Begin typing your search above and press return to search.
ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തുക കുറഞ്ഞേക്കും, സൂചന നല്‍കി കേന്ദ്ര ധനമന്ത്രി
ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പോളിസികളിലെ ജി.എസ്.ടി നിരക്ക് ജി.എസ്.ടി കൗൺസിൽ കുറച്ചാല്‍ ഇൻഷുറൻസ് ചെലവ് കുറയുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയിലെ ജി.എസ്.ടി പ്രശ്നങ്ങൾ സമഗ്രമായി പരിശോധിക്കാൻ മന്ത്രിതല സമിതി (ജി.ഒ.എം) രൂപീകരിക്കാൻ സെപ്റ്റംബർ 9 ന് ചേര്‍ന്ന ജി.എസ്.ടി കൗൺസിൽ ശുപാർശ ചെയ്തിട്ടുളളതായും ധനമന്ത്രി പറഞ്ഞു.
ജി.എസ്.ടി കുറയ്ക്കുന്നതിൻ്റെ ആനുകൂല്യങ്ങൾ ഇൻഷുറൻസ് കമ്പനികൾ ഉപയോക്താക്കൾക്ക് കൈമാറുന്നത് സർക്കാർ എങ്ങനെ ഉറപ്പാക്കുമെന്ന ചോദ്യത്തിന് മത്സരാധിഷ്ഠിത വിലനിർണയം ഇൻഷുറൻസ് ചെലവ് കുറയ്ക്കുമെന്ന് നിര്‍മ്മല സീതാരാമൻ ലോക്സഭയില്‍ പറഞ്ഞു.
ഇൻഷുറൻസ് പ്രീമിയത്തില്‍ ജി.എസ്.ടി നിരക്കുകൾ ബാധകമായതിനാൽ, ജി.എസ്.ടി നിരക്ക് കുറച്ചാൽ അത് പോളിസി ഉടമകള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി ഇൻഷുറർമാരുള്ള മത്സരാധിഷ്ഠിത വിപണിയാണ് ഇന്ത്യയിലുളളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിലവിൽ ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾക്കുള്ള പ്രീമിയത്തിന് 18 ശതമാനം ജി.എസ്.ടി യാണ് ചുമത്തുന്നത്. കൗണ്‍സില്‍ യോഗം ഡിസംബര്‍ 21നാണ് ഇനി നടക്കുക. ജി.എസ്.ടി കുറയ്ക്കുന്നത് സംബന്ധിച്ചുളള ജി.ഒ.എം റിപ്പോർട്ട് യോഗത്തില്‍ ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്.
2023-24 സാമ്പത്തിക വർഷത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഹെൽത്ത് കെയർ, ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്ന് 16,398 കോടി രൂപയാണ് ജി.എസ്.ടി യായി പിരിച്ചെടുത്തത്.
Next Story
Videos