ഫെഡറല്‍ ബാങ്കിലെ ഓഹരി പങ്കാളിത്തം കൂട്ടാന്‍ ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യലിന് പച്ചക്കൊടി

ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ഫെഡറല്‍ ബാങ്കില്‍ ഓഹരി പങ്കാളിത്തം കൂട്ടാന്‍ ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി. നിബന്ധനകളോടെ 9.95 ശതമാനം വരെ ഓഹരി പങ്കാളിത്തം ഉയര്‍ത്താനാണ് അനുമതിയെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ ഫെഡറല്‍ ബാങ്ക് വ്യക്തമാക്കി.

നിലവില്‍ ഫെഡറല്‍ ബാങ്കില്‍ 1.93 ശതമാനം ഓഹരി പങ്കാളിത്തം ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനിക്കുണ്ട്. ഇതാണ് 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ നിയമപ്രകാരം 9.95 ശതമാനം വരെയായി ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്.
ബാങ്കിന്റെ നേട്ടം
കൂടുതല്‍ മൂലധന സമാഹരണം നടത്താന്‍ ഫെഡറല്‍ ബാങ്കിന് ഈ നടപടി സഹായകമാകും. കഴിഞ്ഞ ഒക്ടോബറില്‍ രാജ്യാന്തര ധനകാര്യ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനും (IFC) ഉപകമ്പനികളും ചേര്‍ന്ന് ഫെഡറല്‍ ബാങ്കിലെ ഓഹരി പങ്കാളിത്തം 4.46 ശതമാനത്തില്‍ നിന്ന് 7.32 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരുന്നു. ഇതുവഴി 958.74 കോടി രൂപയാണ് ഫെഡറല്‍ ബാങ്ക് സമാഹരിച്ചത്. ഐ.എഫ്.സിക്കും മൊത്തം ഓഹരി പങ്കാളിത്തം ഫെഡറല്‍ ബാങ്കില്‍ 9.7 ശതമാനം വരെയായി ഉയര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ട്.
അതേസമയം, ഇന്ന് ഫെഡറല്‍ ബാങ്ക് ഓഹരിയില്‍ വ്യാപാരം പുരോഗമിക്കുന്നത് 0.29 ശതമാനം നേട്ടത്തോടെ 155.90 രൂപയിലാണ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it