ഐപിഒ പേപ്പറുകള്‍ പുതുക്കി സമര്‍പ്പിക്കാനൊരുങ്ങി എല്‍ഐസി; പുതിയ വിവരങ്ങള്‍

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) പ്രഥമ ഓഹരി വില്‍പ്പനയ്ക്കായുള്ള പേപ്പറുകള്‍ സെബിക്ക് പുതുക്കി സമര്‍പ്പിക്കാനൊരുങ്ങുന്നു. 2022 സാമ്പത്തിക വര്‍ഷത്തിലെ ഫലങ്ങള്‍ അന്തിമമാക്കാന്‍ എല്‍ഐസി ഓഫ് ഇന്ത്യാ( Life Insurance Corporation (LIC)ബോര്‍ഡ് വാരാന്ത്യത്തില്‍ യോഗം ചേരാന്‍ ഇരിക്കെയാണ് പുതിയ വാര്‍ത്ത പുറത്തുവന്നത്.

അടുത്ത ആഴ്ച പകുതിയോടെ പുതുക്കിയ പബ്ലിക് ഓഫര്‍ ഡോക്യുമെന്റ് പുതുക്കി ഫയല്‍ ചെയ്യുമെന്ന് ഈ വിഷയത്തില്‍ പരിചയമുള്ള ആളുകള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. മെയ് 12 ഓടെയായിരിക്കും രാജ്യത്തെ ഏറ്റവും വലിയ ഐപിഒ യിലൂടെ ഓഹരിവിപണിയിലെത്തുന്ന കമ്പനിയുടെ ലിസ്റ്റിംഗ് എന്നാണ് വിവരം.

പ്രാഥമിക ഓഹരി വില്പനയ്ക്കായുള്ള (initial public offer (IPO) റോഡ് ഷോകള്‍ ഉടന്‍ ആരംഭിക്കുമെന്നും മാസാവസാനത്തോടെ ഇഷ്യു തുറക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ടുള്ള അസ്വസ്ഥതകള്‍ വിപണിയില്‍ നിലനില്‍ക്കുന്നതിനാലാണ് മാര്‍ച്ചില്‍ നടത്താനിരുന്ന ഐപിഒ പ്രധാനമായും വൈകാനിടയായതിനു പിന്നില്‍.

ഈ സാമ്പത്തിക വര്‍ഷം പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ സര്‍ക്കാര്‍ സമാഹരിക്കാനിരുന്ന 65,000 കോടി രൂപ എന്നത് എല്‍ഐസിയുടെ ഓഹരിവില്‍പ്പനയിലൂടെ കേന്ദ്രത്തിന് പരമാവധി സമാഹരിക്കാം. അതായത്, എല്‍ഐസിയുടെ ഉള്‍ച്ചേര്‍ത്ത മൂല്യം 5.4 ലക്ഷം കോടി രൂപയായി കണക്കാക്കുമ്പോള്‍, 5% ഓഹരി വില്‍പ്പനയിലൂടെ 60,000-70,000 കോടി രൂപ കേന്ദ്രത്തിലേക്കെത്തും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it