കൈയിലിരിക്കുന്ന നോട്ടില്‍ പേന കൊണ്ട് എഴുതിയിട്ടുണ്ടോ; എങ്കില്‍ കേന്ദ്രം പറയുന്നത് കേട്ടോളൂ

കറന്‍സി നോട്ടുകളില്‍ പേന കൊണ്ട് വരയ്ക്കുകയോ എഴുതുകയോ ചെയ്യുന്നത് അവയെ അസാധുവാക്കുമോ. പലര്‍ക്കും ഇന്നും സംശയമുള്ളൊരു കാര്യമാണിത്. റിസര്‍വ് ബാങ്കിന്റെ പുതിയ നിയമപ്രകാരം പേന കൊണ്ട് എഴുതുകയോ വരയ്ക്കുകയോ ചെയ്ത നോട്ടുകള്‍ അസാധുവായി പരിഗണിക്കുമെന്ന് ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ഇതിലെ സത്യം നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ. ഇപ്പോള്‍ ആ ചോദ്യത്തിന് വ്യക്തതയുമായി എത്തിയിരിക്കുകയാണ് കേന്ദ്രം.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) പുതിയ നയപ്രകാരം പേന കൊണ്ട് എഴുതിയ കറന്‍സി നോട്ടുകള്‍ അസാധുവാകും എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സന്ദേശം. എന്നാല്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (PIB) ഒഫിഷ്യല്‍ ഫാക്ട് ചെക്ക് വിഭാഗം ഇത് വ്യാജ സന്ദേശമാണെന്ന് സ്ഥിരീകരിച്ചു. പേന കൊണ്ട് എഴുതിയ കറന്‍സി നോട്ടുകള്‍ അസാധുവാകില്ലെന്ന് പിഐബിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കേന്ദ്രം അറിയിച്ചു.


അതേസമയം കറന്‍സി നോട്ടുകളുമായി ബന്ധപ്പെട്ട് വ്യക്തമായ നയം ആര്‍ബിഐയ്ക്കുണ്ട്. ക്ലീന്‍ നോട്ട് പോളിസി നയമാണ് ആര്‍ബിഐ പിന്തുടരുന്നത്. കറന്‍സി നോട്ടുകള്‍ വികൃതമാക്കുകയോ കീറുകയോ ചെയ്യരുതെന്ന് ഈ നയത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. ആളുകള്‍ കറന്‍സി നോട്ടുകളില്‍ എഴുതുന്നത് വേഗത്തില്‍ അവ നശിക്കുന്നതിന് കാരണമാകുന്നത് കൊണ്ട് എഴുതരുതെന്ന നയമാണ് ആര്‍ബിഐ മുന്നോട്ട് വയ്ക്കുന്നത്.

അതിനാല്‍ 2000, 500, 200, 100, 50, 20 അല്ലെങ്കില്‍ 10 രൂപ നോട്ടുകളില്‍ എന്തെങ്കിലും എഴുതിയിരിക്കുന്നതായി നിങ്ങള്‍ കണ്ടാല്‍ അവ അസാധുവായ നോട്ടായി കണക്കാക്കരുത്. ഇനി ഇത്തരത്തില്‍ പേന കൊണ്ട് വരയ്ക്കുകയോ എഴുതുകയോ ചെയ്ത കറന്‍സി നോട്ടുകള്‍ നിങ്ങളുടെ കൈയ്യില്‍ കിട്ടിയാല്‍ അവ ഏതെങ്കിലും ബാങ്ക് ശാഖയില്‍ നല്‍കി മാറ്റി വാങ്ങവുന്നതാണ്.

Related Articles
Next Story
Videos
Share it