ജിയോ ഫിനാന്‍ഷ്യല്‍ 'മുഖം' മിനുക്കുന്നു; ഭവന, വാഹന വായ്പകളും ഇനി നല്‍കും

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തി സ്വതന്ത്രമായി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ബാങ്കിതര ധനകാര്യ സ്ഥാപനമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (Jio Fin) പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്താനൊരുങ്ങുന്നു.

ഇന്ത്യയില്‍ ഇപ്പോഴും വിവിധ വായ്പാ പദ്ധതികള്‍ക്ക് കൂടുതല്‍ വളര്‍ച്ചാ സാധ്യതകളുണ്ടെന്ന് വിലയിരുത്തിയാണ് ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ പിന്തുണയുള്ള ജിയോ ഫിനിന്റെ പുതിയ നീക്കം. സെപ്റ്റംബര്‍പാദ പ്രവര്‍ത്തന ഫല പ്രഖ്യാപനത്തോട് അനുബന്ധിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിപുലീകരണ പദ്ധതികളെ കുറിച്ച് കമ്പനി വ്യക്തമാക്കിയത്.
ഭവന, വാഹന വായ്പകളും
ശമ്പളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കുമായി (Salaried and self employed individuals) വ്യക്തിഗത വായ്പകള്‍ (Personal loans) ജിയോ ഫിന്‍ അവതരിപ്പിച്ചിരുന്നു. ഉപയോക്തൃ വായ്പകള്‍ക്കും തുടക്കമിട്ടു.
വാഹന, ഭവന വായ്പകളും അവതരിപ്പിക്കാനാണ് പുതിയ നീക്കം. ബിസിനസ് വായ്പകളും സ്വയം തൊഴിലുകാര്‍ക്കായി മര്‍ച്ചന്റ് വായ്പകളും ജിയോ ഫിന്‍ അവതരിപ്പിക്കും. ഇന്‍ഷ്വറന്‍സ് പദ്ധതികളുടെ വിതരണത്തിനായി 24 ഇന്‍ഷ്വറന്‍സ് കമ്പനികളുമായും ജിയോ ഫിന്‍ കൈകോര്‍ത്തിട്ടുണ്ട്.
ഡെബിറ്റ് കാര്‍ഡുമെത്തും
ജിയോ ഫിനിന്റെ പേയ്‌മെന്റ് ബാങ്ക് വിഭാഗം സേവിംഗ്‌സ് ബാങ്ക്, ബില്‍ പേമെന്റ് സേവനങ്ങള്‍ അടുത്തിടെ പുനരുജ്ജീവിപ്പിച്ചിരുന്നു. വൈകാതെ ഡെബിറ്റ് കാര്‍ഡ് സേവനങ്ങളും അവതരിപ്പിക്കും. എല്ലാവിധ സേവനങ്ങള്‍ക്കുമായി മൊബൈല്‍ ആപ്പ് സജ്ജീകരിക്കാനുള്ള തയ്യാറെടുപ്പിലുമാണ് കമ്പനി.
ലാഭത്തില്‍ വന്‍ വളര്‍ച്ച
കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 265 രൂപയായിരുന്നു ഓഹരി ഒന്നിന് ലിസ്റ്റിംഗ് വേളയിലെ വില. ഇന്ന് 217 രൂപയിലാണ് ഓഹരികളില്‍ വ്യാപാരം പുരോഗമിക്കുന്നത്.
ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ജിയോ ഫിന്‍ 101 ശതമാനം പാദാധിഷ്ഠിത വളര്‍ച്ചയോടെ 668 കോടി രൂപ ലാഭം രേഖപ്പെടുത്തിയിരുന്നു (Click here to read more). ലിസ്റ്റിംഗിന് ശേഷമുള്ള ആദ്യത്തെ ത്രൈമാസ ഫലമാണിത്. ജൂണ്‍പാദത്തില്‍ ലാഭം 331 കോടി രൂപയായിരുന്നു. വരുമാനം 414 കോടി രൂപയില്‍ നിന്ന് 47 ശതമാനം ഉയര്‍ന്ന് 608 കോടി രൂപയുമായി.

Related Articles

Next Story

Videos

Share it