പ്രതിമാസം അഞ്ച് ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍; പുതിയ പദ്ധതിയുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

2022 ഫെബ്രുവരിയില്‍ ക്രെഡിറ്റ് കാര്‍ഡ് വില്‍പ്പന പ്രതിമാസം അഞ്ച് ലക്ഷം വരെയാക്കി ഉയര്‍ത്തുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്. ക്രെഡിറ്റ് കാര്‍ഡുകള്‍ പുതുതായി ഇഷ്യു ചെയ്യാനുള്ള അനുമതി ലഭിച്ചതോടെയാണ് പുതിയ പ്ലാനും ബാങ്ക് പ്രഖ്യാപിച്ചത്. എട്ട് മാസത്തിന്‌ശേഷമാണ് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യു ചെയ്യാനുള്ള അനുമതി ബാങ്കിന് ലഭിച്ചത്.

പുതിയ പ്ലാന്‍ അനുസരിച്ച് അടുത്ത മൂന്ന് മാസം കൊണ്ട് പ്രതിമാസം മൂന്ന് ലക്ഷം കാര്‍ഡുകള്‍ എന്ന പ്രതിമാസ ഗോള്‍ എച്ച്ഡിഎഫ്‌സി നേടിയെടുക്കുമെന്നും 2022 ഓടെ അത് പ്രതിമാസം അഞ്ച് ലക്ഷം കാര്‍ഡ് എന്ന കണക്കിലേക്ക് ഉയരുമെന്നും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പേയ്‌മെന്റ്‌സ് ആന്‍ഡ് കണ്‍സ്യൂമര്‍ ഫിനാന്‍സ്, ഡിജിറ്റല്‍ ബാങ്കിംഗ് ആന്‍ഡ് ഐടി വിഭാഗം മേധാവി പരാഗ് റാവു പറഞ്ഞു.
പുതിയ കാര്‍ഡുകളുടെ ഇഷ്യു നിരോധനം വന്നതോടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കാര്‍ഡ് ബേസ് 2020 ഡിസംബറിലെ 15.38 ദശലക്ഷം എന്നതില്‍ നിന്ന് ജൂണ്‍ 2021 ല്‍ 14.82 കാര്‍ഡ് ബേസിലേക്ക് കുറഞ്ഞിരുന്നു. അതേസമയം എതിരാളികളായ ഐസിഐഐ ബാങ്കും എസ്ബിഐ കാര്‍ഡ്‌സും ഈ അവസരം മുതലെടുത്തിരുന്നു.
നവംബര്‍ 2020 മുതല്‍ മെയ് 2021 വരെയുള്ള കാലയളവിലെ ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് കസ്റ്റമര്‍ ബേസിലേക്ക് 11.6 ലക്ഷം പുതിയ ഉപഭോക്താക്കളാണ് ചേര്‍ക്കപ്പെട്ടത്.
പേടിഎമ്മുമായി ചേര്‍ന്നും നിലവിലുള്ള ഉപഭോക്താക്കള്‍ വഴിയും കാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപനത്തോടെ, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിഹിതം തിങ്കളാഴ്ച ബിഎസ്ഇയില്‍ 0.60 ശതമാനം ഉയര്‍ന്ന് 1523.50 രൂപയായി. എന്‍എസ്ഇയിലും സമാനമായ പ്രവണതകള്‍ കണ്ടു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it