ധനലക്ഷ്മി ബാങ്ക്: സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഓഹരിയുടമകള്‍

തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഒരു വിഭാഗം ഓഹരിയുടമകള്‍. വരവ് ചെലവ് അനുപാതത്തിലും ബാങ്കിന്റെ ചെലവിനത്തിലുമാണ് ഇവര്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അസാധാരണ ജനറല്‍ യോഗം വിളിക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

മൊത്തം 13.5 ശതമാനം ഓഹരികള്‍ കൈവശമുള്ള മൈനോരിറ്റി ഓഹരിയുടമകളാണ് ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്നത്. ബാങ്കിന്റെ ചെലവിനത്തില്‍, പ്രത്യേകിച്ച് ലീഗല്‍, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങളിലുള്ളതിന്മേല്‍ ഫലപ്രദമായ നിയന്ത്രണമില്ലെന്ന് ഇവര്‍ കത്തില്‍ പറയുന്നു.

റിസര്‍വ് ബാങ്ക് തന്നെ ബാങ്കിന്റെ മൂലധനപര്യാപ്തതാ അനുപാതത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്ന സാഹചര്യത്തില്‍ പോലും ബാങ്ക് പുതിയ ശാഖകള്‍ തുറക്കുകയും പുതുതായി നിയമനം നടത്തുകയുമാണെന്ന് ഓഹരിയുടമകള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാസി വ്യവസായിയും ആര്‍ പി ഗ്രൂപ്പ് സാരഥിയുമായ ബി. രവി പിള്ളയുള്‍പ്പെടുന്ന ഓഹരിയുടമകളാണ് ഈ നീക്കത്തിന് പിന്നില്‍. രവിപിള്ളയ്ക്ക് ബാങ്കില്‍ 9.99 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.

2021 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തിലെ ബാങ്കിന്റെ പ്രവര്‍ത്തനഫലത്തെ അടിസ്ഥാനമാക്കിയാണ് ഈ ഓഹരിയുടമകളുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. വരവ് ചെലവ് അനുപാതം ബാങ്ക് വെളിപ്പെടുത്തിയില്ലെന്നതാണ് ഇവരെ ഈ നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.

മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് 36 കോടി രൂപ അറ്റാദായം നേടിയെങ്കിലും മൂലധനപര്യാപ്താതാ അനുപാതം ഒരു വര്‍ഷം മുമ്പത്തെ 14.5 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി കുറഞ്ഞു. പ്രവര്‍ത്തന ചെലവ് 8.5 ശതമാനം കൂടി. മാര്‍ച്ച് 31ന് റിസര്‍വ് ബാങ്കില്‍ നിന്ന് 20 ശാഖകളും ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസും പുതുതായി തുറക്കാന്‍ ബാങ്കിന് തത്വത്തില്‍ അനുമതി ലഭിച്ചിട്ടിട്ടുണ്ട് ബാങ്ക് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. 2023 സാമ്പത്തിക വര്‍ഷത്തിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണിത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it