എല്‍ഐസി ഐപിഒ മെയ് 4 മുതല്‍ ?

എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) മെയ് 4ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. മെയ് 4 മുതല്‍ 9 വരെ ആയിരിക്കും ഐപിഒ നടക്കുക. ആങ്കര്‍ നിക്ഷേപകര്‍ക്ക് മെയ് 2 മുതല്‍ ഓഹരികള്‍ വാങ്ങാം. എന്നാല്‍ ഐപിഒ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും പുറത്തു വന്നിട്ടില്ല.

ഇന്ന് നടക്കുന്ന എല്‍ഐസി ബോര്‍ഡ് യോഗത്തിന് ശേഷം ഐപിഒ തീയതി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ക്ക് വ്യക്തത വന്നേക്കും. 3.5 ശതമാനം ഓഹരികളുടെ വില്‍പ്പനയിലൂടെ 21,000 കോടി രൂപയാണ് എല്‍ഐസി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 3.5 ശതമാനത്തിനൊപ്പം 1.5 ശതമാനം ഓഹരികള്‍ കൂടി അധികമായി വില്‍ക്കാനുള്ള സാധ്യതയും എല്‍ഐസി പരിഗണിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന തുക 30,000 കോടി രൂപയാവും.

6 ട്രില്യണ്‍ രൂപയായാണ് എല്‍ഐസിയുടെ മൂല്യം നിശ്ചയിച്ചിരിക്കുന്നത്. എല്‍ഐസിയുടെ എംബഡെഡ് വാല്യൂവായ (embedded value) 5.4 ട്രില്യണിന്റെ 1.1 ഇരട്ടി കണക്കാക്കിയാണ് വിപണി മൂല്യം നിശ്ചയിച്ചത്. ഇതുവരെ ലിസ്റ്റ് ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളുടെ ചരിത്രം പരിശോധിച്ചാല്‍ എംബഡെഡ് വാല്യൂവിന്റെ 2-3 ഇരട്ടിയാണ് സാധാരണ നിലയില്‍ മൂല്യം നിശ്ചയിക്കേണ്ടത്.

നേരത്തെ എല്‍ഐസിയുടെ 5 ശതമാനം ഓഹരികളിലൂടെ 63,000 കോടിയോളം രൂപ സമാഹരിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ വിപണി സാഹചര്യം പരിഗണിച്ച് ഐപിഒയുടെ വലുപ്പം കുറയ്ക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്കാണ് എല്‍ഐസി ഒരുങ്ങുന്നത്. 18,300 കോടി രൂപയുടെ പേയ്ടിഎം ഐപിഒയ്ക്കാണ് നിലവിലെ റെക്കോര്‍ഡ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it