മണപ്പുറം ഫിനാന്‍സിന് 261 കോടി രൂപ അറ്റാദായം

നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് 261.01 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 483.19 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ ആകെ ആസ്തി മൂല്യം 10 ശതമാനം വര്‍ധിച്ച് 30,407.13 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിത് 27,642.48 കോടി രൂപയായിരുന്നു. രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 28,421.63 കോടി രൂപയായിരുന്ന ആസ്തി മൂല്യത്തില്‍ 6.99 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത് .

സബ്സിഡിയറികള്‍ ഉള്‍പ്പെടാതെ ഉള്ള കമ്പനിയുടെ അറ്റാദായം 259.06 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 465.29 കോടി രൂപയായിരുന്നു. മൊത്ത പ്രവര്‍ത്തന വരുമാനം 1,484.45 കോടി രൂപയാണ്. മുന്‍ വര്‍ഷം ഈ കലായളവില്‍ 1,643.81 കോടി രൂപയായിരുന്നു. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0.75 രൂപ നിരക്കില്‍ ഡിവിഡന്‍റ് വിതരണം ചെയ്യാനും വെര്‍ച്വലായി ചേര്‍ന്ന കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.
മൂന്നാം പാദത്തില്‍ ഒമിക്രോണ്‍ വ്യാപനം മൂലമുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും ബിസിനസില്‍ ഉയര്‍ന്ന വളര്‍ച്ച നേടാന്‍ കഴിഞ്ഞു . പ്രധാന ബിസിനസ് ആയ സ്വര്‍ണ വായ്പയിലും, കൂടാതെ വാഹന, ഭവന വായ്പാ വിഭാഗങ്ങളിലും മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു'- മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍ പറഞ്ഞു.
മുന്‍ വര്‍ഷം 20,211.58 കോടി രൂപയായിരുന്ന സ്വര്‍ണ വായ്പാ പോര്‍ട്ട്ഫോളിയോ നേരിയ മാറ്റത്തോടെ 20,270.74 കോടി രൂപയിലെത്തി . രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 18,719.53 കോടി രൂപയില്‍ നിന്ന് 8.29 ശതമാനമെന്ന ശക്തമായ വളര്‍ച്ചയാണ് കൈവരിച്ചത്. 24.9 ലക്ഷത്തോളം സജീവ സ്വര്‍ണ വായ്പാ ഉപഭോക്താക്കളാണ് നിലവില്‍ കമ്പനിയിലുള്ളത് .
മണപ്പുറത്തിനു കീഴിലുള്ള ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന്‍റെ ആസ്തി മൂല്യം 32.34 ശതമാനം വര്‍ധിച്ച് 7,090.15 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷമിതു 5,357.71 കോടിയായിരുന്നു. 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1420 ശാഖകളുള്ള ആശീര്‍വാദ് മൈക്രോഫിനാന്‍സ് 25.9 ലക്ഷം ഉപഭോക്താക്കളുമായി ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ ബാങ്കിതര മൈക്രോഫിനാന്‍സ് കമ്പനിയാണ്.
ഭവനവായ്പാ സബ്സിഡിയറിയായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്‍റെ ആസ്തി 816.65 കോടി ( Q3 FY 21 633.44 കോടി ) രൂപയും വാഹന-ഉപകരണ വായ്പാ വിഭാഗത്തിന്‍റെ ആസ്തി 1509.67 കോടി ( (Q3 FY 21 988.04 കോടി ) രൂപയുമാണ്. കമ്പനിയുടെ മൊത്തം ആസ്തിയില്‍ 33 ശതമാനം സ്വര്‍ണ വായ്പാ ഇതര ബിസിനസുകളില്‍ നിന്നാണ്.
സബ്സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ ശരാശരി കടമെടുക്കല്‍ പലിശ നിരക്ക 47 ബേസിസ് പോയിന്‍റുകള്‍ കുറഞ്ഞു 7.47 ശതമാനമായി. മൊത്ത നിഷ്ക്രിയ ആസ്തി 1.36 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 1.03 ശതമാനവുമാണ്. 2021 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ സംയോജിത അറ്റ മൂല്യം 8160.37 കോടി രൂപയാണ്. ഓഹരിയുടെ ബുക്ക് വാല്യു 96.41 രൂപയും മൂലധന പര്യാപ്തതാ അനുപാതം 30.16 ശതമാനവുമാണ്.
2021 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 52.26 ലക്ഷം ഉപഭോക്താക്കള്ള കമ്പനിയില്‍, എല്ലാ സബ്സിഡിയറികളും ഉള്‍പ്പെടെയുള്ള കമ്പനിയുടെ സംയോജിത കടം 24,081.90 കോടി രൂപയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞു.

Related Articles
Next Story
Videos
Share it