ചെറുകിട സംരംഭങ്ങള്‍ക്കുള്ള അടിയന്തര വായ്പ ഗ്യാരന്റി പദ്ധതി നീട്ടാന്‍ സാധ്യത

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (MSME) വേണ്ടിയുള്ള അടിയന്തര വായ്പ ഗ്യാരന്റി പദ്ധതി നീട്ടാന്‍ സാധ്യത (ECLGS) കേന്ദ്രസര്‍ക്കാര്‍ നീട്ടാനൊരുങ്ങുകയാണെന്ന് ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2020 മെയ് മാസത്തിലാണ് പദ്ധതി ആരംഭിച്ചത്. റിപ്പോര്‍ട്ട് പ്രകാരം ഇത് 2023 മാര്‍ച്ച് 31 മുതല്‍ ആറ് മാസത്തേക്ക് കൂടി നീട്ടാനാണ് സാധ്യത.

പൂര്‍ണ്ണമായും പിടിച്ചുകയറണം

ആഗോള തലത്തിലുള്ള അനിശ്ചിതത്വം, അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ച കുറയാനുള്ള സാധ്യത എന്നിവ കണക്കിലെടുത്താണ് പദ്ധതി നീട്ടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങളാണ് കോവിന്റെ പശ്ചാത്തലത്തില്‍ പൂട്ടിപോയത്. പലര്‍ക്കും തൊഴില്‍ നഷ്ടമായി.

ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് എംഎസ്എംഇകള്‍ക്ക് കൂടുതല്‍ പിന്തുണയും കൈത്താങ്ങും ആവശ്യമാണെന്ന് കണ്ടെത്തികൊണ്ട് സര്‍ക്കാര്‍ തന്നെ ഈ ഗ്യാരന്റി വായ്പ നല്‍കിയത്. കോവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പൂര്‍ണ്ണമായും പിടിച്ചുകയറാന്‍ പലതിനും സാധിച്ചിട്ടില്ല. അതിനാല്‍ പദ്ധതി നീട്ടുന്നത് ഇത്തരം സംരംഭങ്ങള്‍ക്ക് സാഹായമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

പദ്ധതിയുടെ നടത്തിപ്പും കാര്യക്ഷമതയും സംബന്ധിച്ച വിഷയങ്ങളെല്ലാം ബാങ്കുകളുമായി ധനമന്ത്രാലയം ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു. പദ്ധതി നടത്തുന്ന ഏജന്‍സിയായ നാഷണല്‍ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റി കമ്പനി ലിമിറ്റഡിന്റെ (NCGTC) കണക്കുകള്‍ പ്രകാരം 3,61,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2023 ജനുവരി 31 വരെ 119 ലക്ഷം വായ്പക്കാര്‍ക്ക് ഇതില്‍ നിന്നും സഹായം ലഭിച്ചു. ഇതില്‍ 95.18 ശതമാനം വരുന്ന 2,39,000 കോടി രൂപ നല്‍കിയത് എംഎസ്എംഇ മേഖലയ്ക്കായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it