സ്വര്‍ണപ്പണയം: ബാങ്കുകള്‍ക്കെതിരെ അന്വേഷണം വേണമെന്ന് റിസര്‍വ് ബാങ്കിനോട് ഗോള്‍ഡ് ലോണ്‍ കമ്പനികള്‍
സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച് നല്‍കാവുന്ന വായ്പയുടെ പരിധി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ ചില ബാങ്കുകള്‍ ലംഘിക്കുന്നതായി പരാതി. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്ന ബാങ്കുകള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഗോള്‍ഡ് ലോണ്‍ കമ്പനികളുടെ അസോസിയേഷന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. ലോണ്‍-ടു-വാല്യൂ മാനദണ്ഡത്തില്‍ റിസര്‍വ് ബാങ്കിന്റെ താല്‍ക്കാലിക ഇളവ് അവസാനിച്ചതിന് ശേഷവും ബാങ്കുകള്‍ സ്വര്‍ണ വായ്പാ പോര്‍ട്ട്ഫോളിയോ വര്‍ധിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരാതിയുമായി അസോസിയേഷന്‍ മുന്നോട്ട് വന്നത്.
വായ്പാ തുക പണയം വച്ച ആഭരണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്നാണ് ലോണ്‍-ടു-വാല്യൂ മാനദണ്ഡത്തില്‍ പറയുന്നുത്. കൊവിഡ് ആഘാതം ലഘൂകരിക്കുന്നതിന് കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും മറ്റും സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയെടുക്കുന്ന വായ്പകള്‍ക്ക് 2020 ഓഗസ്റ്റ് മുതല്‍ ഈ 75 ശതമാനം എന്നത് 90 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഇളവ് 2021 മാര്‍ച്ച് 31ന് അവസാനിച്ചിട്ടും പല ബാങ്കുകളും തുടരുന്നതായാണ് പരാതി.
ക്രിസില്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് ആന്‍ഡ് അനലറ്റിക്‌സ് റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം 2018നും 2022നും ഇടയില്‍ സ്വര്‍ണ വായ്പാ ബിസിനസ് 15 ശതമാനം സംയോജിത ശരാശരി വാര്‍ഷിക വളര്‍ച്ചാനിരക്കാണ് കുറിച്ചിട്ടുള്ളത്. 2022 മാര്‍ച്ച് വരെ ബാങ്കുകള്‍ക്കും (78 ശതമാനവും) എന്‍.ബി.എഫ്.സികള്‍ക്കും (22 ശതമാനവും) മൊത്തം 5.09 ലക്ഷം കോടി രൂപയുടെ സ്വര്‍ണ വായ്പ കുടിശികയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വായ്പാ വളര്‍ച്ച 5-7 ശതമാനമായി കുറഞ്ഞു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 10-12 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.