കൈയില്‍ ക്രെഡിറ്റ് കാര്‍ഡ്! ഷോപ്പിംഗ് തകൃതിയാക്കി ഇന്ത്യക്കാര്‍; കഴിഞ്ഞവര്‍ഷത്തെ അധികച്ചെലവ് 4 ലക്ഷം കോടി

ഏറെക്കാലം മുമ്പുവരെ സമ്പന്നരുടെ കൈവശം മാത്രമുണ്ടായിരുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ന് സാധാരണക്കാരന്റെ കൈയിലും കാണാം. ചിലര്‍ക്കാകട്ടെ, ഒന്നിലധികം കാര്‍ഡുകളുമുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യക്കാര്‍ നടത്തുന്ന ഷോപ്പിംഗ് പുതിയ ഉയരം കുറിച്ച് കുതിക്കുകയാണെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഉത്പന്ന-സേവന വാങ്ങലുകളുടെ മൂല്യം 18.26 ലക്ഷം കോടി രൂപയിലെത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. തൊട്ടുമുമ്പത്തെ വര്‍ഷത്തെ 14 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 4 ലക്ഷം കോടിയിലധികം രൂപയുടെ വര്‍ധന.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം 1.64 ലക്ഷം കോടി രൂപയാണ് ക്രെഡിറ്റ് കാര്‍ഡ് വഴി ഇന്ത്യക്കാര്‍ ചെലവിട്ടത്. ഫെബ്രുവരിയിലെ 1.49 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 10.07 ശതമാനം അധികം. സാമ്പത്തിക വര്‍ഷത്തെ അവസാന മാസമായതും ഉത്സവാഘോഷങ്ങളും ചെലവ് കൂടാന്‍ ഇടവരുത്തി.
കൂടുന്ന പണം ചെലവാക്കലുകള്‍
മാര്‍ച്ചിലെ മൊത്തം ക്രെഡിറ്റ് കാര്‍ഡ് ചെലവായ 1.64 ലക്ഷം കോടി രൂപയില്‍ 1.05 ലക്ഷം കോടി രൂപയും ഇ-കൊമേഴ്‌സ് പര്‍ച്ചേസുകള്‍ക്കായുള്ളതായിരുന്നു. ഫെബ്രുവരിയില്‍ ഇത് 95,000 കോടി രൂപയായിരുന്നു.
കടകളിലും മറ്റുമുള്ള പോയിന്റ് ഓഫ് സെയില്‍ (PoS) വഴിയുള്ള ചെലവാക്കല്‍ 54,431.48 കോടി രൂപയില്‍ നിന്ന് മാര്‍ച്ചില്‍ 60,378 കോടി രൂപയായി.
മുന്നില്‍ എച്ച്.ഡി.എഫ്.സി ബാങ്ക്
മാര്‍ച്ചിലെ മൊത്തം ക്രെഡിറ്റ് കാര്‍ഡ് ചെലവില്‍ 43,471.29 കോടി രൂപയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ളതായിരുന്നു. ഫെബ്രുവരിയെ അപേക്ഷിച്ച് 8.57 ശതമാനം അധികവുമാണിത്.
30,733.11 കോടി രൂപയുമായി ഐ.സി.ഐ.സി.ഐ ബാങ്കാണ് രണ്ടാമത്. ഫെബ്രുവരിയേക്കാള്‍ 14.49 ശതമാനം വളര്‍ച്ച. 24,949.17 കോടി രൂപയുമായി എസ്.ബി.ഐ കാര്‍ഡ്‌സാണ് മൂന്നാംസ്ഥാനത്ത്. 18,941.31 കോടി രൂപയുമായി ആക്‌സിസ് ബാങ്ക് നാലാമതുമാണ്.
എച്ച്.ഡി.എഫ്.സി ബാങ്കിന് ആകെ 2.05 കോടി ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുണ്ട്. 1.88 കോടിയുമായി എസ്.ബി.ഐ കാര്‍ഡ്‌സ് രണ്ടാമതാണ്. 1.69 കോടിയാണ് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഉപയോക്താക്കള്‍. ആക്‌സിസ് ബാങ്കിന്റേത് 1.42 കോടിയും.
Related Articles
Next Story
Videos
Share it