കറന്റ് എക്കൗണ്ടുകള്‍ മരവിപ്പിച്ചു, ചെറുകിട സംരംഭകര്‍ ബുദ്ധിമുട്ടില്‍

''ഒരു ടെന്‍ഡര്‍ നടപടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് എനിക്ക് ഓവര്‍ഡ്രാഫ്റ്റില്ലാത്ത ബാങ്കില്‍ ഒരു കറന്റ് എക്കൗണ്ട് ഓപ്പണ്‍ ചെയ്തത്. ഒരു ബാങ്കില്‍ ഓവര്‍ ഡ്രാഫ്റ്റുണ്ടെങ്കില്‍ മറ്റൊരിടത്ത് കറന്റ് എക്കൗണ്ട് പറ്റില്ലെന്ന് വന്നതോടെ ആ ബാങ്ക് എക്കൗണ്ട് മരവിപ്പിച്ചു. ലേല നടപടികളുടെ ഭാഗമായി ഞാന്‍ കെട്ടിവച്ച പണം ആ എക്കൗണ്ടിലേക്കാണ് തിരികെ വന്നത്. എക്കൗണ്ട് മരവിപ്പിച്ചതോടെ പണം തിരികെ പോയി. അത് കിട്ടാന്‍ വേണ്ടി ഇനിയെത്ര നാള്‍ ഞാന്‍ അതിന് പിന്നാലെ നടക്കണമെന്നറിയില്ല,'' തൃശൂരിലെ ഒല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ മോളി ഇന്‍ഡസ്ട്രീസ് സാരഥി സിജോ പറയുന്നു.

റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം കറന്റ് എക്കൗണ്ട് ചട്ടം ബാങ്കുകള്‍ കര്‍ശനമാക്കിയതോടെ ഇതുപോലെ ബുദ്ധിമുട്ടിലായ ചെറുകിട സംരംഭകര്‍ നിരവധിയാണ്. ''ജിഎസ്ടി സംബന്ധമായ കാര്യങ്ങള്‍ക്കാണ് ഞാന്‍ മറ്റൊരു കറന്റ് എക്കൗണ്ട് തുറന്നത്. ഇപ്പോള്‍ അത് മരവിപ്പിച്ചു. ഇതൊക്കെ താല്‍ക്കാലികമായ ബുദ്ധിമുട്ടല്ലേ എന്ന് ചോദിക്കാം. പക്ഷേ മൂക്കറ്റം പ്രശ്‌നത്തില്‍ നില്‍ക്കുന്ന സാധാരണക്കാരായ ഞങ്ങളെ പോലുള്ള സംരംഭകര്‍ക്ക് ഇത് വലിയ പ്രശ്‌നം തന്നെയാണ്,'' മറ്റൊരു ചെറുകിട സംരംഭകന്‍ പറയുന്നു.

കറന്റ് എക്കൗണ്ട് സംബന്ധിച്ച ചട്ടം ജൂലൈ 31നകം നടപ്പാക്കാനാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയത്.
ഇതോടെ കാഷ് ക്രെഡിറ്റോ ഓവര്‍ ഡ്രാഫ്‌റ്റോ ഉള്ളവര്‍ക്ക് മറ്റൊരു ബാങ്കില്‍ കറന്റ് എക്കൗണ്ട് നിലനിര്‍ത്താനാകില്ല. ഓവര്‍ ഡ്രാഫ്‌റ്റോ കാഷ് ക്രെഡിറ്റോ ഉള്ളവരുടെ എല്ലാ ഇടപാടുകളും അതിലൂടെയാകണം. മറ്റൊരു കറന്റ് എക്കൗണ്ട് ഇനി ഓപ്പണ്‍ ചെയ്യാനും പറ്റില്ല.

''നമ്മുടെ നാട്ടിലെ ഭൂരിഭാഗം ചെറുകിട സംരംഭകര്‍ക്കും സ്വന്തമായി ഇ പെയ്‌മെന്റ് സംവിധാനമൊക്കെ ഉപയോഗിക്കാനറിയില്ല. അതൊക്കെ എക്കൗണ്ടന്റുമാരാണ് ചെയ്യുക. എക്കൗണ്ടിംഗ് ജോലികള്‍ ഇപ്പോള്‍ പുറത്തുള്ളവരും മറ്റുമാണ് കൂടുതല്‍ ചെയ്യുന്നത്. ഇവര്‍ക്ക് നല്‍കാന്‍ വേണ്ടി പല സംരംഭകരും ഒരു കറന്റ് എക്കൗണ്ട് തുറന്ന് അതിന്റെ പാസ്് വേര്‍ഡ് അടക്കമുള്ളവ എക്കൗണ്ടന്റിന് നല്‍കും. ഈ എക്കൗണ്ടില്‍ വന്‍തോതില്‍ പണം സൂക്ഷിക്കാറുമില്ല. ഇപ്പോള്‍ അത്തരം സൗകര്യങ്ങള്‍ കൂടിയാണ് ഇല്ലാതായത്. ബാങ്കിനെ തട്ടിക്കാന്‍ വേണ്ടിയൊന്നുമല്ല ഇത്തരത്തില്‍ വേറൊരു കറന്റ് എക്കൗണ്ട് തുറന്നിരുന്നത്. ഞങ്ങളുടെ ഈ പ്രശ്‌നങ്ങള്‍ ആരോട് പറയാനാണ്,'' മറ്റൊരു സംരംഭകന്‍ ചോദിക്കുന്നു.

സംരംഭകന് ഓവര്‍ ഡ്രാഫ്റ്റുള്ള ബാങ്ക് കേരളത്തില്‍ അധികം ശാഖകളില്ലാത്തതാണെങ്കിലും മറ്റ് ബാങ്കുകളില്‍ കറന്റ് എക്കൗണ്ട് തുറക്കാറുണ്ട്. അതുപോലെ തന്നെ ചെക്ക് കളക്ഷന്‍ വേഗത്തില്‍ നടക്കാനും പല ബാങ്കുകളില്‍ കറന്റ് എക്കൗണ്ടുകള്‍ സംരംഭകര്‍ തുറക്കാറുണ്ടായിരുന്നു. ക്രെഡിറ്റ് ഡിസിപ്ലിന്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് കറന്റ് എക്കൗണ്ട് ചട്ടം കര്‍ശനമാക്കിയതോടെ ഇത്തരക്കാര്‍ കൂടിയാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.
ലക്ഷ്യം ക്രെഡിറ്റ് ഡിസിപ്ലിന്‍
ഓവര്‍ ഡ്രാഫ്റ്റ് ഉള്ള ബാങ്കില്‍ തന്നെ സംരംഭകരുടെ എല്ലാ ഇടപാടുകളും വരുമ്പോള്‍, സംരംഭകരുടെ പണമിടപാടുകള്‍ ബാങ്കിന് കൃത്യമായി അറിയാനും വായ്പ തിരിച്ചടക്കാതെ വരുന്ന സന്ദര്‍ഭം ഒഴിവാക്കാന്‍ പറ്റുമെന്നുമാണ് ബാങ്കുകളുടെ നിഗമനം. ഫണ്ടുകളുടെ വകമാറ്റം തടയുന്നതിനാല്‍ ബാങ്കുകള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് ബാങ്കിംഗ് രംഗത്തുള്ളവര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ വെട്ടിലായിരിക്കുന്നത് സാധാരണക്കാരായ ചെറുകിട സംരംഭകരാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it