തിളങ്ങി സ്വര്‍ണവായ്പ; ധനലക്ഷ്മി ബാങ്കിന്റെ മൊത്തം ബിസിനസില്‍ മികച്ച വളര്‍ച്ച
തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്ക് 2022-23ല്‍ മൊത്തം ബിസിനസില്‍ 11.26 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്. മൊത്തം നിക്ഷേപം 12,403 കോടി രൂപയില്‍ നിന്ന് 7.45 ശതമാനം ഉയര്‍ന്ന് 13,327 കോടി രൂപയായെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ബാങ്ക് വ്യക്തമാക്കി. മൊത്തം നിക്ഷേപത്തില്‍ 31.95 ശതമാനവും കറന്റ് സേവിംഗ്‌സ് നിക്ഷേപങ്ങളാണ്.
വായ്പാ-നിക്ഷേപ അനുപാതവും കൂടുതൽ മെച്ചപ്പെട്ടു
ധനലക്ഷ്മി ബാങ്കിന്റെ വായ്പാ-നിക്ഷേപ അനുപാതം (ക്രെഡിറ്റ്-റ്റു-ഡെപ്പോസിറ്റ് റേഷ്യോ/സി.ഡി റേഷ്യോ) ശതമാനം വര്‍ദ്ധിച്ച് 74.04 ശതമാനം ആയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇത് 68.08 ശതമാനമായിരുന്നു.
ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപവും നല്‍കുന്ന വായ്പകളും തമ്മിലെ അനുപാതമാണ് സി.ഡി റേഷ്യോ. ബാങ്കിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന കണക്ക് കൂടിയാണിത്. ബാങ്ക് വായ്പകളിലൂടെ മികച്ച നേട്ടം കൈവരിക്കുന്നുണ്ട് എന്നാണ് ഉയര്‍ന്ന നിലവാരത്തിലുള്ള സി.ഡി. റേഷ്യോ വ്യക്തമാക്കുന്നത്. റേഷ്യോ കുറവാണെങ്കില്‍ ബാങ്കിന്റെ സാമ്പത്തികസ്ഥിതി മെച്ചമല്ലെന്നും കണക്കാക്കാം.