യു.എ.ഇയില്‍ മൂന്നു മാസത്തിനുള്ളില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം; പ്രീമിയം കുറഞ്ഞേക്കും
യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും മൂന്നു മാസത്തിനുള്ളില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നതോടെ പ്രീമിയം തുകയില്‍ കുറവ് വരുമെന്ന് സൂചനകള്‍. ഷാര്‍ജ, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളില്‍ കൂടി 2025 ജനുവരി 1 മുതല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനാണ് ബന്ധപ്പെട്ട അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. നിലവില്‍ ദുബൈ, അബുദാബി എന്നീ എമിറേറ്റുകളില്‍ മാത്രമാണ് നിര്‍ബന്ധിത ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉള്ളത്. മറ്റു എമിറേറ്റുകളില്‍ കൂടി ഇന്‍ഷുറന്‍സ് വ്യാപകമാകുന്നതോടെ പ്രീമിയം തുകയില്‍ കുറവു വരുമെന്ന് ഇന്‍ഷുറന്‍സ് വ്യവസായവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കമ്പനികള്‍ക്ക് വമ്പന്‍ അവസരം
കൂടുതല്‍ എമിറേറ്റുകള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നത് ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ കുതിപ്പുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. ദുബൈയിലും അബുദാബിയിലും നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ പഠിച്ച് അതിനേക്കാള്‍ കുറഞ്ഞ പ്രീമിയത്തിലുള്ള പദ്ധതികള്‍ നടപ്പാക്കാനാണ് മറ്റ് എമിറേറ്റുകള്‍ ശ്രമിക്കുന്നത്. ഈ എമിറേറ്റുകളില്‍ നിലവില്‍ സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്കും വീട്ടു ജോലിക്കാര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമല്ല. ഇത് മൂലം ചികില്‍സാ ചിലവുകള്‍ക്കായി വലിയ തുക ആവശ്യമായി വരുന്നുണ്ട്. പുതിയ പദ്ധതി വരുന്നത് മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഗുണകരമാകും. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വലിയ ബിസിനസ് സാധ്യതയാണ് തുറക്കുന്നത്. അതേസമയം, ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നത് വിവിധ കമ്പനികള്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കിയേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. ജീവനക്കാരുടെ ഇന്‍ഷുറന്‍സിനായി കമ്പനികള്‍ പണം ചിലവിടേണ്ടി വരും.