ജില്ലാ സഹകരണ ബാങ്ക് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍; കേരളത്തിനുള്ള 'പണി'യോ?

എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ സഹകരണ ബാങ്കുകള്‍ തുടങ്ങാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം കേരളത്തിന് വിനയായേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ ലയിപ്പിച്ചാണ് കേരള ബാങ്ക് സ്ഥാപിച്ചത്. വായ്പാ വിതരണം കൂടുതല്‍ സുഗമമാക്കാന്‍ ജില്ല സഹകരണ ബാങ്കുകള്‍ വേണമെന്ന വാദമാണ് കേന്ദ്രത്തിനുള്ളത്.

കേന്ദ്രം തന്നെ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് തുടക്കമിട്ടാല്‍ അതോടെ കേരള ബാങ്കിന്റെ പ്രസക്തി നഷ്ടപ്പെടുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കേരള ബാങ്കിനെ ഇപ്പോള്‍ റിസര്‍വ് ബാങ്കും (RBI) നബാര്‍ഡും (NABARD) ചേര്‍ന്ന് നിയന്ത്രിക്കുന്നതില്‍ ഇപ്പോള്‍ തന്നെ സംസ്ഥാന സഹകരണ വകുപ്പും സി.പി.എമ്മും കടുത്ത നീരസത്തിലാണ്.

2002ലെ ദേശീയ സഹകരണ നയത്തില്‍ പുതിയ ആശയം സംയോജിപ്പിച്ച് മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ വഴിയുള്ള വായ്പാ വിതരണവും സേവനങ്ങളും സുഗമമാക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നയമെന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. എന്നാല്‍ ജില്ലാ സഹകരണ ബാങ്കുകള്‍ ഉയര്‍ന്ന പലിശ നിരക്കിലാണ് വായ്പാ വിതരണം നടത്തുന്നതെന്നുള്ള നിലപാടില്‍ ഇത് തടയാനാണ് കേരള ബാങ്ക് രൂപീകരണത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുത്തത്.

കേരളത്തിലെ സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും പ്രവത്തനങ്ങള്‍ നിരീക്ഷിക്കാനും സഹകരണ സംഘങ്ങള്‍ വഴിയുള്ള ലോണ്‍ വിതരണം പഠിക്കാനും എട്ട് സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. നബാര്‍ഡുമായും ആര്‍.ബി.ഐയുമായും കൂടിയാലോചിച്ച ശേഷം എല്ലാ ജില്ലയിലും ജില്ലാ സഹകരണ ബാങ്കുകള്‍ സ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം.

പ്രാദേശിക തലത്തിലുള്ള കോ-ഓപ്പറേറ്റീവ് ബാങ്കുകളില്‍ നിന്നു മാറ്റി ജില്ലാ സഹകരണ ബാങ്കുകളിലൂടെ വായ്പ നല്‍കുന്നതിന്റെ സാധ്യതാ പഠനത്തിനായി നബാര്‍ഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ അദ്ധ്യക്ഷനായുള്ള കൗണ്‍സിലിനെ കേന്ദ്രം നിയമിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍ സതീഷ് മറാട്ടെ കൗണ്‍സില്‍ അംഗമാണ്.

എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകള്‍ പ്രാദേശിക തലത്തിലെ സഹകരണ സംഘങ്ങളുടെ വായ്പാ വിതരണം നിയന്ത്രിക്കുന്ന രീതിയിലേക്കാകും പുതിയ മാറ്റം വരിക. പഞ്ചായത്ത് തലത്തില്‍ പ്രാഥമിക ബാങ്കിംഗ് സേവനങ്ങളെത്തിക്കുന്ന കേന്ദ്രങ്ങളായി കോ-ഓപ്പറേറ്റീവ് ബാങ്കുകളെ മാറ്റാനാണ് കേന്ദ്രം ലക്ഷ്യമിട്ടിട്ടുള്ളത്.

സഹകരണ ബാങ്ക് മേഖലയില്‍ അഴിച്ചുപണി

സഹകരണ ബാങ്കിംഗ് മേഖലയില്‍ വന്‍ അഴിച്ചുപണിയാണ് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് നടത്തുന്നത്. ബാങ്കുകളുടെ സുതാര്യത ഉറപ്പു വരുത്താന്‍ കര്‍ശന നിയന്ത്രണങ്ങള്‍ കഴിഞ്ഞ മാസം അവസാനം ആര്‍.ബി.ഐ കൊണ്ടുവന്നിരുന്നു.

പേര് മാറ്റത്തോടൊപ്പം സഹകരണ സംഘങ്ങളുടെ ബൈ ലോ, ബ്രാഞ്ചുകള്‍, സ്ഥലം എന്നിവ മാറ്റുന്നതിന് മുന്‍കൂര്‍ അനുമതി വേണം. പ്രാഥമിക അര്‍ബന്‍ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവയ്ക്കാണ് നിര്‍ദേശം. കൂടാതെ പുതിയ ബ്രാഞ്ചുകള്‍ തുടങ്ങാനും എ.ടി.എമ്മുകള്‍ സ്ഥാപിക്കാനും ബ്രാഞ്ച് ഓഫീസ് മാറ്റാനും നിലവിലെ ബ്രാഞ്ചുകള്‍ പൂട്ടാനും ജില്ലാ സഹ. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി വേണം. നബാര്‍ഡിന്റെ പരിശോധനാ വിഭാഗത്തിന്റെ നിരീക്ഷണത്തോടെയായിരിക്കും ഇത്.

Related Articles
Next Story
Videos
Share it