ഗള്‍ഫ് മലയാളികള്‍ക്ക് ആശ്വാസം, ഇനി യുപിഐയിലൂടെ പണം അയക്കാം
മറ്റ് രാജ്യങ്ങളിലെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യുപിഐ (UPI) ഇടപാടുകള്‍ നടത്താനുള്ള അവസരം ഒരുങ്ങുന്നു. യുകെ, യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഹോങ്കോംഗ്, കാനഡ, ഓസ്‌ട്രേലിയ, യുഎസ്എ, സിംഗപ്പൂര്‍ ഉള്‍പ്പടെയുള്ള പത്തോളം രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് (NRI) സേവനം ലഭ്യമാകും. വിദേശ നമ്പറുകളുമായി ലിങ്ക് ചെയ്ത എന്‍ആര്‍ഇ-എന്‍ആര്‍ഒ അക്കൗണ്ടുകളില്‍ നിന്ന് യുപിഐ ഇടപാടുകള്‍ നടത്താം.
ഇതുസംബന്ധിച്ച മാറ്റങ്ങള്‍ വരുത്താന്‍ ബാങ്കുകള്‍ക്ക് ഏപ്രില്‍ 30വരെയാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ സമയം അനുവദിച്ചിരിക്കുന്നത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് ആക്ട് (FEMA), ആര്‍ബിഐ ചട്ടങ്ങള്‍ അനുസരിച്ചാണോ ഇടപാടുകള്‍ എന്ന് ബാങ്കുകള്‍ പരിശോധിക്കും. അതേ സമയം പരമാവധി എത്ര തുകവരെ ഒരുദിവസം അയക്കാം എന്നതില്‍ കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല.
യുപിഐ ഇടപാടുകള്‍ അന്താരാഷ്ട്രതലത്തില്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. കഴിഞ്ഞ ഡിസംബറില്‍ 12 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടാണ് രാജ്യത്ത് നടന്നത്. ബുധനാഴ്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് കമ്മിറ്റി റൂപേ ഡെബിറ്റ് കാര്‍ഡ്/ബീം-യുപിഐ സേവനങ്ങള്‍ക്കായി 2,600 കോടി രൂപ അനുവദിച്ചിരുന്നു.