ഫെഡറല്‍ ബാങ്കിന് റെക്കോഡ് ലാഭം; രണ്ടാം പാദത്തില്‍ ₹ 1,057 കോടി അറ്റാദായം; 10.79 ശതമാനം വര്‍ധന; മൂല്യം ₹ 31,108.20 കോടി

തുടര്‍ച്ചയായ രണ്ട് പാദങ്ങളിലും ആയിരം കോടിക്ക് മുകളില്‍ ലാഭമുണ്ടാക്കിയ ഫെഡറല്‍ ബാങ്ക് ഇത്തവണ റെക്കോര്‍ഡ് ലാഭം സ്വന്തമാക്കി. ഈ സാമ്പത്തിക വർഷം സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ 10.79 ശതമാനം വര്‍ധനവോടെ ഫെഡറല്‍ ബാങ്ക് 1,056.69 കോടി രൂപ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 953.82 കോടി രൂപയായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പാദവാര്‍ഷിക അറ്റാദായമാണ് ഇതോടെ ഫെഡറല്‍ ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

അടുത്തടുത്ത പാദങ്ങളിലായി ആയിരം കോടി രൂപയിലധികം അറ്റാദായം നേടുക എന്ന നാഴികക്കല്ലും ഇതോടെ ഫെഡറല്‍ ബാങ്ക് കടന്നു. പ്രവര്‍ത്തനലാഭത്തിലും ബാങ്കിന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. 18.19 ശതമാനം വര്‍ധനവോടെ പ്രവര്‍ത്തനലാഭം 1,565.36 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,324.45 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം ബിസിനസ് 17.32 ശതമാനം വര്‍ധിച്ച് 4,99,418.83 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 2,32,868.43 കോടി രൂപയായിരുന്ന നിക്ഷേപം 2,69,106.59 കോടി രൂപയായി വര്‍ധിച്ചു. ബാങ്കിന്റെ മൂല്യം 31,108.20 കോടി രൂപയായും വര്‍ധിച്ചു

വിവിധ മേഖലകളിലെ വളര്‍ച്ചയുടെ ഫലമെന്ന് എം.ഡി

വിവിധ മേഖലകളില്‍ കൈവരിച്ച മികച്ച വളര്‍ച്ച ബാങ്കിന്റെ രണ്ടാം പാദത്തെ മികവുറ്റതാക്കിയെന്ന് ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയരക്ടറും സി.ഇ.ഒ യുമായ കെ.വി.എസ് മണിയന്‍ പറഞ്ഞു. ''അടുത്തടുത്ത പാദങ്ങളില്‍ ആയിരം കോടി രൂപയ്ക്കു മുകളില്‍ അറ്റാദായം നേടാന്‍ കഴിഞ്ഞതില്‍ ഈ മികവ് പ്രതിഫലിക്കുന്നുണ്ട്. ഞങ്ങളുടെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ക്രിസില്‍ എ.എ.എ റേറ്റിംഗ് ലഭിച്ചത് ശ്രദ്ധേയമാണ്. എല്ലാ മേഖലകളിലും നേടാന്‍ സാധിച്ച വളര്‍ച്ച ശക്തവും ഉള്‍ക്കൊള്ളുന്നതുമാണ്. കൂടാതെ ആസ്തിഗുണമേന്മയും മെച്ചപ്പെട്ടു. ഈ വളര്‍ച്ചയും നേട്ടവും തുടര്‍ന്നുകൊണ്ടുപോവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായ്പാ വിതരണത്തിലും മികവ്

വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാനായി. ആകെ വായ്പ മുന്‍ വര്‍ഷത്തെ 1,92,816.69 കോടി രൂപയില്‍ നിന്ന് 2,30,312.24 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയ്ല്‍ വായ്പകള്‍ 17.24 ശതമാനം വര്‍ധിച്ച് 72,701.75 കോടി രൂപയായി. കാര്‍ഷിക വായ്പകള്‍ 29.40 ശതമാനം വര്‍ധിച്ച് 32,487 കോടി രൂപയും വാണിജ്യ ബാങ്കിങ് വായ്പകള്‍ 24.34 ശതമാനം വര്‍ധിച്ച് 24,493.35 കോടി രൂപയുമായി. കോര്‍പറേറ്റ് വായ്പകള്‍ 10.48 ശതമാനം വര്‍ധിച്ച് 77,953.84 കോടി രൂപയിലുമെത്തി. ബിസിനസ് ബാങ്കിംഗ് വായ്പകള്‍ 19.26 ശതമാനം വര്‍ധിച്ച് 19,121.18 കോടി രൂപയായി. അറ്റപലിശ വരുമാനം 15.11 ശതമാനം വര്‍ധനയോടെ 2,367.23 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 2,056.42 കോടി രൂപയായിരുന്നു.

4,884.49 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.09 ശതമാനമാണിത്. നിഷ്‌ക്രിയ ആസ്തി 1,322.29 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.57 ശതമാനമാണിത്. 71.82 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 31,108.20 കോടി രൂപയായി വര്‍ധിച്ചു. 15.20 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവില്‍ 1533 ബാങ്കിംഗ് ഔട്ട് ലെറ്റുകളും 2052 എ.ടി.എം/ സി.ടി.എമ്മുകളുമുണ്ട്.

Related Articles
Next Story
Videos
Share it