല്‍ (CoF) ടോക്കണൈസേഷന്‍ സമയപരിധി 6 മാസം നീട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). 2021 ഡിസംബര്‍ 31 വരെ ആയിരുന്ന അവസാന തീയതി 2022 ജൂണ്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. അതായത് ജൂലൈ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

ഇന്നലെയാണ് (ഡിസംബര്‍ 23) ഇത് സംബന്ധിച്ച് തീരുമാനം പുറത്തിറങ്ങിയത്. പുതിയ രീതി നടപ്പാക്കാന്‍ ആറ് മാസം വരെയാണ് നീട്ടിക്കിട്ടിയിരിക്കുന്നത് എന്നതിനാല്‍ വ്യാപാരികളുള്‍പ്പെടെ പുതിയ സംവിധാനം നടപ്പിലാക്കാന്‍ കൈകോര്‍ക്കുന്നവര്‍ക്ക് എളുപ്പമാകും.
ടോക്കണൈസേഷന്‍ വരുന്നതോടെ പഴയപടി ഓണ്‍ലൈനിലും മറ്റും ഒറ്റത്തവണ കാര്‍ഡ് വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ പിന്നീട് സേവ് ചെയ്തിട്ടുള്ള വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി ഉപയോഗിക്കാന്‍ കഴിയുന്ന രീതി ഇല്ലാതാകും പകരം ടോക്കണ്‍ സംവിധാനം ആകും നടപ്പാകുക.
ടോക്കണൈസേഷന്‍ സംബന്ധിച്ച് അറിയേണ്ട 5 കാര്യങ്ങള്‍:
1. കാര്‍ഡ് ടോക്കണൈസേഷന്‍ പ്രാബല്യത്തിലാകുന്നതോടെ ഡിഫോള്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചു വെക്കുന്ന രീതി ഇല്ലാതാകും. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഇത്തരം വിവരങ്ങള്‍ ഒന്നും ശേഖരിക്കാന്‍ ആകില്ല. പകരം ഉപഭോക്താക്കള്‍ ഡിജിറ്റല്‍ ടോക്കണ്‍ നല്‍കിയാല്‍ മതിയാകും.
2. ടോക്കണ്‍ ഒരു കോഡാണ്. കാര്‍ഡ് സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ തന്നെയാണ് ഈ കോഡ് രൂപീകരിക്കേണ്ടത്.
3. പുതിയ ഭേദഗതി നിലവില്‍ വരുന്നതോടെ ഓരോ തവണ ഇടപാട് നടത്തുമ്പോഴും ഉപഭോക്താക്കള്‍ കാര്‍ഡ് വിവരങ്ങള്‍ പ്രത്യേകം അടിച്ചുകൊടുക്കേണ്ടി വരും. എന്നാല്‍ ഉപഭോക്താക്കളുടെ അനുമതിയോടെ കമ്പനികള്‍ക്ക് വിവരങ്ങള്‍ സൂക്ഷിക്കാനും സാധിക്കും. ഇതിനായി ടെക്സ്റ്റ് മെസേജിംഗ് സംവിധാനം നടപ്പിലാകും.
4.ജൂലൈ ഒന്ന് മുതല്‍ കാര്‍ഡിലെ അവസാന നാല് അക്കങ്ങളും ബാങ്കിന്റെ പേരും കാര്‍ഡ് നെറ്റ്വര്‍ക്കിന്റെ പേരും പ്രദര്‍ശിപ്പിച്ച് ഉപഭോക്താവില്‍ നിന്ന് സിവിവി നമ്പര്‍ രേഖപ്പെടുത്താന്‍ കമ്പനികള്‍ ആവശ്യപ്പെടും. എന്നാലിത് നിര്‍ബന്ധമായിരിക്കില്ല.
5. ടോക്കണൈസേഷന്‍ നടപ്പിലായാല്‍, ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ വെബ്‌സൈറ്റുകള്‍ക്ക് പോലും ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കുവാന്‍ പറ്റില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it