Begin typing your search above and press return to search.
എ.ടി.എം തട്ടിപ്പ്: നിര്‍ണായക നിര്‍ദേശവുമായി ഉപഭോക്തൃ കമ്മിഷന്‍
ഉപഭോക്താവിന് മനസിലാകുന്ന ഭാഷയില്‍ സന്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കിയാല്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ കുറയ്ക്കാനാകുമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍. ബാങ്കിംഗ് രംഗത്ത് തട്ടിപ്പുകള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള അറിയിപ്പുകള്‍ പ്രാദേശിക ഭാഷയില്‍ നല്‍കണമെന്ന് റിസര്‍വ് ബാങ്കിനോട് കമ്മിഷന്‍ നിര്‍ദേശിച്ചു.
45,000 രൂപ നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടി എറണാകുളം പറവൂര്‍ സ്വദേശിനി നല്‍കിയ കേസ് പരിഗണിക്കുകയായിരുന്നു കമ്മിഷന്‍. എ.ടി.എം കാര്‍ഡ് തട്ടിപ്പിലൂടെ മറ്റാരോ തന്റെ അക്കൗണ്ടില്‍ നിന്ന് പലപ്പോഴായി പണം പിന്‍വലിച്ചുവെന്നായിരുന്നു പരാതി. ഇക്കാര്യം ബാങ്കിനെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് കാട്ടിയാണ് പരാതിക്കാരി കമ്മിഷനെ സമീപിച്ചത്. പൊലീസിലും പരാതി നല്‍കിയിരുന്നു.
രണ്ടുമാസത്തിന് ശേഷം പരാതി!
പണം നഷ്ടപ്പെട്ട് രണ്ടുമാസത്തിന് ശേഷമാണ് പരാതി ലഭിച്ചതെന്നും ഇതാണ് നടപടിയെടുക്കാന്‍ കഴിയാതിരുന്നതെന്നും ബാങ്ക് കമ്മിഷനെ അറിയിച്ചു. എ.ടി.എം പിന്‍ വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കാതിരുന്നതും ബാങ്കിന്റെ എസ്.എം.എസ് വായിച്ച് മനസിലാക്കാന്‍ പരാതിക്കാരിക്ക് കഴിയാതിരുന്നതുമാണ് പണം നഷ്ടപ്പെടാന്‍ ഇടവരുത്തിയതെന്ന് കമ്മിഷനും നിരീക്ഷിച്ചു.ഈ സാഹചര്യത്തിലാണ്, പ്രാദേശിക ഭാഷയിലും സന്ദേശങ്ങള്‍ നല്‍കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചത്. അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോമുകള്‍, എ.ടി.എം കാര്‍ഡുമായി ബന്ധപ്പെട്ട നിബന്ധനകള്‍, എസ്.എം.എസ്., ഇ-മെയില്‍ അലര്‍ട്ടുകള്‍ തുടങ്ങിയവ പ്രാദേശിക ഭാഷയില്‍ ലഭ്യമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താനാണ് കമ്മിഷന്‍ പ്രസിഡന്റ് ഡി.ബി. ബിനു അംഗങ്ങളായ വൈക്കം രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
Next Story
Videos