ഫെഡറല്‍ ബാങ്ക് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം; പി.ജി ഡിപ്ലോമയോടൊപ്പം ശമ്പളവും

ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുള്‍പ്പെടെയുള്ള ബിരുദധാരികള്‍ക്ക് പഠന പദ്ധതിയുമായി ഫെഡറല്‍ ബാങ്ക്. ഫെഡറല്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം (എഫ്.ഐ.പി) എന്ന പദ്ധതി ഇന്ത്യയിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായ മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വീസസുമായി ചേര്‍ന്നാണ് ബാങ്ക് നടപ്പിലാക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് മണിപ്പാലിന്റെ പി.ജി ഡിപ്ലോമ കോഴ്സ് ചെയ്യുന്നതോടൊപ്പം ഫെഡറല്‍ ബാങ്കില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനും അവസരം ലഭിക്കും. പ്രതിവര്‍ഷം 5.70 ലക്ഷം രൂപ വരെ പ്രതിഫലവും ലഭിക്കും. 10, 12, ബിരുദ തലങ്ങളില്‍ 60 ശതമാനമോ അതിനു മുകളിലോ മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം.
ബാങ്ക് ശാഖ/ ഓഫീസില്‍ ഡിജിറ്റല്‍ പഠന രീതികള്‍ സമന്വയിപ്പിച്ച് ഉദ്യോഗാര്‍ത്ഥിയുടെ കഴിവ് സമഗ്രമായി മെച്ചപ്പെടുത്തുന്ന രീതിയിലാണ് എഫ്.ഐ.പി പാഠ്യപദ്ധതി ഒരുക്കിയിരിക്കുന്നത് . വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വീസസിന്റെ പിജി ഡിപ്ലോമ ഇന്‍ ബാങ്കിങ് ബിരുദവും ലഭിക്കും.
പ്രായം 2021 ഓക്ടോബര്‍ ഒന്നിന് 27 തികയാന്‍ പാടില്ല. ഒക്ടോബര്‍ 23 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ നവംബര്‍ ഏഴിന് നടക്കും.