വാഹനം ഓടിക്കുമ്പോള്‍ മാത്രം ഇന്‍ഷുറന്‍സ്, വീട്ടിലിരിക്കുന്നവര്‍ക്ക് ബെസ്റ്റ് പ്ലാന്‍

മാസങ്ങളോളം വീട്ടില്‍ അനക്കാതെ ഇട്ടിരിക്കുന്ന വാഹനത്തിന് ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നതെന്തിനാണെന്ന് ആകുലപ്പെടുന്നവരാണ് പലരും. ഇത്തരം വാഹനങ്ങള്‍ക്ക്, ഉപയോഗിക്കാത്ത സമയങ്ങളില്‍ ഇന്‍ഷുറന്‍സ് ഒഴിവാക്കുന്ന പ്ലാനുകള്‍ ഇപ്പോള്‍ പ്രചാരം നേടി വരികയാണ്. വാഹനം ഉപയോഗിക്കുമ്പോള്‍ മാത്രം ഇന്‍ഷുറന്‍സ് പരിരക്ഷ; അതിന് മാത്രം പ്രീമിയവും. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഏറെ പേര്‍ ഉപയോഗപ്പെടുത്തുന്ന ഈ പ്ലാനുകള്‍ ഇപ്പോള്‍ കേരളത്തിലും വാഹന ഉടമകളുടെ ശ്രദ്ധനേടി തുടങ്ങിയിട്ടുണ്ട്.

ഉപയോഗത്തിന് അനുസരിച്ച് പ്രീമിയം

'ഡ്രൈവിന് അനുസരിച്ച് പണം നല്‍കുക' എന്നതാണ് ഈ പ്ലാനുകളുടെ മുഖവാക്യം. ഉപയോഗിക്കാത്ത വാഹനത്തിനും വര്‍ഷത്തില്‍ നിര്‍ബന്ധിത പ്രീമിയമായി പണം നല്‍കേണ്ടതില്ല. പകരം, വാഹനങ്ങള്‍ ഓടിക്കുന്ന ദൂരം കണക്കാക്കിയാണ് പ്രീമിയം. സഞ്ചരിക്കുന്ന ദൂരത്തിന് പ്രത്യേക നിബന്ധനകളൊന്നുമില്ല. ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉള്ളവര്‍, വിദേശത്ത് ജോലി ചെയ്യുന്നവര്‍, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍, വീട്ടമ്മമാര്‍ തുടങ്ങിയവര്‍ക്ക് അനുയോജ്യമാണ് ഈ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ രീതിയിലുള്ള പ്ലാനുകള്‍ ഈ രംഗത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ അവതരിപ്പിക്കുന്നുണ്ട്.

ആര്‍ക്കെല്ലാം ഗുണകരം

മാസങ്ങളോളം വാഹനങ്ങള്‍ വീട്ടിലോ ഓഫീസിലോ നിര്‍ത്തിയിട്ട് ദൂരയാത്ര പോകുന്നവര്‍, വര്‍ക്ക് ഫ്രം ഹോം മോഡില്‍ ജോലി ചെയ്യുന്നവര്‍, വീടുകളില്‍ ഒറ്റക്ക് താമസിക്കുന്ന പ്രായം ചെന്നവര്‍ എന്നിവര്‍ക്ക് ഇത് പ്രയോജനകരമാണ്. കേരളത്തില്‍ പ്രവാസികളില്‍ ചിലരെങ്കിലും അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നവരാണ്. വീട്ടിലുള്ളവര്‍ അപൂര്‍വ്വമായി മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. ഒരു വര്‍ഷത്തെ ഇന്‍ഷുറന്‍സ് പ്രീമിയം അനാവശ്യമായാണ് നല്‍കുന്നതെന്ന് പരാതിപ്പെടുന്നവരാണിവര്‍. വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും ഹൈബ്രിഡ് ജീവനക്കാര്‍ക്കും അപൂര്‍വ്വമായി മാത്രമാണ് വാഹനങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നത്. മക്കള്‍ വീദേശത്തുള്ള, വീടുകളില്‍ ഒറ്റക്ക് താമസിക്കുന്ന മുതിര്‍ന്നവരും വാഹനപ്രീമിയത്തെ കുറിച്ച് വ്യാകുലപ്പെടുന്നവരാണ്. വീട്ടില്‍ ഒന്നില്‍ കൂടുതല്‍ കാറുകള്‍ ഉള്ളവര്‍ക്കും വാര്‍ഷിക പ്രീമിയം തുക ബാധ്യതയായി മാറാറുണ്ട്. ഇത്തരത്തില്‍ വിവിധ മേഖലകളിലായി പുതിയ പ്ലാനുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്.

ഉപയോഗപ്പെടുത്തുന്നവര്‍ ഏറെ

വാഹന ഇന്‍ഷുറന്‍സ് മേഖലയില്‍, ഇത്തരത്തിലുള്ള പ്ലാനുകള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പോളിസി ബസാറിന്റെ കണക്കു പ്രകാരം വര്‍ക്ക് ഫ്രം ഹോം, ഹൈബ്രിഡ് ജോലിക്കാരില്‍ 35 ശതമാനം പേര്‍ ഇത്തരം പ്ലാനുകളാണ് എടുത്തിട്ടുള്ളത്. ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ സ്വന്തമായുള്ളവരില്‍ 40 ശതമാനം പേരും വീട്ടമ്മമാര്‍ക്കിടയില്‍ 15 ശതമാനം പേരും ഇത്തരം പ്ലാനുകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരം പോളിസികളുടെ വില്‍പ്പനയില്‍ 25 ശതമാനം മൊത്ത വളര്‍ച്ചയുമുണ്ടായി.

Related Articles
Next Story
Videos
Share it