ഒന്നാംപാദത്തിലെ അറ്റാദായത്തില്‍ 16.1 ശതമാനം വളര്‍ച്ചയുമായി എച്ച്ഡിഎഫ്‌സി

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദ അറ്റാദായത്തില്‍ 16.1 ശതമാനം വര്‍ധന. അറ്റാദായം 7,729.60 കോടിയായാണ് ഉയര്‍ന്നത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 6,658.60 കോടിയായിരുന്നു അറ്റാദായം. നേരത്തെ, 7,900 കോടി രൂപയുടെ അറ്റാദായം ബാങ്ക് നേടുമെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തല്‍. കോവിഡിന്റെ രണ്ടാം തരംഗം ഈ പാദത്തിലെ മൂന്നില്‍ രണ്ട് ബിസിനസ് പ്രവര്‍ത്തനത്തെയും ബാധിച്ചതായി ബാങ്ക് അറിയിച്ചു.

ഈ കാലയളവിലെ അറ്റ പലിശ വരുമാനം 15,665.70 കോടി രൂപയില്‍ നിന്ന് 17,009 കോടി രൂപയായി ഉയര്‍ന്നു. 14.4 ശതമാനത്തിന്റെ വര്‍ധന. അറ്റ പലിശ മാര്‍ജിന്‍ 4.1 ശതമാനമായും ഉയര്‍ന്നതായും ബാങ്ക് ബിഎസ്ഇ ഫയലിംഗില്‍ വ്യക്തമാക്കി. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 1.47 ശതമാനമായി. മാര്‍ച്ച് പാദത്തില്‍ 1.32 ശതമാനമായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ മൊത്തം നിഷ്‌ക്രിയ ആസ്തി 1.36 ശതമാനമായിരുന്നു.
ബാങ്കിന്റെ മൂലധന വകയിരുത്തല്‍ 4,219.70 കോടിയാണ്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ഇത് 3,891.5 കോടിയായിരുന്നു. മാര്‍ച്ച് പാദത്തില്‍ 4,694 കോടിയായിരുന്നു ബാങ്കിന്റെ മൂലധന വകയിരുത്തല്‍. പ്രീ പ്രൊവിഷന്‍ പ്രവര്‍ത്തന ലാഭം 18 ശതമാനം ഉയര്‍ന്ന് 15,137 കോടി രൂപയായി. ലിക്വിഡിറ്റി കവറേജ് അനുപാതം റെഗുലേറ്ററി ആവശ്യകതയേക്കാള്‍ 126 ശതമാനമാണ്.


Related Articles
Next Story
Videos
Share it