റിസര്‍വ് ബാങ്കിന്റെ പുതിയ നീക്കം ഇടപാടുകാരെ ബാധിക്കുമോ ?
കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്്‌വ്യവസ്ഥ മുക്തമായിക്കൊണ്ടിരിക്കുന്നു എന്നാണ് കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനം ഏഴു ശതമാനം വരെ എത്താമെന്നാണ് ഇപ്പോള്‍ കരുതുന്നത്. നികുതി വരുമാനം ഈ വര്‍ഷത്തെ ബജറ്റ് പ്രതീക്ഷയായ 14 ലക്ഷം കോടി രൂപയില്‍ ഇപ്പോള്‍ തന്നെ എത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ ഇത് 16 ലക്ഷം കോടിക്ക് മേലെ എത്തുമെന്ന് കരുതുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ ത്രൈമാസ കണക്കുകള്‍ കാണിക്കുന്നത് ബാങ്കുകളിലെ ലോണ്‍ വളര്‍ച്ച പതിനഞ്ചു ശതമാനവും അതിന് മേലേയും എത്തി നില്‍ക്കുന്നു എന്നാണ്. മാത്രമല്ല ലോണ്‍ തിരിച്ചടവിന്റെ കാര്യത്തിലും കിട്ടാക്കടത്തിന്റെ കാര്യത്തിലും ഇന്ത്യയിലെ ബാങ്കുകള്‍ പൊതുവെ മെച്ചപ്പെടുന്നു എന്നും കണക്കുകള്‍ പറയുന്നു. ഈയൊരു സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് നഷ്ട സാധ്യത കണക്കാക്കി ബാങ്കുകള്‍ മാറ്റിവെക്കേണ്ട കരുതല്‍ തുകയെ കുറിച്ചുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
എന്താണ് പ്രതീക്ഷിക്കുന്ന നഷ്ട സാധ്യത?
നിലവിലുള്ള നിബന്ധനകള്‍ അനുസരിച്ച് ബാങ്ക് ലോണിന്റെ തിരിച്ചടവ് 90 ദിവസം മുടങ്ങിയാല്‍ കിട്ടാക്കടം എന്ന വിഭാഗത്തില്‍ വരും. ഭവന വായ്പ, വാഹന വായ്പ എന്നിവയെല്ലാം ഈ വിഭാഗത്തില്‍ പെടും. ബിസിനസ്സിനും മറ്റും കൊടുത്തിട്ടുള്ള ദൈനംദിന ആവശ്യത്തിനുള്ള പ്രവര്‍ത്തന മൂലധനത്തിന്റെ രൂപത്തിലുള്ള ലോണുകളും മറ്റും സമയാസമയങ്ങളില്‍ പലിശ അടക്കാതിരിക്കുക തുടങ്ങി അതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വീഴ്ച വരുത്തിയാല്‍ കിട്ടാക്കടമാകും. ഇങ്ങനെ കിട്ടാക്കടമാകുന്ന ലോണുകള്‍ക്കു ബാങ്കുകള്‍ ഇപ്പോള്‍ തന്നെ റിസര്‍വ് ബാങ്ക് നിശ്ചയിട്ടുള്ള അളവില്‍ കരുതല്‍ ധനം (provision) നീക്കിവെക്കുന്നുണ്ട്. ഇത് ലോണ്‍ കിട്ടാക്കടമായി തുടരുന്ന കാലാവധിക്കനുസരിച്ചു 15 ശതമാനം മുതല്‍ 100 ശതമാനം വരെയാണ്. ഇത് കൂടാതെ കിട്ടാക്കടമാവാത്ത സാധാരണ ലോണുകള്‍ക്ക് ഇരുപത്തിയഞ്ചു ബേസിസ് പോയിന്റ് (0.25%) മുതല്‍ ഇരുനൂറ് ബേസിസ് പോയിന്റ് (2%) വരെ കരുതല്‍ ധനം വെക്കണം.
എന്നാല്‍ പുതിയ നിബന്ധനകള്‍ നടപ്പാകുമ്പോള്‍ ലോണുകള്‍ കിട്ടാക്കടമാകുന്നതിനുമുമ്പ് തന്നെ കൂടിയ നിരക്കില്‍ കരുതല്‍ ധനം നീക്കി വെക്കണം. ലോണ്‍ കിട്ടാക്കടം എന്ന രീതിയിലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ തിരിച്ചടവിനുള്ള ബുദ്ധിമുട്ടുകള്‍ കാണാമെന്നും അങ്ങനെ ബുദ്ധിമുട്ടുകള്‍ വരുന്നത് തന്നെ ആ ലോണിന്റെ നഷ്ട സാധ്യത അറിയാനുള്ള സൂചനയാണെന്നും ആണ് ഈ പുതിയ നിര്‍ദ്ദേശത്തിന് കാരണമായി റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നത്. ലോണുകളില്‍ തവണ മുടങ്ങിയാല്‍ ഇപ്പോള്‍ തന്നെ അതിന്റെ ഗൗരവം അനുസരിച്ചു് മുടക്കം വന്ന ലോണുകള്‍ മുപ്പത് ദിവസ്സം മുടക്കം വന്നവ (SMA 0), മുപ്പത്തിയൊന്നു മുതല്‍ അറുപതു ദിവസം മുടക്കം വന്നവ (SMA 1) , അറുപത്തിയൊന്നു ദിവസ്സം മുതല്‍ തൊണ്ണൂറു ദിവസ്സം വരെ മുടക്കം വന്നവ (SMA 2) എന്നിങ്ങനെ തരം തിരിക്കുന്നുണ്ട്. എന്നാല്‍ ഈ വിധം മുടക്കം വന്ന ലോണുകള്‍ക്കു പ്രത്യേകമായി കരുതല്‍ ധനം മാറ്റി വെക്കുന്നില്ല. പുതിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്് ഇത്തരം ലോണുകള്‍ക്കും പ്രതീക്ഷിക്കുന്ന നഷ്ട സാധ്യത (ECL - Expected Credit Loss) അനുസരിച്ചു കരുതല്‍ ധനം മാറ്റിവെക്കണം.
ഇപ്പോള്‍ എന്തുകൊണ്ട്?
കോവിഡിന് മുമ്പ് തന്നെ ഇത്തരം ഒരു ചിന്ത റിസര്‍വ് ബാങ്കിന് ഉണ്ടായിരുന്നുവെങ്കിലും മഹാമാരി ഏല്‍പ്പിിച്ച സാമ്പത്തികാഘാതത്തിലൂടെ കടന്ന് പോകുന്ന സമ്പദ് ഘടനയില്‍ ബാങ്കുകളും നേരിട്ട ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഇത് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ മുന്‍കാഴ്ചയോടു കൂടിയ സംവിധാനങ്ങള്‍ നിലവില്‍ വന്നിട്ടുള്ള സാഹചര്യത്തിലും കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ ഏറെക്കുറെ മാറുകയും ചെയ്തതിനാലും ഇന്ത്യയിലെ ബാങ്കിങ് സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചിട്ടുള്ളത്.
എന്താണ് മാനദണ്ഡം?
റിസര്‍വ് ബാങ്ക് കൊണ്ട് വരുന്ന പൊതു നിബന്ധനകള്‍ക്കകത്തുനിന്നുകൊണ്ടു ഓരോ ബാങ്കിനും അവരവരുടേതായ രീതിയില്‍ പുതിയ നിര്‍ദ്ദേശപ്രകാരമുള്ള കരുതല്‍ ധനം എത്ര വേണമെന്ന് നിശ്ചയിക്കുന്ന മോഡലുകള്‍ ഡിസൈന്‍ ചെയ്യാം. ഓരോ ബാങ്കിനും ഇതനുസരിച്ചു അവരുടെ ലോണ്‍ ബുക്കിന്റെ ശക്തി ദൗബല്യങ്ങള്‍ക്കനുസരിച്ചു ഇക്കാര്യം തീരുമാനിക്കാനുള്ള നിയന്ത്രിത സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്.
നിലവിലുള്ള കിട്ടാക്കട കരുതല്‍ ധനത്തോടൊപ്പം പുതിയ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു പ്രതീക്ഷിക്കുന്ന നഷ്ട സാധ്യതക്കും കൂടെ കരുതല്‍ ധനം മാറ്റിവെക്കുന്നത് വഴി ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തിന് യഥാര്‍ത്ഥ നഷ്ടത്തിന് മുമ്പ് തന്നെ അപായ സൂചനകള്‍ നേരത്തെ കണ്ട് അതിനു വേണ്ട പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചു കൂടുതല്‍ കരുത്താര്‍ജ്ജിക്കാനും കഴിയും.
ഇടപാടുകാരെ ബാധിക്കുമോ?
ബാങ്കുകളുടെ മേല്‍ വരുന്ന ഈ പുതിയ സാമ്പത്തിക ഉത്തരവാദിത്തം അവയുടെ പ്രവര്‍ത്തനഫലങ്ങളെ നേരിയ തോതിലെങ്കിലും ബാധിക്കും. തവണ മുടക്കം വരുന്ന ലോണുകളില്‍ കൂടുതലായി മാറ്റിവെക്കേണ്ട ഈ കരുതല്‍ ധനത്തിന്റെ അധിക ബാധ്യത ഇടപാടുകാരിലേക്ക് തവണ മുടക്കത്തിനുള്ള അധിക പലിശയായി വരുമോ എന്ന കാര്യം കാത്തിരുന്നു കാണാം.
(ബാങ്കിംഗ് ധനകാര്യ വിദഗ്ധനാണ് ലേഖകന്‍)