ക്രിപ്‌റ്റോ ബില്‍, ക്യാബിനറ്റ് അനുമതി ലഭിച്ചതിന് ശേഷം, പരസ്യങ്ങള്‍ നിരോധിക്കില്ല; നിര്‍മല സീതാരാമന്‍

ക്യാബിനറ്റ് അംഗീകാരം ലഭിച്ചതിന് ശേഷം ക്രിപ്‌റ്റോ ബില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പൂര്‍ണമായും നിയന്ത്രണത്തിലുള്ള ഒരു മേഖലയല്ല, റിസ്‌കുണ്ട്. ക്രിപ്‌റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിരോധിക്കുന്ന കാര്യം പരിഗണിക്കുന്നില്ല. എന്നാല്‍ ആര്‍ബിഐയും സെബിയും വഴി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള നടപടികള്‍ ഞങ്ങള്‍ സ്വീകരിച്ചുവരികയാണ്. അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും ധനമന്ത്രി രാജ്യസഭയെ അറിയിച്ചു.

ക്രിപ്‌റ്റോ കറന്‍സികളെ അടിസ്ഥാനമാക്കി ഇടപാടുകള്‍ നടക്കുന്ന എന്‍എഫ്ടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യവും കേന്ദ്രത്തിന്റെ പരിഗണനയില്‍ ഉണ്ട്. ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് തിങ്കളാഴ്ച ധനമന്ത്രി അറിയിച്ചിരുന്നു. ബിറ്റ് കോയിനെ സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാരിന്റെ കൈവശം ഇല്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കേന്ദ്രം കൊണ്ടുവരുന്ന ക്രിപ്റ്റോ കറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍- 2021, സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ രാജ്യത്ത് നിരോധിച്ചേക്കും. ആര്‍ബിഐ പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയെ സംബന്ധിച്ച നിയമങ്ങളും ബില്ലില്‍ ഉണ്ടാകും. ക്രിപ്‌റ്റോ കറന്‍സികളെ ആസ്തിയായി പരിഗണിച്ച് നികുതി ഈടാക്കുകയും ഇടപാടുകള്‍ നിയന്ത്രിക്കുകയുമാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം.


Related Articles
Next Story
Videos
Share it