ചൈനീസ് ബന്ധമുള്ള എന്‍ബിഎഫ്‌സികളെ നിരോധിക്കണമെന്ന് ഇഡി

ചൈനീസ് ബന്ധമുള്ള നോണ്‍-ബാങ്കിങ് ഫിനാന്‍സ് കമ്പനികളുടെ (NBFC) ലൈസന്‍സ് റദ്ദാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോടാണ് ഇഡി ആവശ്യം ഉന്നയിച്ചത്. വിഷയത്തില്‍ 40 എന്‍ബിഎഫ്‌സികളുടെ പട്ടികയും ഇഡി തയ്യാറാക്കിയിട്ടുണ്ട്.

വായ്പ നല്‍കല്‍, വീണ്ടെടുക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് എന്‍ബിഎഫ്‌സികളുടെ മേല്‍ യാതൊരു നിയന്ത്രണങ്ങളും ഇല്ലെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എന്‍ബിഎഫ്‌സികളുമായി സഹകരിക്കുന്ന ഫിന്‍ടെക്കുകളാണ് വായ്പ വീണ്ടെടുക്കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചൈനക്കാരോ, ഹോങ്കോംഗ് ആസ്ഥാനമായി ചൈനീസ് പൗരന്മാരോ ആണ് ഇത്തരം ഫിന്‍ടെക്കുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇഡി പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ആര്‍ബിഐ പുറത്തുവിട്ട കണക്കനുസരിച്ച് 2021 ജനുവരി-ഫെബ്രുവരി കാലയളവില്‍ 1,100 ലോണ്‍ ആപ്പുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇതില്‍ 600 എണ്ണവും അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. വായ്പ വിതരണത്തില്‍ ഉപരി ചൈനീസ് ഫിന്‍ടെക്കുകള്‍ക്ക് ഉപഭോക്താക്കളുടെ ഡാറ്റ ലഭ്യമാവുന്നതാണ് പ്രധാന ആശങ്ക. ചൈനയിലേക്ക് ഡാറ്റ ചോര്‍ത്തുന്നു എന്നാരോപിച്ച് പേടിഎം ഡിജിറ്റല്‍ ബാങ്കിനെതിരെ ആര്‍ബിഐ നടപടി എടുത്തിരുന്നു. നിലവില്‍ പുതിയ വരിക്കാരെ സ്വീകരിക്കുന്നതില്‍ നിന്ന് ആര്‍ബിഐ പേയ്ടിഎമ്മിനെ വിലക്കിയിരിക്കുകയാണ്.

Related Articles
Next Story
Videos
Share it