ഫെഡറല്‍ ബാങ്കിന്റെ ലാഭം റെക്കോഡില്‍; ഓഹരിവിലയില്‍ 8.18 ശതമാനം ഇടിവ്

ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ അവസാന പാദമായ ജനുവരി -മാര്‍ച്ചില്‍ 67 ശതമാനം വളര്‍ച്ചയോടെ 903 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ബാങ്കിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായമാണിത്. 2021-22 സാമ്പത്തിക വര്‍ഷം സമാന പാദത്തില്‍ 540 കോടി രൂപയായിരുന്നു അറ്റാദായം.

പ്രവര്‍ത്തന ലാഭം ഇക്കാലയളവില്‍ 67.20 ശതമാനം വര്‍ധിച്ച് 1,334.58 കോടി രൂപയായി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 798.20 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭവും സര്‍വകാല റെക്കോര്‍ഡിലാണ്. നാലാം പാദത്തില്‍
അറ്റ
പലിശ വരുമാനം(വായ്പകള്‍ക്ക് ലഭിച്ച പലിശ- നിക്ഷേപങ്ങള്‍ക്ക് നല്‍കിയ) 25.18 ശതമാനം വര്‍ധിച്ച് 1909.29 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 1525.21 രൂപയായിരുന്നു.
സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനം
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിന്റെ അറ്റാദായം 59.31 ശതമാനം വളര്‍ച്ചയോടെ 3010.59 കോടി രൂപയായി. പ്രവര്‍ത്തനം ലാഭം ഇക്കാലയളവില്‍ 27.58 ശതമാനം വളര്‍ച്ചയോടെ 4794.40 കോടിയും അറ്റ പലിശ വരുമാനം 21.31 ശതമാനം വളര്‍ച്ചയോടെ 7232.16 കോടിയുമായി. അറ്റ വരുമാനം 18.77 ശതമാനം വളര്‍ച്ചയോടെ 9,562.16 കോടി രൂപയുമായി.

2023 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് ബാങ്കിന്റെ മൊത്തം ബിസിനസ് 3.87 ലക്ഷം കോടി രൂപയായി. തൊട്ടു മുന്‍ വര്‍ഷമിത് 3.26 കോടി രൂപയായിരുന്നു. 18.74 ശതമാനമാണ് വളര്‍ച്ച.
Image Source : @Federal Bank

അറ്റ പലിശ മാര്‍ജിന്‍ കുറഞ്ഞു
അതേ സമയം അറ്റ പലിശ മാര്‍ജിനില്‍ (NIM) കഴിഞ്ഞ പാദത്തില്‍ കുറവുണ്ടായിട്ടുണ്ട്. മൂന്നാം പാദത്തില്‍ 3.49 ആയിരുന്ന അറ്റ പലിശ മാര്‍ജിന്‍ കഴിഞ്ഞ പാദത്തില്‍ 3.31 ശതമാനമായി. നാലാം പാദത്തില്‍ കറന്റ് സേവിംഗസ് അക്കൗണ്ട് നിരക്ക് 32.6 ശതമാനമായി കുറഞ്ഞു. മുന്‍ വര്‍ഷം സമാനപാദത്തിലിത് 36.94 ശതമാനമായിരുന്നു. അനുപാതം ഉയര്‍ന്നിരിക്കുന്നതാണ് നല്ലത്. ബാങ്കിന്റെ നിക്ഷേപങ്ങളില്‍ കൂടുതലും കാസ നിക്ഷേപങ്ങളാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ബാങ്കിന്റെ കോസ്റ്റ് ഓഫ് ഫണ്ട്‌സ് കുറവായിരിക്കും.

നിഷ്‌ക്രിയ ആസ്തി 2.80 ശതമാനത്തില്‍ നിന്ന് 2.36 ശതമാനമായി. മൊത്ത നിഷ്‌ക്രിയ ആസ്തി(GNPA) 2.80 ശതമാനത്തില്‍ നിന്ന് 2.36 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി(NNPA) 0.69 ശതമാനം അഥവാ 1,205.01 കോടി രൂപയാണ്.

സാങ്കേതികമായി എഴുതിത്തള്ളിയ വായ്പകള്‍ ഉള്‍പ്പെടെ, കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരിപ്പായ പ്രൊവിഷണല്‍ കവറേജ് അനുപാതം(Provisional coverage ratio) 70.02 ശതമാനമാണ്. അതേ സമയം ബാങ്കിന്റെ അറ്റ ആസ്തി 21,419.49 കോടിയായി ഉയര്‍ന്നു. മൂലധന പര്യാപ്തത അനുപാതം(CRAR) 15.77 ശതമാനത്തില്‍ നിന്ന് 14.81 ശതമാനമായി കുറഞ്ഞു.
നിക്ഷേപവും വായ്പയും കൂടി
ബാങ്കിന്റെ മൊത്ത നിക്ഷേപം മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 17.44 ശതമാനം വര്‍ധിച്ച് 2,13,386.04 രൂപയായി. ആകെ വായ്പകള്‍ 20.14 ശതമാനം വര്‍ധിച്ച് 1.77 ലക്ഷം കോടിയിലെത്തി. കറന്റ് അക്കൗണ്ട് -സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍(CASA) 69740.98 കോടി രൂപയാണ്. കാര്‍ഷിക വായ്പകള്‍ 21.46 ശതമാനം വളര്‍ച്ചയോടെ 23,355 കോടി രൂപയും കോര്‍പ്പറേറ്റ് വായ്പകള്‍ 23.45 ശതമാനം വളര്‍ച്ചയോടെ 64,311.34 കോടി രൂപയുമായി. വാണിജ്യ വായ്പകള്‍ 17.91 ശതമാനവും ചെറുകിട വായ്പകള്‍ 17.61 ശതമാനവും വര്‍ധിച്ചു.
2023 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 1355 ശാഖകളും 1914 എ.ടി.എമ്മുകളുമാണ് ഫെഡറല്‍ ബാങ്കിനുള്ളത്. കാസയും അറ്റ പലിശ മാര്‍ജിനും കുറഞ്ഞത് ബാങ്കിന്റെ ഓഹരികളിലും പ്രതിഫലിച്ചു. ഇന്ന് 8.18 ശതമാനം ഇടിഞ്ഞ് 128 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
Related Articles
Next Story
Videos
Share it