ട്രംപിന്റെ മകന്‍ വരുന്നു; അബുദബിയില്‍ ബിറ്റ്‌കോയിന്‍ തരംഗമാക്കാന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ എറിക് അബുദബിയില്‍ ബിറ്റ്‌കോയിന്‍ ഈവന്റില്‍ മുഖ്യാതിഥിയായി എത്തുന്നു. ഡിസംബര്‍ 9,10 തീയ്യതികളില്‍ നടക്കുന്ന ബിറ്റ് കോയിന്‍ മെഗാ ഈവന്റില്‍ ലോകത്തിലെ പ്രമുഖ ബിസിനസുകാര്‍ക്കൊപ്പമാണ് എറിക് പങ്കെടുക്കുക. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് പ്രചാരണം നല്‍കുകയെന്ന യു.എ.ഇ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ബിറ്റ്‌കോയിന്‍ ഈവന്റിന് സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കുന്നത്. ക്രിപ്‌റ്റോ ഇടപാടുകളില്‍ നിന്നുള്ള ലാഭത്തെ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് യു.എ.ഇ ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് കാമ്പയിന്‍ കാലത്ത് ഡൊണാള്‍ഡ് ട്രംപും കുടുംബവും ബിറ്റ്‌കോയിന് വലിയ പിന്തുണയാണ് നല്‍കിയത്. ട്രംപിന്റെ വിജയത്തിന് ശേഷം ബിറ്റ്‌കോയിന്‍ വില കുതിച്ചുയര്‍ന്നിരുന്നു. അബുദബിയിലെ ചടങ്ങില്‍ സെര്‍ബിയയിലെ ഫിലിപ്പ് രാജകുമാരന്‍, ദി ബിറ്റ്‌കോയിന്‍ സ്റ്റാന്‍ഡേര്‍ഡ് എന്ന പുസ്തകത്തിന്റെ രചയിതാവ് സൈഫ്ദിന്‍ അമ്മോസ്, അബുദബി ബ്ലോക് ചെയിന്‍ സെന്റര്‍ പ്രതിനിധി അബ്ടുള്ള അല്‍ ദഹരി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍, ഫിന്‍ടെക് കമ്പനി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും.

എറികിന്റെ ബിസിനസ് ബന്ധങ്ങള്‍

അമേരിക്കന്‍ ബിസിനസിലും രാഷ്ട്രീയത്തിലും ഒരു പോലെ തിളങ്ങുന്ന എറിക് ഫെഡറിക് ട്രംപ്, പിതാവിന്റെ രണ്ടാം വിജയത്തിന് ശേഷം അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ മുന്‍നിരയിലാണ്. വയസ് 40. വാഷിംഗ്ടണിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിനാന്‍സ് ആന്റ് മാനേജ്‌മെന്റില്‍ ബിരുദം നേടിയ ശേഷം ടെലിവിഷന്‍ അവതാരകന്‍ എന്ന പേരില്‍ അറിയപ്പെട്ടു. പിതാവ് ട്രംപിന്റെ നേതൃത്വത്തിലുള്ള ദി ട്രംപ് ഒര്‍ഗനൈസേഷന്റെ ട്രസ്റ്റിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമാണ്. സഹോദരന്‍ ഡൊണാള്‍ഡ് ജൂനിയറിനൊപ്പമാണ് ഈ ബിസിനസ് മുന്നോട്ടു കൊണ്ടു പോകുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ ടെലിവിഷന്‍ റിയാലിറ്റി ഷോ സീരീസായിരുന്ന ദി അപ്രന്റിസിന്റെ ജഡ്ജിംഗ് പാനല്‍ അംഗമായും എറിക് പ്രവര്‍ത്തിച്ചിരുന്നു. 2007 ൽ ആരംഭിച്ച എറിക് ട്രംപ് ഫൗണ്ടേഷനിലൂടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. എന്നാല്‍ ഫൗണ്ടേഷനിലേക്ക് ലഭിച്ച സംഭാവനകള്‍ സ്വന്തം ബിസിനസിനായി എറിക് ഉപയോഗിക്കുന്നതായി അമേരിക്കന്‍ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 2016 അമേരിക്കന്‍ തെരഞ്ഞെടുപ്പ് മുതല്‍ പിതാവ് ട്രംപിന്റെ കാമ്പയിന്‍ മുഖ്യ ഉപദേശകനും പ്രധാന ധന സമാഹാരകനുമാണ് എറിക്.

Related Articles
Next Story
Videos
Share it