വായ്പാ വിപണി ഉണര്‍ന്നു, പണം തികയാതെ ബാങ്കുകള്‍

വായ്പാ ആവശ്യം വര്‍ധിച്ചതോടെ രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ പണ ലഭ്യതയില്‍ കമ്മിയിലേക്ക് എത്തി. 40 മാസത്തിനിടെ ആദ്യമായാണ് ഇത്തരം ഒരു സാഹചര്യം നേരിടുന്നത്. അതായത് ബാങ്കുകളിലേക്ക് എത്തുന്ന പണത്തേക്കാള്‍ കൂടുതലാണ് നിലവിലെ വായ്പ ആവശ്യം. ഈ സാഹചര്യം കണക്കിലെടുത്ത് ചൊവ്വാഴ്ച 21,873.43 കോടി രൂപയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നല്‍കിയത്.

ഹ്രസ്വകാല വായ്പകള്‍ക്കുള്ള ( Call Money Rate) പലിശ 2019 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 5.85 ശതമാനത്തില്‍ എത്തി. കൂടുതല്‍ പണം ബാങ്കിംഗ് മേഖലയിലേക്ക് എത്തിക്കാന്‍ ആര്‍ബിഐ ഇന്ന് റിപോ റേറ്റിലും ഉയര്‍ന്ന നിരക്കില്‍ പണം നല്‍കുന്ന (overnight variable rate repo auction) ലേലം നടത്തുകയാണ്. 50,000 കോടി രൂപയാണ് ഈ ലേലത്തിലൂടെ ആര്‍ബിഐ നല്‍കുന്നത്. കോവിഡിന് ശേഷം രാജ്യത്തെ സാമ്പത്തിക രംഗം ശക്തമായി തിരിച്ചുവരുന്നതിന്റെ സൂചനയാണ് ഉയര്‍ന്ന വായ്പാ ഡിമാന്‍ഡ് എന്നാണ് വിലയിരുത്തല്‍

വായ്പാ ആവശ്യം വര്‍ധിക്കുന്നതോടെ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തും. പണ ലഭ്യതയില്‍ ഇപ്പോള്‍ പ്രകടമായ കമ്മി നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും തുടര്‍ന്നേക്കും. പണത്തിന്റെ ആവശ്യം കൂടുന്നതോടെ പണ വിപണിയിലെ ( Currency Market) റിസര്‍വ് ബാങ്ക് ഇടപെടലും കുറയും. കഴിഞ്ഞ 4 മാസത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആര്‍ബിഐ ബാങ്കുകള്‍ക്ക് വായ്പാ നരക്ക് (റീപോ റേറ്റ്) 140 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ 5.4 ശതമാനം ആണ് രാജ്യത്തെ പലിശ നിരക്ക്. ഇപ്പോഴത്തെ സ്ഥിതിയില്‍ റീപോ റേറ്റ് ഉയര്‍ത്തുന്നതിന്റെ തോത് ആര്‍ബിഐ കുറച്ചേക്കും. ഈ മാസം അവസാനമാണ് ആര്‍ബിഐ മോണിറ്ററി പോളിസി കമ്മിറ്റിയുടെ അടുത്ത യോഗം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it