റീപോ റേറ്റ് വര്‍ധന: ബിസിനസുകാരെ എങ്ങനെ ബാധിക്കും?

റീപോ റേറ്റില്‍ (Repo Rate) അമ്പതു ബേസിസ് പോയിന്റ് വര്‍ദ്ധനവാണ് ഇന്നത്തെ പണ പോളിസി അവലോകനത്തില്‍ വരുത്തിയിട്ടുള്ളത്. ഇത് ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നതുമാണ്. ഒരാഴ്ച മുമ്പാണ് ഫെഡറല്‍ റിസേര്‍വ് റേറ്റ് എഴുപത്തിയഞ്ച് പോയിന്റ് (75 bps) ഉയര്‍ത്തിയത്. ഇന്ത്യയുടെ തനതായ സാമ്പത്തിക സാഹചര്യങ്ങളോട് സമയോചിതമായി പ്രതികരിക്കുമ്പോള്‍ തന്നെ അന്തര്‍ദേശീയ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളോടുകൂടെ അനുരൂപീകരിച്ചുവേണം ഏതൊരു രാജ്യത്തിന്റെയും മോനിറ്ററി പോളിസികള്‍ എന്ന് റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ (RBI Governor) ഇന്നത്ത നയപ്രഖ്യാപനത്തില്‍ സൂചിപ്പിക്കുകയും ചെയ്തു.

വിലക്കയറ്റം അഭിലഷണീയ തോതില്‍ പിടിച്ചുനിര്‍ത്തുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ (RBI) പ്രാഥമിക ഉത്തരവാദിത്തം എന്നിരിക്കലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും തങ്ങളുടെ ശ്രദ്ധയില്‍ ഉണ്ടെന്നും അതിനും കൂടെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് മോണിറ്ററി പോളിസിയെ സമീപിക്കുന്നത് (Monetary Policy) എന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. ജൂണിലെ നയപ്രഖ്യാപനത്തില്‍ സൂചിപ്പിച്ച വിത്‌ഡ്രോവല്‍ ഓഫ് അക്കൊമൊഡേഷന്‍ (withdrawal of accommodation) നിലപാട് ഇത്തവണയും തുടരുകയാണ്. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (CPI) ഏപ്രിലില്‍ നിന്ന് താഴെയാണെങ്കിലും ഇപ്പോഴും ആറ് ശതമാനത്തില്‍ (6%) നില്‍ക്കുന്നത് ആശങ്കയുണ്ടാക്കുന്നു. അതുപോലെ വിലക്കയറ്റത്തോത് അഭികാമ്യമായ ആറ് ശതമാനമായി (6%) തന്നെ നിലനിര്‍ത്തുമ്പോഴും നിലവില്‍ അത് ഏഴ് ശതമാനത്തിനു മുകളിലാണ്.

റീപോ റേറ്റ് വര്‍ദ്ധന അവശ്യമായി വന്നിരിക്കുന്ന ഈ സാഹചര്യത്തിലും സാമ്പത്തികവളര്‍ച്ചക്കു പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളുണ്ട് എന്ന് ഗവര്‍ണര്‍ എടുത്തു പറയുകയുണ്ടായി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഉല്‍പ്പാദന സേവന രംഗങ്ങളില്‍ കാണുന്ന ഉണര്‍വാണ്. ഉല്‍പ്പാദന രംഗത്ത് കപ്പാസിറ്റി ഉപയോഗം ഉയര്‍ന്നു എഴുപത്തിയഞ്ച് പോയിന്റ് മൂന്ന് ശതമാനത്തില്‍ (75.30%) എത്തിനില്‍ക്കുന്നു.
വാഹന വിപണിയില്‍, പ്രത്യേകിച്ച് ചരക്കു വാഹന വിപണിയില്‍, വളര്‍ച്ചയുണ്ട്. ബാങ്ക് ക്രെഡിറ്റ് വളര്‍ച്ച പതിനാലു ശതമാനത്തിലേക്ക് (14%) ഉയര്‍ന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് സാമ്പത്തിക രംഗത്ത് തുടര്‍ന്നും വളര്‍ച്ചയുണ്ടാകും എന്നാണ്. അതിനാല്‍ ഈ വര്‍്ഷം അവസാനപാദത്തില്‍ ജിഡിപി (GDP) നാലു ശതമാനം (4%) വളര്‍ച്ച മുന്നില്‍ കാണുമ്പോഴും വര്‍ഷം മുഴുവനും കണക്കിലെടുത്താല്‍ ജിഡിപി (GDP) ഏഴു പോയിന്റ് രണ്ടു ശതമാനത്തില്‍ (7.20%) എത്തും എന്ന് തന്നെയാണ് റിസര്‍വ് ബാങ്ക് വിലയിരുത്തന്നത്.
ഇന്നത്തെ റേറ്റ് വര്‍ധനവിന്റെ ഭാരം ഏറ്റവും വേഗത്തില്‍ അനുഭവപ്പെടുന്നത് ഭവന വായ്പയും (Housing Loans) പ്രോപ്പര്‍ട്ടി വായ്പയും (Property Loans) അതുപോലെയുള്ള വ്യക്തിഗത വായ്പകള്‍ എടുത്തിരിക്കുന്ന ഇടപാടുകാര്‍ക്കായിരിക്കും. ഇവരുടെ പലിശയും തവണ തുകയും കൂടും. പുതിയതായി വ്യക്തിഗത വായ്പകള്‍ എടുക്കുന്നവര്‍ക്കും നിരക്കില്‍ വര്‍ധനവുണ്ടാകും. വ്യവസായ വായ്പകള്‍ക്കും കച്ചവടാവശ്യത്തിനായി എടുത്തിരിക്കുന്ന വായ്പകള്‍ക്കും നിരക്ക് വര്‍ധനവും അത് വഴി അധിക ബാദ്ധ്യതയും ഉണ്ടാകും. പുതിയ വായ്പകള്‍ക്കും നിരക്ക് വര്‍ദ്ധനവുണ്ടാകും.
കോവിഡ് ഏല്‍പ്പിച്ച ദുരന്തങ്ങളാലും മറ്റും ഇനിയും പൂര്‍ണമായും കരകയറിയിട്ടില്ലാത്ത ഇടപാടുകാര്‍ക്ക് ഈ നിരക്ക് വര്‍ദ്ധനവ് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. സ്വാഭാവികമായും കോവിഡ് പാക്കേജിന്റെ ഭാഗമായും അല്ലാതെയും പുനര്‍വിന്യാസവും പുനര്‍ക്രമീകരണവും ചെയ്തിട്ടുള്ള കടങ്ങളുടെ സമയബന്ധിതമായ തിരിച്ചടവിനു കൂടിയ നിരക്ക് വെല്ലുവിളിയാകും.
ബാങ്ക് നിക്ഷേപകര്‍ ഇപ്പോള്‍ എന്തുചെയ്യണം?
നിരക്ക് വര്‍ദ്ധനവ് ബാങ്ക് നിക്ഷേപകര്‍ക്കു ഗുണം ചെയ്യും. അവര്‍ക്കു പലിശയില്‍ വര്ധനവുണ്ടാകും. പുതിയ നിക്ഷേപങ്ങള്‍ക്കാണ് ഇത് ഉപകാരപ്പെടുക. നിലവിലുള്ള കാലാവധി നിക്ഷേപങ്ങള്‍ പുതിക്കിയിട്ടാലും പുതുക്കിയ കൂടിയ പലിശ കിട്ടും.
ബാങ്കുകളെ സാമ്പത്തിച്ചിടത്തോളും റീപോ റേറ്റ് വര്‍ദ്ധനവ് ഇടക്കാലത്തേക്കെങ്കിലും ഗുണകരമാകും. വായ്പകള്‍ക്ക് പലിശ ഉടനെ തന്നെ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെങ്കിലും നിക്ഷേപങ്ങള്‍ക്ക് പലിശ വര്‍ദ്ധനവ് അത്രയും പെട്ടെന്ന് ലഭിക്കണമെന്നില്ല. മാത്രമല്ല, വായ്പകള്‍ക്ക് കൂട്ടുന്ന അത്രയും പലിശ നിരക്ക് നിക്ഷേപങ്ങള്‍ക്ക് കൂട്ടാനും സാധ്യതയില്ല.
ചുരുക്കിപ്പറഞ്ഞാല്‍ ബാങ്കുകളുടെ പലിശയിനത്തിലെ മാര്‍ജിന്‍ കൂടും.
നിരക്ക് വര്‍ദ്ധന കടമെടുപ്പിന്റെ അളവില്‍ കുറവുണ്ടാക്കാമെന്നതും അത് വഴി ഉത്പാദനത്തില്‍ കുറവ് വന്നേക്കാമെന്നതും തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞേക്കാമെന്നതും കാണാതിരുന്നുകൂടാ. വിലക്കയറ്റം തടയുന്നതിന് നിരക്കുകള്‍ വര്‍ധിപ്പിക്കുക ഏറ്റവും ശക്തമായ ഒരു ഉപാധിയാണ്. അതിന്റെ ഉപോല്‍പന്നമാണ് സാമ്പത്തിക മാന്ദ്യം. ഇവ രണ്ടും ഭാവനാപൂര്‍്ണമായി നേരിടുക എന്നതാണ് ഏതൊരു സാമ്പത്തിക സംവിധാനത്തിന്റെയും മുഖ്യ വെല്ലുവിളി.


Babu K A
Babu K A - Banking and Financial Expert  
Related Articles
Next Story
Videos
Share it