യു.പി.ഐ ക്രെഡിറ്റിനും ഇനി 'ഇ.എം.ഐ' സൗകര്യം; 2023-24ല്‍ 200 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍

യു.പി.ഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) വഴി റുപേ ക്രെഡിറ്റ് കാര്‍ഡ് ഇടപാട് നടത്തുന്നവര്‍ക്കും ഇനി 'ഇ.എം.ഐ' (പ്രതിമാസ തിരിച്ചടവ്) സൗകര്യം ലഭ്യമാകുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ). നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി അടയ്ക്കുന്ന തുക ഇ.എം.ഐകളായി മാറ്റാന്‍ സൗകര്യമുണ്ടെങ്കിലും യു.പി.ഐ വഴിയുള്ള ക്രെഡിറ്റ് ഇടപാടുകള്‍ക്ക് ഇത് സാധ്യമായിരുന്നില്ല. മേയ് 31നകം സൗകര്യം ലഭ്യമാക്കാന്‍ യു.പി.ഐ കമ്പനികള്‍ക്ക് എന്‍.പി.സി.ഐ നിര്‍ദേശം നല്‍കി.

യു.പി.ഐ ക്രെഡിറ്റ്‌ലൈനിലും ഇ.എം.ഐ സൗകര്യം ലഭിക്കും. രണ്ട് വര്‍ഷം മുമ്പാണ് കടകളിലെ യു.പി.ഐ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത്, റുപേ ക്രെഡിറ്റ് കാര്‍ഡിലെ പണം അടയ്ക്കാനുള്ള സൗകര്യം ആരംഭിച്ചത്. ക്രെഡിറ്റ് കാര്‍ഡിന്റെയും ക്രെഡിറ്റ്‌ലൈനിന്റെയും പരിധി ക്രമീകരിക്കാനും യു.പി.ഐ ആപ്പുകളില്‍ സംവിധാനമുണ്ടാകുമെന്ന് എന്‍.പി.സി.ഐ അറിയിച്ചു.

2023-24ല്‍ തിളങ്ങി യു.പി.ഐ

2024 മാര്‍ച്ചിലെ യു.പി.ഐ ഇടപാടുകളുടെ എണ്ണവും മൂല്യവും പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചതാടെ 2023-24 സാമ്പത്തിക വര്‍ഷം യു.പി.ഐ ശക്തമായ പ്രകടനം കാഴ്ചവച്ചതായി കണക്കുകള്‍ വ്യക്തമാക്കി. ദിവസങ്ങളുടെ എണ്ണം കുറവായതിനാല്‍ 2024 ഫെബ്രുവരിയില്‍ ഇടപാടുകളുടെ എണ്ണം നേരിയ തോതില്‍ കുറഞ്ഞിരുന്നു. എന്നാല്‍ സാമ്പത്തിക വര്‍ഷാവസാനമായതോടെ മാര്‍ച്ചില്‍ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയും യു.പി.ഐ ഇടപാടുകളുടെ എണ്ണം കൂടുകയുമായിരുന്നു.

2024 മാര്‍ച്ചില്‍ 19.78 ലക്ഷം കോടി രൂപയുടെ റെക്കോഡ് ഇടപാടുകളാണ് നടന്നതെന്ന് എന്‍.പി.സി.ഐയുടെ കണക്കുകള്‍ വ്യക്തമാക്കി. ഇടപാടുകളുടെ മൂല്യം 2023 മാര്‍ച്ചിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 40 ശതമാനം കൂടുതലാണ്. ഇടപാടുകളുടെ എണ്ണം മാര്‍ച്ചില്‍ 1,344 കോടിയായി ഉയര്‍ന്നു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 13,115 കോടി ഇടപാടുകള്‍ നടത്തി. ഇടപാട് മൂല്യം മൊത്തം 199.29 ലക്ഷം കോടി രൂപയായി. 2022-23ല്‍ 139 ലക്ഷം കോടി രൂപ മൂല്യം വരുന്ന 8,376 കോടി ഇടപാടുകളായിരുന്നു നടന്നത്. ഇടപാടുകളുടെ എണ്ണം 56.6 ശതമാനം ഉയര്‍ന്നപ്പോള്‍ മൂല്യം 43.4 ശതമാനം ഉയര്‍ന്നു. യു.പി.ഐ ഇടപാടുകളുടെ എണ്ണം 2026-27 സാമ്പത്തിക വര്‍ഷത്തോടെ 100 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles
Next Story
Videos
Share it