വിലക്കുകള്‍ അവസാനിച്ചതിന് പിന്നാലെ ഡിജിറ്റല്‍ മേഖല ലക്ഷ്യമിട്ട് എച്ച്ഡിഎഫ്‌സി

സ്വകാര്യമേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എച്ച്ഡിഎഫ്‌സി (HDFC) ഡിജിറ്റല്‍ രംഗത്തെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. വിവിധ നിയമ ലംഘനങ്ങള്‍ക്ക് ആര്‍ബിഐ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബാങ്കിന്റെ നീക്കം. 2020 ഡിസംബറിലാണ് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതില്‍ നിന്നും ഡിജിറ്റല്‍ രംഗത്തെ വിപുലീകരണത്തില്‍ നിന്നും എച്ച്ഡിഎഫ്‌സിയെ ആര്‍ബിഐ വിലക്കിയത്.

ഇതില്‍ ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്നതിനുള്ള വിലക്ക് 2021 ഓഗസ്റ്റിലും ഡിജിറ്റല്‍ രംഗത്തെ വിലക്ക് കഴിഞ്ഞ ആഴ്ചയും ആണ് നീങ്ങിയത്. പുതു തലമുറ ബാങ്കിങ് സേവനങ്ങള്‍ വിപുലപ്പെടുത്താനായി മൂന്ന് വര്‍ഷത്തെ പദ്ധതികളാണ് എച്ച്ഡിഎഫ്‌സി തയ്യാറാക്കുന്നത്. ബാങ്കിന് കീഴിലുള്ള പേസാപ്പ് ആപ്ലിക്കേഷന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ഈ വര്‍ഷം അവതരിപ്പിക്കും.
രാജ്യത്തെ മുന്‍നിര പേയ്‌മെന്റ് ആപ്പുകളില്‍ ഒന്നാക്കി പേസാപ്പിനെ മാറ്റുകയാണ് ലക്ഷ്യം. സ്മാര്‍ട്ട്‌ബൈ ഡീലുകളിലൂടെ ഷോപ്പിംഗിന് കൂടിയുള്ള ഇടമായി പേസാപ്പ് മാറും. കൂടാതെ മൊബൈല്‍-ഒണ്‍ലി ഡിജിറ്റല്‍ ക്രെഡിറ്റ് കാര്‍ഡും എച്ച്ഡിഎഫ്‌സി അവതരിപ്പിക്കും. ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ഇടപാട് നടത്താന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആരംഭിക്കാനും എച്ച്ഡിഎഫ്‌സിക്ക് പദ്ധതിയുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it